Trending Now

എന്തു ചോദിച്ചാലും ചട്ടം 65: സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നതെങ്ങനെ…?

എന്തു ചോദിച്ചാലും ചട്ടം 65: സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നതെങ്ങനെ…?

സീതത്തോട് സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടിന്റെ ഉത്തരവാദിത്തം കെയു ജനീഷ്‌കുമാര്‍ എംഎല്‍എയ്ക്കും അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കുമാണെന്ന് കാട്ടി സസ്പെന്‍ഷനിലായ സെക്രട്ടറി കെയു ജോസ് മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തു വന്നതോടെ മുഖം രക്ഷിക്കാന്‍ വേണ്ടി ബാങ്ക് ഭരണ സമിതി പത്ര സമ്മേളനം വിളിച്ച് ചേര്‍ത്തു . വെട്ടിലായി.

 

കുറ്റം മുഴുവന്‍ ജോസിന്റെ തലയില്‍ കെട്ടി വയ്ക്കാന്‍ വേണ്ടി എംഎല്‍എയുടെ നിര്‍ദേശ പ്രകാരം പ്രസ് ക്ലബില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ ബാങ്ക് പ്രസിഡന്റും സിപിഎം നേതാക്കളും വിയര്‍ത്തു.

സഹകരണ വകുപ്പിന്റെ ചട്ടം 65 പ്രകാരമുള്ള അന്വേഷണ റിപ്പോര്‍ട്ട് എന്നൊരു പല്ലവി ആവര്‍ത്തിക്കാനേ ഇവര്‍ക്ക് കഴിഞ്ഞുള്ളു. മാധ്യമ പ്രവര്‍ത്തകരുടെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങള്‍ ചട്ടം 65 പരിചയാക്കി തടുക്കാനുള്ള ശ്രമമാണ് നടന്നത്.

2012-18 കാലഘട്ടത്തില്‍ നടന്ന ക്രമക്കേടില്‍ മുന്‍ സെക്രട്ടറി എന്‍. സുഭാഷും അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ജോസും കുറ്റക്കാരാണെന്നാണ് പറയുന്നത്.
സുഭാഷും ജോസും ചേര്‍ന്ന് 1,62,8900 രൂപയുടെ തിരിമറിയാണ് നടത്തിയത്. 1,40,49,235 രൂപയാണ് ജോസ് അപഹരിച്ചതായി കണ്ടെത്തിയിട്ടുള്ളത്. മുന്‍ സെക്രട്ടറി എന്‍. സുഭാഷ് 1564000 രൂപ തിരിച്ചടച്ചു. 2019 മേയ് മാസമാണ് സുഭാഷ് വിരമിച്ചത്. ഈ സമയം കുറവു വന്ന പണം അദ്ദേഹം അത് തിരിച്ചടച്ചു. അതു കൊണ്ടാണ് സുഭാഷിനെതിരേ നടപടിയില്ലാത്തത് എന്നാണ് ഭരണ സമിതി അംഗങ്ങള്‍ പറയുന്നത്.

മോഷണം നടത്തിയ ആള്‍ മോഷ്ടാവല്ലേ, നിങ്ങള്‍ എന്തു കൊണ്ട് സുഭാഷിന്റെ പേരില്‍ പൊലീസില്‍ പരാതി നല്‍കിയില്ല. എസ്പിക്ക് നല്‍കിയിരിക്കുന്ന പരാതി ഇപ്പോഴത്തെ സെക്രട്ടറി ജോസിന്റെ പേരിലല്ലേ എന്നും ചോദ്യം ഉയര്‍ന്നു.

ബാങ്ക് ഗാര്‍ഹികാന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ചട്ടം 67 പ്രകാരം സഹകരണ വകുപ്പിന്റെ മറ്റൊരു അന്വേഷണം കൂടി നടക്കുന്നുണ്ടെന്നും ഭരണ സമിതി പ്രസിഡന്റ് ടിഎ നിവാസ് പറഞ്ഞു.

ഈ അന്വേഷണത്തില്‍ സുഭാഷോ അന്നത്തെ ബാങ്ക് പ്രസിഡന്റോ കുറ്റക്കാരനാണെന്ന് കണ്ടാല്‍ നിയമ നടപടിയുണ്ടാകുമെന്നും പറയുന്നു. തട്ടിപ്പ് നടന്ന ഏഴു വര്‍ഷം ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി, മറ്റു ജീവനക്കാര്‍, ഓഡിറ്റിങ് ടീം, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ എന്തു ചെയ്യുകയായിരുന്നുവെന്ന ചോദ്യത്തിനും മറുപടിയായി പറഞ്ഞത് ചട്ടം 65.

