കര്‍ഷക തിരിച്ചറിയല്‍ രേഖയുമായി മൃഗസംരക്ഷണ വകുപ്പ്

വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ മൃഗസംരക്ഷണ മേഖലയുടെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കുന്നതിനായി കര്‍ഷകരുടെ സമഗ്ര വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിച്ച് സൂക്ഷിക്കുന്നതിനുള്ള പദ്ധതി മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ നടപ്പാക്കി. പദ്ധതിയിന്‍കീഴില്‍ പശുക്കള്‍ക്കും കിടാങ്ങള്‍ക്കും ചെവിയില്‍ ടാഗ് ഘടിപ്പിക്കുകയും മൃഗങ്ങളുടെ ചികിത്സ, പ്രജനന വിവരങ്ങള്‍, കര്‍ഷകര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ തുടങ്ങിയ കൃത്യമായി രേഖപ്പെടുത്തുന്നതിന് സംവിധാനമൊരുക്കുകയും ചെയ്തു. കര്‍ഷകരുടെ തിരിച്ചറിയല്‍ രേഖകളെ ആധാര്‍ നമ്പരുമായി ബന്ധപ്പെടുത്തി. കര്‍ഷക രജിസ്‌ട്രേഷനിലൂടെ ലഭിച്ച വിവരങ്ങളാണ് കന്നുകുട്ടി പരിപാലന പദ്ധതി, ജനകീയാസൂത്രണ പദ്ധതി തുടങ്ങിയവയുടെ ഗുണഭോക്തൃ തിരഞ്ഞെടുപ്പുകള്‍ക്ക് ഇപ്പോള്‍ ഉപയോഗിക്കുന്നത്. കര്‍ഷക രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ പഞ്ചായത്തുകളില്‍ എല്ലാ കര്‍ഷകര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി. തിരിച്ചറിയല്‍ കാര്‍ഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരിയില്‍ ഓമല്ലൂരില്‍ വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിച്ചു. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ കര്‍ഷകരുടെയും വീടുകളിലെത്തി കര്‍ഷകരുടെ ഫോട്ടോ എടുക്കുകയും വീടുകളുടെ സ്ഥാനം അക്ഷാംശ രേഖാംശ വിവരങ്ങളോ കമ്പ്യൂട്ടര്‍ മാപ്പില്‍ അടയാളപ്പെടുത്തുകയും ചെയ്തുവരുന്നു. പക്ഷിപ്പനി പോലെയുള്ള സാംക്രമിക രോഗങ്ങളെ നിയന്ത്രിക്കുന്നതിലും പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിവാരണ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനും ഈ വിവരങ്ങള്‍ ഏറെ പ്രയോജനപ്പെടും.
ഓമല്ലൂര്‍ പഞ്ചായത്തില്‍ ജി.ഐ.എസ് ബെയ്‌സ്ഡ് ഡിസീസ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. ആറന്മുള, വെച്ചൂച്ചിറ, അയിരൂര്‍ പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ ആനിമല്‍ വെല്‍ഫയര്‍ ക്ലബുകള്‍ രൂപീകരിച്ചു. കുട്ടികളില്‍ പക്ഷിമൃഗാദികളോട് സഹാനുഭൂതി വളര്‍ത്തുക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക തുടങ്ങിയവയാണ് ആനിമല്‍ വെല്‍ഫെയര്‍ ക്ലബുകളിലൂടെ ലക്ഷ്യമിടുന്നത്. രാത്രികാല മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിനായി കോയിപ്രം, റാന്നി, കോന്നി, പറക്കോട്, പന്തളം എന്നീ ബ്ലോക്കുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍മാരെ നിയമിച്ചു. വൈകിട്ട് ആറു മുതല്‍ രാവിലെ ആറുവരെ ഈ വെറ്ററിനറി സര്‍ജന്മാരുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ജില്ലയിലെ 50 വനിതകള്‍ക്ക് യൂണിറ്റിന് 10.6 ലക്ഷം രൂപ ആടുവളര്‍ത്തല്‍ പദ്ധതി പ്രകാരം നല്‍കുന്നതിനും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മൃഗസംരക്ഷണ വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. എലിസബത്ത് ഡാനിയേല്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!