പത്തനംതിട്ട തറയിൽ ഫിനാൻസ് തട്ടിപ്പ്; ഉടമ സജി സാം കീഴടങ്ങി
കോന്നി വാര്‍ത്ത ഡോട്ട് കോം :ഓമല്ലൂര്‍ തറയില്‍ ബാങ്കേഴ്സ് ഉടമ സജി സാം പോലീസിന് കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ് കുമാറിന് മുന്നിലാണ് സജി സാം കീഴടങ്ങിയത്. നിക്ഷേപകരുടെ പണം വെട്ടിപ്പു നടത്തി മുങ്ങിയ സജി സാമിനെതിരെ പത്തനംതിട്ട, അടൂര്‍, പത്തനാപുരം പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്.
ചോദ്യം ചെയ്യലിനായി സജി സാമിനെ പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി. പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനീഷ്‌ലാലിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. തട്ടിപ്പിന്റെ എല്ലാ വിവരങ്ങളും കണ്ടെത്തുമെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി പറഞ്ഞു. അന്വേഷണസംഘത്തില്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ്.ഐ സണ്ണി, എ.എസ.്ഐ സവിരാജന്‍ തുടങ്ങിയവരാണുള്ളത്.
1992 ലാണ് തറയില്‍ ബാങ്കേഴ്സ് ആരംഭിച്ചത്. സജി സാമിന്റെ പിതാവാണു സ്ഥാപനം തുടങ്ങിയത്. സ്വര്‍ണപ്പണയ വായ്പകളിന്മേല്‍ പണം കൊടുക്കാനുള്ള ലൈസന്‍സ് മാത്രമാണ് അന്നുണ്ടായിരുന്നത്. ഇതിന്റെ മറവില്‍ തുടര്‍ന്ന് നിക്ഷേപങ്ങള്‍ സ്വീകരിച്ചുതുടങ്ങി. സജി സാമിന്റെ മാതാപിതാക്കളായിരുന്നു പാര്‍ട്ണര്‍മാര്‍. ഇവരുടെ മരണശേഷം, സജി ഭാര്യയെ കൂടി പാര്‍ട്ണറാക്കി. തുടര്‍ന്നു പലയിടത്തായി മൂന്നു സ്ഥാപനങ്ങള്‍ കൂടി ആരംഭിച്ചു. കൂടാതെ പെട്രോള്‍ പമ്പും തുടങ്ങി.
ചെറുതും വലുതുമായ തുകകള്‍ ഡെപ്പോസിറ്റുകളായി സ്വീകരിക്കുകയും, വന്‍തോതില്‍ പണ സമ്പാദിക്കുകയും ചെയ്ത സജി ഒടുവില്‍ നിക്ഷേപകരെ പറ്റിച്ച് മുങ്ങുകയായിരുന്നു. തുടര്‍ന്ന് നിക്ഷേപകര്‍ പരാതിയുമായി പോലീസിനെ സമീപിച്ചു.
പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ മാത്രം 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ തട്ടിപ്പിനെപ്പറ്റിയും തുകയെപ്പറ്റിയും വ്യക്തമായ വിവരം ലഭിക്കുകയുള്ളൂ എന്നും, അടൂര്‍ പോലീസ് സ്റ്റേഷനില്‍ 24 കേസുകള്‍ എടുത്തിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.