ജോസ് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേക്കാണ് പണം വകമാറ്റിയത്. 1.56 കോടി രൂപ തിരിച്ചടച്ചുവെന്ന് ജോസ് രേഖ ഹാജരാക്കിയിരുന്നു. എന്നാല്‍, പണം അടയ്ക്കാതെ വ്യാജ രസീത് നല്‍കുകയായിരുന്നു ജോസെന്ന് കണ്ടെത്തിയെന്നും പ്രസിഡന്റ് ടിഎ നിവാസ്, സിപിഎം പെരുനാട് ഏരിയാ കമ്മറ്റിയംഗങ്ങളായ പിആര്‍ പ്രമോദ്, ജോബി ടി. ഈശോ, ജില്ലാ പഞ്ചായത്തംഗം ലേഖാ സുരേഷ്, സി.പി.എം സീതത്തോട് ലോക്കല്‍ സെക്രട്ടറി കെ.കെ. മോഹനന്‍ എന്നിവര്‍ പറഞ്ഞു.

 

ജോസ് തിരിമറി നടത്തിയതിന് തെളിവുകളുണ്ടെന്നും സ്വീകരിച്ചിട്ടുള്ള നടപടികള്‍ നിയമാനുസൃതമാണെന്നും
സഹകരണ വകുപ്പിന്റെ ചട്ടം 65 പ്രകാരം നടത്തിയ പരിശോധനയില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തതെന്നും നേതാക്കള്‍ പറഞ്ഞു.

പണം തിരിമറി നടത്തിയതിന് ജോസിനെതിരേ നടപടി ആവശ്യപ്പെട്ട് ഭരണ സമിതി പരാതി നല്‍കിയിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയപ്പോള്‍ തന്നെ ജോസിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയിരുന്നു. സസ്പെന്‍ഷന്‍ കൂടി വന്നതോടെ പാര്‍ട്ടിയെയും ബാങ്ക് ഭരണ സമിതിയെയും കരിവാരിത്തേക്കാന്‍ ജോസ് ശ്രമിക്കുകയാണ്. ജനീഷ്‌കുമാര്‍ എംഎല്‍എയ്ക്കും പാര്‍ട്ടിയുടെ നേതാക്കള്‍ക്കുമെതിരേ അടിസ്ഥാന രഹിതമായ ആരോപണമാണ് ഇദ്ദേഹം ഉന്നയിക്കുന്നത്. ട്രാന്‍സ്ഫര്‍ എന്‍ട്രി മുഖേനെയാണ് തട്ടിപ്പ് നടന്നത്. ഈ വിവരം കാഷ്യര്‍ അറിഞ്ഞിട്ടില്ല.

 

ഓഡിറ്റിങ്ങിലും കണ്ടെത്താന്‍ പ്രയാസമാണ്. തട്ടിപ്പ് നടന്ന വിവരം ഭരണ സമിതിക്ക് കണ്ടെത്താന്‍ കഴിയാതെ പോയതും ഇതു കൊണ്ടാണ്. ബാങ്കിന്റെ ഇന്റേണല്‍ ഓഡിറ്റര്‍ കൂടിയായിരുന്നു ജോസ്. ഇതു കാരണം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പണം നഷ്ടമായ വിവരം വന്നില്ല.

എക്സ്റ്റേണല്‍ ഓഡിറ്റര്‍മാര്‍ക്കും ഈ വിവരം കിട്ടിയില്ല. ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് വന്ന ടീം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. തട്ടിപ്പ് നടത്തിയതിന് ശേഷം കോണ്‍ഗ്രസുകാര്‍ക്കൊപ്പം ചേര്‍ന്ന് ബാങ്കിനും നേതാക്കള്‍ക്കുമെതിരേ ജോസ് കുപ്രചാരണം നടത്തുകയാണ്.

 

വിവാദം സൃഷ്ടിച്ച്‌ അന്വേഷണം വഴി തിരിച്ചു വിടുന്നതിന് വേണ്ടിയാണ് എംഎല്‍എയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്നും നേതാക്കള്‍ പറഞ്ഞു.

ക്രമക്കേട് നടക്കുന്ന സമയത്ത് ബാങ്കിന്റെ ആങ്ങമൂഴി ശാഖാ മാനേജര്‍ ആയിരുന്നു ജോസ്. തന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് താന്‍ അറിയാതെ പണം വകമാറ്റുകയും എംഎല്‍എയും സംഘവും പിന്നീട് അത് പിന്‍വലിക്കുകയും ആയിരുന്നുവെന്നാണ് ജോസ് പറയുന്നത്.
കാലാകാലങ്ങളില്‍ നടന്ന തട്ടിപ്പിന്റെ ചെറിയൊരു കണിക പോലും ഭരണ സമിതിക്കോ ജീവനക്കാര്‍ക്കോ കണ്ടെത്താന്‍ കഴിയാതിരുന്നത് എന്തെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ഭരണ സമിതിക്ക് കഴിഞ്ഞതുമില്ല.

