പത്തനംതിട്ട ജില്ലയിലെ 716 ബൂത്തുകളില്‍ ജില്ലാതെരഞ്ഞടുപ്പ്് ഓഫീസറും ജില്ലാകളക്ടറുമായ ഡോ.നരസിംഹുഗാരി ടി.എല്‍.റെഡ്ഡിയുടെ നേതൃത്വത്തില്‍ സംസ്ഥാന ഐ.ടി.മിഷന്‍ -അക്ഷയ മുഖേന ഏര്‍പ്പെടുത്തിയ നിയമസഭാ തെരഞ്ഞെടുപ്പ് തത്സമയ സംപ്രേഷണം ഏറെ ഫലപ്രദമായി.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 93 അക്ഷയ കേന്ദ്ര സംരംഭകരും ബന്ധപ്പെട്ട ജീവനക്കാരും ചേര്‍ന്ന് പ്രശ്ന സാധ്യത ബൂത്തുകളില്‍ ഉള്‍പ്പെടെ 716 ബൂത്തുകളില്‍ സുസജ്ജവും വിപുലവുമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഓരോ വോട്ടറും വോട്ട് ചെയ്യാന്‍ എത്തുന്നതും വോട്ട് ചെയ്തതിനുശേഷം തിരിച്ചിറങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ വെബ്ക്യാമറയിലൂടെ വ്യക്തമായി ചിത്രീകരിച്ച് കളക്ടറേറ്റില്‍ ഒരുക്കിയ കണ്‍ട്രോള്‍ റൂം മുഖേന ജില്ലാ കളക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ബൂത്തുകളിലെ വോട്ടെടുപ്പ് നടപടികള്‍ നിരീക്ഷിക്കുകയും തത്സമയം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
കളളവോട്ട് ഉള്‍പ്പെടെയുളള പ്രശ്നങ്ങള്‍ ഒഴിവാക്കി വോട്ടെടുപ്പ് സുഗമവും സുതാര്യവുമാക്കുന്നതിന് വെബ് കാസ്റ്റിംഗ് സഹായകരമായി.
ജില്ലാ ഇ-ഗവേണന്‍സ് പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസിന്റെ നേതൃത്വത്തിലുളള അക്ഷയ ജീവനക്കാരും സംരംഭകരും ഓപ്പറേറ്റര്‍മാരുമടങ്ങിയ ടീമിന്റെ കര്‍മ്മനിരതമായ പ്രവര്‍ത്തനം വെബ്കാസ്റ്റിംഗ് സംവിധാനം പൂര്‍ണ വിജയത്തിലെത്തിക്കാന്‍ സാധിച്ചു. പ്രശ്ന ബാധിതവും പ്രത്യേക ശ്രദ്ധ ആവശ്യമായിട്ടുമുളളതുമായ 716 ബൂത്തുകളിലെ വെബ് കാസ്റ്റിംഗിന്റെ വിജയത്തിനായി ദിവസങ്ങള്‍ നീണ്ടുനിന്ന പരിശീലനങ്ങളിലൂടെയും പ്രയത്നങ്ങളിലൂടെയും മികവു തെളിയിച്ച അക്ഷയ ടീം കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമായി.
ജില്ലാ ഭരണകൂടം, ഐ.ടി മിഷന്‍-അക്ഷയ, ജില്ലാ ഐ.ടി സെല്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസ്, കെല്‍ട്രോണ്‍, ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി എന്നിവയുടെ മികവുറ്റ ഏകോപനത്തോടെ സജ്ജീകരിച്ച തെരഞ്ഞെടുപ്പ് തത്സമയ സംപ്രേഷണ സംവിധാനത്തിലൂടെ വോട്ടെടുപ്പ് നടപടിക്രമങ്ങളുടെ തത്സമയ സപ്രേഷണം തടസമില്ലാതെ നടത്തുന്നതിന് വഴിയൊരുങ്ങി.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ചന്ദ്രശേഖരന്‍ നായര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ജിജി ജോര്‍ജ്, ജില്ലാ ഐ.ടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അജിത്ത് ശ്രീനിവാസ്, ബി.എസ്.എന്‍.എല്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ പിങ്കി.എസ്.ജോണ്‍, കെ.എസ്.ഇ.ബി സി.ഇ.ഒ സണ്ണി ജോണ്‍, അക്ഷയ അസിസ്റ്റന്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എസ്.ഷിനു തുടങ്ങിയവര്‍ വെബ് കാസ്റ്റിംഗ് സംവിധാനത്തിന് നേതൃത്വം നല്‍കി.
നിയമസഭാ തെരഞ്ഞെടുപ്പ്:
വിവരങ്ങള്‍ കൃത്യമായി നല്‍കി
പോള്‍ മാനേജര്‍ ആപ്പ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവരങ്ങള്‍ കൃത്യമായി നല്‍കി താരമായി പോള്‍ മാനേജര്‍ ആപ്പ്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ തയ്യാറാക്കിയ പോള്‍ മാനേജര്‍ ആപ്പാണ് തത്സമയം പോളിംഗ് ബൂത്തുകളില്‍ നിന്നുള്ള വിവരങ്ങള്‍ പത്തനംതിട്ട കളക്ടറേറ്റില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമില്‍ നല്‍കിയത്. ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തിലേക്ക് പുറപ്പെട്ടതു മുതലുള്ള വിവരങ്ങളാണ് ആപ്പ് തത്സമയം നല്കിയത്. പോള്‍ മാനേജര്‍ ആപ്പ് മോക്‌പോള്‍ ആരംഭിച്ച സമയം, രാവിലെ ഏഴിന് പോളിംഗ് തുടങ്ങിയതു മുതലുള്ള വിവരങ്ങള്‍ ബൂത്ത് ക്രമത്തില്‍ അപ്പ്‌ഡേറ്റ് ചെയ്തു.
ജില്ലാതലത്തിലും നിയോജക മണ്ഡലാടിസ്ഥാനത്തിലും ഓരോ മണിക്കൂറിലും വോട്ട് ചെയ്തവരുടെ എണ്ണം, പോളിംഗ് ശതമാനം, ആകെ വോട്ട് ചെയ്ത പുരുഷന്‍മാര്‍, സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങിയ വിവരങ്ങളും ഏതൊക്കെ ബൂത്തുകളിലാണ് വൈകുന്നേരം ഏഴ് മണി കഴിഞ്ഞും പോളിംഗ് തുടരുന്നത് തുടങ്ങിയ വിവരങ്ങളും തല്‍സമയം അറിയിച്ചു. ബൂത്തുകളിലെ യന്ത്ര തകരാര്‍ തുടങ്ങിയ വിവരങ്ങളും കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥരെ തല്‍സമയം അറിയിക്കാന്‍ ആപ്പ് സഹായമായി.