Trending Now

നിയമസഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ (9/3/2021 ) പ്രധാന വാര്‍ത്തകള്‍

 

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍
25 മോഡല്‍ പോളിംഗ് സ്റ്റേഷനുകള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 25 മോഡല്‍ പോളിംഗ് സ്റ്റേഷനുകള്‍. ഓരോ നിയോജക മണ്ഡലത്തിലും അഞ്ചുവീതം മോഡല്‍ പോളിംഗ് സ്റ്റേഷനുകളാണുള്ളത്.
തിരുവല്ല നിയോജക മണ്ഡലത്തില്‍ കുന്നംന്താനം ദേവിവിലാസം ഗവ.എല്‍.പി.എസ്, കുറ്റപ്പുഴ മാര്‍ത്തോമ്മ കോളേജ് ഓഡിറ്റോറിയം(വെസ്റ്റേണ്‍ ബില്‍ഡിംഗ്), കുറ്റപ്പുഴ മാര്‍ത്തോമ്മ കോളേജ് ഓഡിറ്റോറിയം(ഈസ്റ്റേണ്‍ ബില്‍ഡിംഗ്), കുറ്റൂര്‍ ഗേള്‍സ് എല്‍.പി.എസ് (സെന്‍ട്രല്‍ ബില്‍ഡിംഗ് സൗത്ത് പോര്‍ഷന്‍), കുറ്റൂര്‍ ഗേള്‍സ് എല്‍.പി.എസ് (നോര്‍ത്ത് പോര്‍ഷന്‍) എന്നിവയും റാന്നി മണ്ഡലത്തില്‍ വെണ്‍കുറിഞ്ഞി എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്ററി സ്‌കൂള്‍, പഴവങ്ങാടി എസ്.സി യു.പി.എസ്, വലക്കൊടിക്കാവ് മാര്‍ത്തോമ എല്‍.പി.എസ്, പെരുമ്പെട്ടി ഗവ.എല്‍.പി.എസ്, കീക്കോഴൂര്‍ ഗവ.ജി.എച്ച്.എസ്.എസ് എന്നിവയും ആറന്മുള മണ്ഡലത്തില്‍ കിടങ്ങന്നൂര്‍ ഗവ.എല്‍.പി.എസ്(സൗത്ത് ബില്‍ഡിംഗ്), കിടങ്ങന്നൂര്‍ ഗവ.എല്‍.പി.എസ്(നോര്‍ത്ത് ബില്‍ഡിംഗ്), ഉള്ളന്നൂര്‍ ദേവിവിലാസം ഗവ.എല്‍.പി.എസ്(നോര്‍ത്തേണ്‍ സൈഡ്), ഉള്ളന്നൂര്‍ ദേവിവിലാസം ഗവ.എല്‍.പി.എസ്(സതേണ്‍ സൈഡ്), പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോന്നി മണ്ഡലത്തില്‍ കോന്നി എസ്.എന്‍ പബ്ലിക്ക് സ്‌കൂള്‍(സതേണ്‍ ബില്‍ഡിംഗ്), കോന്നി ഗവ.എല്‍.പി.എസ്(സതേണ്‍ ബില്‍ഡിംഗ്), വള്ളിക്കോട് ഗവ.എല്‍.പി.എസ് മായലി(ഈസ്‌റ്റേണ്‍ പോര്‍ഷന്‍), മങ്ങാട് ന്യുമെന്‍ സെന്‍ട്രല്‍ സ്‌കൂള്‍(വെസ്‌റ്റേണ്‍ പോര്‍ഷന്‍), കലഞ്ഞൂര്‍ ഗവ.എല്‍.പി.എസ് (നോര്‍ത്തേണ്‍ പോര്‍ഷന്‍) അടൂര്‍ മണ്ഡലത്തില്‍ പന്തളം ഗവ.യു.പി.എസ്(നോര്‍ത്തേണ്‍ പോര്‍ഷന്‍), കുരമ്പാല അമൃത വിദ്യാലയം(ഗ്രൗണ്ട് ഫ്‌ളോര്‍ ഈസ്‌റ്റേണ്‍ പോര്‍ഷന്‍), തുമ്പമണ്‍ ഗവ.യു.പി.എസ് (ഈസ്‌റ്റേണ്‍ പോര്‍ഷന്‍), അടൂര്‍ ഗവ.യു.പി.എസ് (നോര്‍ത്തേണ്‍ പോര്‍ഷന്‍), നെല്ലിമുകള്‍ ഗവ.എല്‍.പി.എസുമാണ് പത്തനംതിട്ട ജില്ലയില്‍ മോഡല്‍ പോളിംഗ് സ്റ്റേഷനുകളായി തിരഞ്ഞെടുത്തിട്ടുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍
5 വനിതാ പോളിംഗ് സ്റ്റേഷനുകള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ അഞ്ച് വനിതാ പോളിംഗ് സ്റ്റേഷനുകള്‍ പ്രഖ്യാച്ചു. തിരുവല്ല നിയോജക മണ്ഡലത്തില്‍ നെടുങ്ങാടപ്പളളി സെന്റ്.ഫിലോമിന യു.പി.എസ്, റാന്നി മണ്ഡലത്തില്‍ റാന്നി എം.എസ്.ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോന്നി മണ്ഡലത്തില്‍ എലിയറയ്ക്കല്‍ അമൃത വി.എച്ച്.എസ്.എസ്, ആറന്മുള മണ്ഡലത്തില്‍ മാരാമണ്‍ ചെറുപുഷ്പം എല്‍.പി.എസ്, അടൂര്‍ മണ്ഡലത്തില്‍ ചൂരക്കോട് എന്‍.എസ്.എസ്.എച്ച്.എസ്.എസിനേയുമാണ് തെരഞ്ഞെടുത്തത്.