 

പുകമറ സൃഷ്ടിച്ച് തട്ടിപ്പുകേസിലെ പ്രതിയെ സംരക്ഷിക്കുന്ന കോണ്‍ഗ്രസ്സ് നിലപാട് അപലപനീയം: -കെ.പി. ഉദയഭാനു


പത്തനംതിട്ട: സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ തട്ടിപ്പ് നടത്തിയ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്ന് സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പ്രസ്താവനയില്‍ പറഞ്ഞു. 2013 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇന്‍റേണല്‍ ഓഡിറ്ററും, അസിസ്റ്റന്‍റ് സെക്രട്ടറിയും, സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച കെ.യു.ജോസ് എന്ന ജീവനക്കാരന്‍ തന്‍റെ ഭാര്യയുടേയും മക്കളുടേയും മറ്റു ബന്ധുക്കളുടെയും പേരിലുള്ള അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് 1,40,49,325/- രൂപയുടെ തട്ടിപ്പ് നടത്തിയത്.

 

കേവലം എട്ട് ഇടപാടുകളാണ് ഇതിനായി പ്രതി ഉപയോഗിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയത്. തന്‍റെ തട്ടിപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി മനസ്സിലാക്കിയ പ്രതി 2020 ഒക്ടോബര്‍ 15 ന് തുക തിരിച്ചടച്ചാതായ രേഖ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

 

എന്നാല്‍ ഈ പണം ബാങ്കില്‍ എത്തിയിട്ടില്ല എന്ന് ഭരണസമിതിയ്ക്ക് പരിശോധനയില്‍ ബോധ്യപ്പെടുകയും, ഇതു സംബന്ധിച്ച് പരിശോധിക്കണെന്ന് യൂണിറ്റ് ഇന്‍സ്പെക്ടറോട് ആവശ്യപ്പെടുകയും ചെയ്തു. യൂണിറ്റ് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയില്‍ പ്രതിയുടെ മകളുടെ 8302 നമ്പര്‍ എസ്.ബി. അക്കൗണ്ടില്‍ നാല് ഇടപാടുകളിലായി 12.10.2020-ല്‍ 1,40,50,000/- രൂപ നിക്ഷേപിച്ചതായി കൃത്യമ രേഖ ഉണ്ടാക്കിയതായും, ടി. തുകയാണ് പിന്‍വലിച്ച് തട്ടിപ്പ് പണത്തിന്‍റെ തിരിച്ചടവ് നടത്തിയിരിക്കുന്നതെന്നും കണ്ടെത്തി.
സഹകരണ വകുപ്പ് അന്വേഷണം നടത്തി ഈ വിവരങ്ങളെല്ലാം ഔദ്യോഗികമായി 2021 ആഗസ്റ്റ് 10 നാണ് ബാങ്ക് ഭരണസമിതിയെ അറിയിച്ചത്. ഭരണസമിതി റിപ്പോര്‍ട്ട് കിട്ടിയ ദിവസംതന്നെ ജോസിനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും, ഔദ്യോഗിക നടപടികള്‍ പൂര്‍ത്തീകരിച്ച് 2021 സെപ്റ്റംബര്‍ 3 ന് ജോസിനെ സസ്പെന്‍റ് ചെയ്യുകയും, പോലീസില്‍ പരാതി നല്കുകയും ചെയ്തു.

 

 

ചിറ്റാര്‍ പോലീസ് 582/2021 നമ്പര്‍ കേസ്സെടുത്ത് അന്വേഷണം നടത്തി വരുന്നു. സഹകരണ വകുപ്പ് 65-ാം വകുപ്പുപ്രകാരമുള്ള അന്വേഷണം പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ 68-ാം വകുപ്പു പ്രകാരമുള്ള അന്വേഷണവും നടത്തുന്നു. തട്ടിപ്പു നടത്തിയ ആളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള എല്ലാ നടപടിയും സര്‍ക്കാരും, ഭരണസമിതിയും സ്വീകരിച്ചു എന്നത് ഇതില്‍ നിന്നും ബോധ്യമാണ്.
തട്ടിപ്പു നടത്തിയ പ്രതി സി.പി.ഐ.(എം) പ്രവര്‍ത്തകനായിരുന്നു. തട്ടിപ്പുവിവരം മനസ്സിലാക്കി കര്‍ശന നടപടിയിലേക്കു പാര്‍ട്ടി കടക്കുന്നു എന്ന് പ്രതിക്ക് മനസ്സിലായപ്പോള്‍ കോണ്‍ഗ്രസ്സുമായി ബന്ധം സ്ഥാപിക്കുകയാണ് ചെയ്തത്. സി.പി.ഐ.(എം) പുറത്താക്കിയ പ്രതി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും, അസംബ്ലി തെരഞ്ഞെടുപ്പിലും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ക്കായി രംഗത്തുണ്ടായിരുന്നു.

