പത്തനംതിട്ട കെഎസ്ആര്‍ടിസി ശബരിമല ഹബ് പ്രവര്‍ത്തനം ആരംഭിച്ചു
അയ്യപ്പഭക്തര്‍ക്ക് പരമാവധി സൗകര്യം ഏര്‍പ്പെടുത്തുകയാണ്
സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്
konnivartha.com : കോവിഡ്, പ്രളയം, ശക്തമായ മഴ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലും തീര്‍ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് പരമാവധി സൗകര്യം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബിന്റെ പ്രവര്‍ത്തന ഉദ്ഘാടനം പത്തനംതിട്ട-പമ്പ ചെയിന്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. മറ്റു ജില്ലകളില്‍ നിന്നും പത്തനംതിട്ട വഴി പമ്പയ്ക്ക് സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കും. ഈ ബസുകളില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബില്‍ രണ്ടു മണിക്കൂര്‍ സമയം വിശ്രമിക്കാന്‍ അവസരമുണ്ട്. തുടര്‍ന്ന് പത്തനംതിട്ട-പമ്പ കണക്ട് ബസുകളില്‍ യാത്ര ചെയ്യാനുമുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
പത്തനംതിട്ട കെഎസ്ആര്‍ടിസി ഹബില്‍ 24 മണിക്കൂറും യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കും. ദീര്‍ഘദൂര സ്ഥലങ്ങളില്‍നിന്ന് പത്തനംതിട്ട ഹബ് മുഖേന കെഎസ്ആര്‍ടിസി ബസില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് പമ്പ വരെയുള്ള യാത്രയ്ക്കായി ഒരു തവണ ടിക്കറ്റ് എടുത്താല്‍ മതിയാകും. അതേ ടിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്ക് ചെയിന്‍ സര്‍വീസിലും യാത്ര ചെയ്യാം. എന്നാല്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് വരുന്ന ബസുകളിലെ തീര്‍ഥാടകര്‍ക്ക് ആവശ്യമെങ്കില്‍ നേരിട്ട് അതേബസില്‍ തന്നെ പമ്പയിലേക്ക് പോകാന്‍ കഴിയും. ഹബില്‍നിന്ന് പമ്പയിലേക്ക് പോകുന്ന ബസുകള്‍ ഭക്ഷണത്തിനോ വിശ്രമത്തിനോ ആയി മറ്റെവിടെയും നിര്‍ത്തുകയില്ല. ആവശ്യമെങ്കില്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വീസുകളും പത്തനംതിട്ടയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യും.
ശബരിമല തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കുന്നതിനുള്ള വിശ്രമകേന്ദ്രം, ഇഎംഎസ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ മെഡിക്കല്‍ എയ്ഡ് പോസ്റ്റ്, കഫേ കുടുംബശ്രീ കെഎസ്ആര്‍ടിസി കാന്റീന്‍ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ശബരിമല ഹബിനോട് അനുബന്ധിച്ചുള്ള സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസും, ബസ് ടെര്‍മിനലിന്റെ മൂന്നാം നിലയില്‍ ഒരുക്കിയിട്ടുള്ള ഓഫീസ് റൂമും മന്ത്രി സന്ദര്‍ശിച്ചു. നൂറ് പേര്‍ക്ക് വിരിവയ്ക്കാനുള്ള സംവിധാനം രണ്ടാം നിലയിലെ വിശ്രമകേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അഭ്യര്‍ഥന പ്രകാരമാണ് പത്തനംതിട്ടയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനെ ശബരിമല ഹബ് ആയി മാറ്റുന്നതിന് ഗതാഗത മന്ത്രി ആന്റണി രാജു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
പത്തനംതിട്ട-പമ്പ ചെയിന്‍ സര്‍വീസുകള്‍ക്കായി 50 ബസുകള്‍ അധികമായി അനുവദിച്ചിട്ടുണ്ട്. തിരക്ക് കൂടുന്നത് അനുസരിച്ച് 65 ബസുകളാണ് മൊത്തത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനും ഹബിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും 10 ഇന്‍സ്‌പെക്ടര്‍മാര്‍, അഞ്ച് സ്റ്റേഷന്‍ മാസ്റ്റര്‍, മൂന്ന് ഗാര്‍ഡ് എന്നിവര്‍ അടങ്ങുന്ന ടീം പ്രവര്‍ത്തിക്കും. കൂടാതെ ഒരു മെക്കാനിക്കല്‍ വാനും ക്രമീകരിച്ചിട്ടുണ്ട്. ദീര്‍ഘദൂര ബസുകളിലെ ജീവനക്കാര്‍ക്ക് പത്തനംതിട്ടയില്‍ വിശ്രമിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു ദിവസമായി പത്തനംതിട്ടയില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ട്രയല്‍ റണ്‍ നടത്തി വരുകയായിരുന്നു.
ഇഎംഎസ് സഹകരണ ആശുപത്രി ചെയര്‍മാന്‍ പ്രൊഫ. ടി.കെ.ജി നായര്‍, കൗണ്‍സിലര്‍ സുമേഷ് ബാബു, എടിഒ ആര്‍. ഉദയകുമാര്‍, പമ്പ സ്പെഷ്യല്‍ എടിഒ അജിത്ത് കുമാര്‍, കെഎസ്ആര്‍ടിസി ജില്ലാ മെക്കാനിക്കല്‍ മാനേജര്‍ ആര്‍. ഹരികൃഷ്ണന്‍, പമ്പ നോഡല്‍ ഓഫീസര്‍ ജി.അജിത്ത് കുമാര്‍, കെഎസ്ആര്‍ടിസി ട്രേഡ് യൂണിയന്‍ നേതാക്കളായ ജി. ഗിരീഷ് കുമാര്‍, ആര്‍.അജി, പി.ആര്‍. സന്തോഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി നൗഷാദ് കണ്ണങ്കര, ഇഎംഎസ് സഹകരണ ആശുപത്രി സെക്രട്ടറി അലന്‍ മാത്യു, ഡോ.കെ.ജി. സുരേഷ്, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ടോള്‍ ഫ്രീ- 18005994011
ഫോണ്‍: 0468 2222366
കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7),
മൊബൈല്‍ – 9447071021
ലാന്‍ഡ്ലൈന്‍ – 0471-2463799
സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി – (24×7)
വാട്‌സാപ്പ് – 8129562972
ബഡ്ജറ്റ് ടൂറിസം സെല്‍
btc.keralartc.gov.in
വെബ്സൈറ്റ്: www.keralartc.com