സ്ഥാനാര്‍ഥികള്‍ തങ്ങളുടെ പേരില്‍
പ്രത്യേകം ബാങ്ക് അക്കൗണ്ട് തുടങ്ങണം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ സ്ഥാനാര്‍ത്ഥികളും തങ്ങളുടെ പേരില്‍ പ്രത്യേകം ബാങ്ക് അക്കൗണ്ട് ആരംഭിക്കേണ്ടതും ആയത് നോമിനേഷന്‍ നല്കുന്ന സമയത്ത് റിട്ടേണിംഗ് ഓഫീസറെ രേഖാമൂലം അറിയിക്കേണ്ടതുമാണെന്ന് ചെലവ് സംബന്ധിച്ച നോഡല്‍ ഓഫീസര്‍ ഫിനാന്‍സ് ഓഫീസര്‍ ഷിബു എബ്രഹാം അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വരവ്-ചെലവുകള്‍ പ്രസ്തുത അക്കൗണ്ടിലൂടെ മാത്രം നടത്തേണ്ടതാണ്. ഒരു ദിവസം ഒരു വ്യക്തിയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ 10,000 രൂപയില്‍ കൂടുതല്‍ വരുന്ന ചെലവുകളും വരവുകളും ചെക്ക്, ഡി.ഡി, ആര്‍.ടി.ജി.എസ്, നെഫ്റ്റ്, മറ്റ് ഇലക്ട്രോണിക് പണം കൈമാറല്‍ സംവിധാനങ്ങള്‍ വഴി മാത്രമേ നടത്തുവാന്‍ പാടുള്ളുവെന്നും അറിയിച്ചിട്ടുണ്ട്.