 

നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഭരണമാറ്റമുണ്ടാകുമെന്നും, കേസ്സില്‍ സംരക്ഷിക്കാമെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ നല്കിയ ഉറപ്പുമൂലമാണ് പ്രതി യു.ഡി.എഫ്. അനുകൂല നിലപാടുമായി രംഗത്തുവരാന്‍ കാരണം.
കുറ്റക്കാരനായ പ്രതിക്കെതിരെ പാര്‍ട്ടിയും. ഭരണസമിതിയും, എം.എല്‍.എ.യും കര്‍ശനമായ നിലപാടാണ് സ്വീകരിച്ചത്. ഇവരുടെ കര്‍ശന നിലപാടുകള്‍ തനിക്ക് ശിക്ഷ ഉറപ്പാക്കാന്‍ കാരണമാകുമെന്ന് മനസ്സിലാക്കിയ പ്രതി യു.ഡി.എഫ്. സഹായത്തോടെ സി.പി.ഐ.(എം)നും, എം.എല്‍.എ.യ്ക്കുമെതിരെ ആക്ഷേപമുയര്‍ത്തി പുകമറ സൃഷ്ടിച്ച് രക്ഷപെടാന്‍ ശ്രമിക്കുകയാണ്. കേസ്സിനെ ദുര്‍ബലപ്പെടുത്തി പ്രതിയെ രക്ഷിക്കാനുളള കോണ്‍ഗ്രസ്സ് ശ്രമം അപലപനീയമാണെന്നും സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി പറഞ്ഞു.
ചുരുങ്ങിയ കാലയളവിനുള്ളില്‍ ജനകീയ എം.എല്‍.എ.യായി മാറിയ കെ.യു. ജനീഷ്കുമാറിനെ അപകീര്‍ത്തിപ്പെടുത്താനുള്ള കോണ്‍ഗ്രസ്സ് ശ്രമം ജനങ്ങള്‍ പരമപുച്ചത്തോടെ തള്ളിക്കളുയുമെന്നും, 20 കോടി നിക്ഷേപവും 24 കോടി വായ്പാബാക്കിനില്പും, 10 കോടിയില്‍പരം രൂപയുടെ മറ്റ് ആസ്തിവകയുമുള്ള ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമത്തില്‍നിന്ന് കോണ്‍ഗ്രസ്സ് പിന്‍തിരിയണമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

സീതത്തോട്സഹകരണബാങ്ക് അഴിമതി കോന്നി എം എല്‍ എ രാജിവെക്കുക: കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി 

 

സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ അഴിമതിക്ക് നേതൃത്വം നൽകിയെന്ന് മുൻ ബാങ്ക് സെക്രട്ടറി വെളിപ്പെടുത്തിയ കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ രാജിവെക്കണമെന്ന് കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസ്താവനയിലൂടെആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ സമ്മർദ്ദത്തിൽ ആയ സിപിഎം ജില്ലാ നേതൃത്വം കോന്നി എംഎൽഎയും സിപിഎം പ്രാദേശിക നേതാക്കന്മാരെയും രക്ഷിക്കുവാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് കോൺഗ്രസിനെതിരെ ആരോപണമുന്നയിക്കുന്നത് എന്ന് ബ്ലോക്ക് കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ് എസ്സ്.സന്തോഷ് കുമാർ പറഞ്ഞു.

അഴിമതിയിൽ പങ്കുചേർന്ന് മുഴുവൻ നേതാക്കന്മാരെയും ഉദ്യോഗസ്ഥരെയും ശിക്ഷിക്കണംഎന്നാണ് കോൺഗ്രസിന്റെ നിലപാട്. സഹകരണമേഖലയെ തച്ചുതകർത്ത്,സാധാരണക്കാരുടെ സാമ്പത്തിക ആശ്രയമായ ബാങ്കിനെ കൊള്ളയടിക്കുകയും അത് പുറത്തു വരുമ്പോൾ പ്രതികളെ സംരക്ഷിക്കുന്ന നിലപാടുകളും ആയിട്ടാണ് സിപിഎം ജില്ലാനേതൃത്വം മുന്നോട്ടുവരുന്നത്.

ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടും, ആരോപണവിധേയനായ എംഎൽഎ കെ ജനീഷ് കുമാർ രാജി വെക്കണം എന്നാവശ്യപ്പെട്ടും ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൻ്റെതീരുമാനം.