പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : നിക്ഷേപകരെ വഞ്ചിച്ച കോന്നി വകയാര്‍ ആസ്ഥാനമായതും സംസ്ഥാനത്തിനകത്ത്‌ ബ്രാഞ്ചുകള്‍ ഉള്ള പോപ്പുലർ ഫിനാൻസിന്റെ സ്വത്തുവകകൾ പിടിച്ചെടുക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍മാര്‍ക്കും നിര്‍ദേശം . അനധികൃത നിക്ഷേപ പദ്ധതികൾ നിരോധിക്കൽ നിയമപ്രകാരം (ബാനിങ് ഓഫ് അൺ റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീം അക്ട് -ബഡ്‌സ് ആക്ട്) മുഴുവന്‍ സ്വത്തുക്കളും പിടിച്ചെടുക്കാൻ കളക്ടർമാർക്ക് നിർദേശം ലഭിച്ചു .കഴിഞ്ഞദിവസമാണ് സംസ്ഥാനസർക്കാർ ചട്ടം വിജ്ഞാപനം ചെയ്തത്.ഈ ചട്ടം അനുസരിച്ച് വസ്തുവകകൾ പിടിച്ചെടുക്കുന്ന ആദ്യ കേസാണിത്. ബഡ്‌സ് നിയമം അനുസരിച്ച് നിക്ഷേപത്തട്ടിപ്പുകാരിൽനിന്ന് പിടിച്ചെടുക്കുന്ന വസ്തുവകകൾ കോടതിവിധിയനുസരിച്ച് വിറ്റ് നിക്ഷേപകർക്ക് പണം നൽകാം. നിയമം നടപ്പാക്കാൻ സംസ്ഥാനത്തെ അതോറിറ്റിയായി ആഭ്യന്തരവകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗളിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതോറിറ്റിയുടെതീരുമാനപ്രകാരമാണ് ഉത്തരവ്.

ജില്ലകളിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതികളാണ് കേസുകൾ കൈകാര്യം ചെയ്യുക.പിടിച്ചെടുത്ത സ്വത്തുക്കൾ വിറ്റഴിക്കാൻ അതോറിറ്റി ഈ നിയമപ്രകാരം ചുമതലപ്പെടുത്തിയ പ്രത്യേക കോടതികളിൽ അപേക്ഷിക്കണം.സ്വത്ത് ഏറ്റെടുക്കുന്ന നടപടികൾ 30 ദിവസത്തിനകം പൂർത്തിയാക്കണം. കോടതികൾ 180 ദിവസത്തിനകവും തീരുമാനമെടുത്തിരിക്കണം. അനധികൃതമായി നിക്ഷേപം സ്വീകരിച്ച പ്രതികൾക്ക് ഏഴുവർഷംവരെയും നിക്ഷേപം തിരികെ നൽകിയില്ലെങ്കിൽ പത്തുവർഷംവരെയും തടവുശിക്ഷ ലഭിക്കാം.

പോപ്പുലർ ഫിനാൻസിനെതിരേയുള്ള നടപടികൾ ബഡ്‌സ് നിയമപ്രകാരമാകണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിന് വിധേയരായ നിക്ഷേപകരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു.കഴിഞ്ഞവർഷം നവംബറിൽ കോടതി ഈ ആവശ്യം അംഗീകരിച്ചു. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനസർക്കാർ ഉത്തരവ്.പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിനെക്കുറിച്ചുള്ള അന്വേഷണം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സംസ്ഥാനസർക്കാർ സി.ബി.ഐ.ക്ക്‌ വിട്ടിരുന്നു.നിക്ഷേപകരുടെ പണം തിരികെ നൽകാത്തതിന് പത്തനംതിട്ട കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലർ ഫിനാൻസിനെതിരേ 1365 കേസുകളാണുള്ളത്. ഉടമ തോമസ് ഡാനിയേലും ഭാര്യ പ്രഭാ ഡാനിയേലുംമൂന്നുമക്കളും കേസിൽ അറസ്റ്റിലായിരുന്നു

വകയാറിലെ പോപ്പുലര്‍ ആസ്ഥാനവും സമീപത്തെ വീടും വസ്തുവും അതിനു മുന്നില്‍ ഉള്ള ബഹുനില കെട്ടിടവും ഏക്കര്‍ കണക്കിന് റബര്‍ തോട്ടവും , 16വാഹനം ,കൊച്ചി തിരുവനന്തപുരം എന്നിവിടെ ഉള്ള ഫ്ലാറ്റുകള്‍ , അന്യ സംസ്ഥാനത്തുള്ള ഫ്ലാറ്റ് വസ്തുക്കള്‍ എന്നിവയും നിയമപരമായി ഏറ്റെടുക്കും .
വകയാര്‍ പോപ്പുലര്‍ ആസ്ഥാന മന്ദിരവും വകയാറിലെ വീടിനും സ്ഥലത്തിനും കോടികള്‍ വിലവരും .

നിലവില്‍ 1365 കേസുകള്‍ ആണ് ഇതുവരെ പോലീസ് എടുത്തിട്ടുള്ളത് . കോടികള്‍ നിക്ഷേപിച്ച പലരും ഇതുവരെ പരാതി കൊടുത്തിട്ടില്ല . മുഴുവന്‍ ബാങ്കിലെയും ഇടപാടുകള്‍ മരവിപ്പിച്ചിട്ടുണ്ട് . ഇതില്‍ ഉള്ള പണവും നിയമം അനുസരിച്ച് ഏറ്റെടുക്കേണ്ടി വരും . ഏറെ നാളത്തെ നിയമ പോരാട്ടത്തിനു ഒടുവില്‍ ആശ്വാസകരമായ നടപടികള്‍ ആണ് നിക്ഷേപര്‍ക്ക് മുന്നില്‍ എത്തുന്നത്‌ .

error: Content is protected !!