ജില്ലയിലെ തെരഞ്ഞെടുപ്പ്
ചെലവ് നിരീക്ഷണ സംവിധാനം സജ്ജം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ വരവ് ചെലവ് കണക്കുകള്‍ നിരീക്ഷിക്കുന്നതിന് വിവിധ സ്‌ക്വാഡുകളേയും ഉദ്യോഗസ്ഥരേയും വിന്യസിച്ചു. സംസ്ഥാന ചരക്ക് സേവന നികുതി ജോയിന്റ് കമ്മീഷണര്‍ ഷിബു എബ്രഹാമിനെയാണ് വരവ് ചെലവ് കണക്ക് നോഡല്‍ ഓഫീസറായി ജില്ലയില്‍ നിയമിച്ചത്.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്കുകള്‍ നിരീക്ഷിക്കുന്നതിന് നോഡല്‍ ഓഫീസറുടെ കീഴില്‍ അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഓഫീസര്‍മാരേയും അവരെ സഹായിക്കുന്നതിന് അക്കൗണ്ടിംഗ് ടീം, സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം, വീഡിയോ സര്‍വെയലന്‍സ് ടീം, വീഡിയോ വ്യൂവിംഗ് ടീം എന്നിവരേയും നിയോഗിച്ചു. അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഓഫീസര്‍മാര്‍ക്കായി എല്ലാ നിയോജക മണ്ഡലങ്ങളിലും അസിസ്റ്റന്റ് റിട്ടേര്‍ണിംഗ് ഓഫീസര്‍മാരുടെ ഓഫീസിനോട് ചേര്‍ന്ന് പ്രത്യേക ഓഫീസ് സംവിധാനവും സജ്ജീകരിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമുണ്ടാകാതെ നോക്കുന്നതിനും പണം, ലഹരി വസ്തുക്കള്‍ മുതലായവയുടെ അനധികൃത ഒഴുക്ക് തടയുന്നതിനും എല്ലാ നിയോജകമണ്ഡലങ്ങളിലും ഫ്‌ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക്സ് സര്‍വെയലന്‍സ് ടീം, ആന്റീ ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് എന്നിവരെയും നിയോഗിച്ചു. വീഡിയോ സര്‍വെയലന്‍സ്, വീഡിയോ വ്യൂവിംഗ് ടീമിനെയും നിയമിച്ചിട്ടുണ്ട്. അവരെ അതാത് നിയോജക മണ്ഡലങ്ങളില്‍ വിന്യസിക്കുകയും ചെയ്തു. എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സംവിധാനത്തിനായി നിയോഗിച്ച സ്‌ക്വാഡുകള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കുമുളള പരിശീലനം നല്‍കി. പൊതുതെരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി പൊതുജനങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് തിരഞ്ഞെടുപ്പ് ചെലവ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
അമ്പതിനായിരം രൂപയില്‍ കൂടുതല്‍ പണമായി കൊണ്ടുനടക്കുന്നവര്‍ മതിയായ രേഖകള്‍ കൂടെ കരുതേണ്ടതാണ്. സ്ഥാനാര്‍ത്ഥികളാകുന്നവര്‍ക്ക് പ്രത്യേക അക്കൗണ്ട് സൂക്ഷിക്കേണ്ടതിനാല്‍ പുതിയ അക്കൗണ്ട് തുറക്കുന്നതിനായി എത്തുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ഇതിനുള്ള സൗകര്യം എല്ലാ ബാങ്ക് ബ്രാഞ്ചുകളിലും ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി.
പ്രചാരണത്തിനായി സാമഗ്രികള്‍ പ്രിന്റ് ചെയ്യുന്നതിന് ഏല്പിക്കുന്ന വ്യക്തികളുടെ ഫോട്ടോ പതിച്ച ഡിക്ലറേഷന്‍ ഫോറം വാങ്ങണം. ഇതിന്റെ ഒരു പകര്‍പ്പ് ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കലക്ടര്‍ക്ക് ലഭ്യമാക്കണം. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും മുദ്രണം ചെയ്യുന്ന തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളില്‍ പ്രിന്റര്‍, പബ്ലിഷര്‍ കോപ്പികളുടെ എണ്ണം എന്നീ വിവരങ്ങള്‍ ഉള്‍ക്കൊളളിക്കേണ്ടതാണ്.

രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും സ്വകാര്യജീവിതവുമായി
ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മറ്റ് പാര്‍ട്ടി നേതാക്കളുടെയോ പ്രവര്‍ത്തകരുടെയോ, പൊതുജീവിതവുമായി ബന്ധപ്പെടാത്ത, അവരുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ നിന്നു പൂര്‍ണമായി വിട്ടുനില്‍ക്കണമെന്നു മാതൃകാ പെരുമാറ്റച്ചട്ടം നിഷ്‌കര്‍ഷിക്കുന്നു.
വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുതോ നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും ഒരു പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ഏര്‍പ്പെടരുത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം നടത്തുമ്പോള്‍ അതവരുടെ നയങ്ങളിലും പരിപാടികളിലും, പൂര്‍വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രമായി ഒതുക്കി നിര്‍ത്തണം. അടിസ്ഥാനരഹിതമായോ വളച്ചൊടിച്ചതോ ആയ ആരോപണം ഉന്നയിച്ചു മറ്റ് പാര്‍ട്ടികളെയും അവയിലെ പ്രവര്‍ത്തകരെയും വിമര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും പൊതുനിര്‍ദേശത്തില്‍ പറയുന്നു.
ജാതിയുടെ പേരിലും സമുദായത്തിന്റെ പേരിലും വോട്ട് ചോദിക്കരുത്. മുസ്ലീം പള്ളികള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍, മറ്റ് ആരാധന സ്ഥലങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കരുത്. സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, സമ്മതിദായകരെ ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക, പോളിങ് സ്റ്റേഷന്റെ 100 മീറ്ററിനുള്ളില്‍ വോട്ട് പിടിക്കുക, പോള്‍ അവസാനിപ്പിക്കുന്നതിനു നിശ്ചയിച്ച സമയത്തിനു തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്ത് പൊതുയോഗങ്ങള്‍ നടത്തുക, പോളിങ് സ്റ്റേഷനിലേക്കും പോളിങ് സ്റ്റേഷനില്‍ നിന്നും സമ്മദിദായകരെ വാഹനങ്ങളില്‍ കൊണ്ടുപോകുക തുടങ്ങി തെരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള കുറ്റങ്ങളും അഴിമതി പ്രവര്‍ത്തനങ്ങളും എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഒഴിവാക്കേണ്ടതാണ്.
ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും എത്ര തന്നെ വെറുപ്പുണ്ടായിരുന്നാലും സമാധാനപരമായും അലട്ടലില്ലാതെയും സ്വകാര്യ ജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കണം. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിക്കാനായി അവരുടെ വീടിനു മുമ്പില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുക, പിക്കറ്റ്‌ചെയ്യുക തുടങ്ങിയവ ഒരു സാഹചര്യത്തിലും അവലംബിക്കരുത്.
ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവയില്‍ അയാളുടെ അനുവാദമില്ലാതെ കൊടിമരം നാട്ടുന്നതിനോ, ബാനറുകള്‍ കെട്ടുന്നതിനോ പരസ്യമൊട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കുന്നതിന് രാഷ്ട്രീയകക്ഷികളോ സ്ഥാനാര്‍ഥികളോ അവരുടെ അനുയായികളെ അനുവദിക്കരുത്.
മറ്റു പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന യോഗങ്ങളെയോ ജാഥകളെയോ തങ്ങളുടെ അനുയായികള്‍ തടസപ്പെടുത്തുകയോ അവയില്‍ ഛിദ്രമുണ്ടാക്കുകയോ ചെയ്യില്ലെന്നു രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഉറപ്പുവരുത്തണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരോ അനുഭാവികളോ തങ്ങളുടെ പാര്‍ട്ടികളുടെ ലഘുലേഖകള്‍ വിതരണം ചെയ്തോ നേരിട്ടോ രേഖാമൂലമായോ ചോദ്യങ്ങള്‍ ഉന്നയിച്ചോ മറ്റൊരു രാഷ്ട്രീയപാര്‍ട്ടി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല. ഒരു പാര്‍ട്ടിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലങ്ങളില്‍ക്കൂടി മറ്റൊരു പാര്‍ട്ടി ജാഥ നടത്തരുത്. ഒരു പാര്‍ട്ടി ഒട്ടിച്ചിട്ടുള്ള ചുവര്‍പരസ്യങ്ങള്‍ മറ്റൊരു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യരുതെന്നും പൊതു പെരുമാറ്റച്ചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ്
സൂക്ഷ്മപരിശോധന മുതല്‍ ഫലപ്രഖ്യാപനം വരെ
‘എന്‍കോര്‍’ വെബ് പോര്‍ട്ടലില്‍

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള റിട്ടേണിംഗ് ഓഫീസര്‍മാരുടെ വിവിധ നടപടികള്‍ എന്‍കോര്‍(ENCORE) എന്ന വെബ് പോര്‍ട്ടലില്‍ ലഭ്യമാകും. എന്‍കോര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എനേബിളിംഗ് കമ്യൂണിക്കേഷന്‍സ് ഓണ്‍ റിയല്‍ ടൈം എന്‍വിയോണ്‍മെന്റ് എന്ന വെബ് പോര്‍ട്ടലാണ് ഇതിനായി ഉപയോഗിക്കുന്നത്.
റിട്ടേണിംഗ് ഓഫീസറുടെ വിവിധ നടപടികള്‍ എന്‍കോര്‍ കൈകാര്യം ചെയ്യും. നടപടികളുടെ ഓരോ ഘട്ടത്തിലുമുള്ള പുരോഗതികള്‍ സ്ഥാനാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും എന്‍കോറിലൂടെ അറിയാം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചുവന്നിരുന്ന സുവിധ, ട്രെന്‍ഡ് തുടങ്ങിയ ആപ്ലിക്കേഷന്‍സ് ഉപയോഗിച്ചിരുന്ന സ്ഥാനത്താണ് എന്‍കോര്‍ ഉപയോഗിക്കുക.

അതേസമയം ഉച്ചഭാഷിണികള്‍, വാഹനങ്ങള്‍ എന്നിവയ്ക്കും പൊതുയോഗങ്ങള്‍ നടത്തുന്നതിനുമുള്ള അനുമതികള്‍ക്ക് suvidha.eci.gov.in എന്ന വെബ് വിലാസത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സ്ഥാനാര്‍ത്ഥികള്‍, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് ഏജന്റ് എന്നിവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രികകള്‍, അഫിഡവിറ്റുകള്‍ എന്നിവയും ഈ സൈറ്റില്‍ സമര്‍പ്പിക്കാം. ജില്ലാ കളക്ടര്‍, റിട്ടേണിങ് ഓഫീസര്‍, പോലീസ് എന്നിവരില്‍ നിന്നുള്ള അനുമതികള്‍ 24 മണിക്കൂറിനുള്ളില്‍ ഓണ്‍ലൈനായി ലഭിക്കുകയും അപേക്ഷയുടെ സ്ഥിതി എസ്എംഎസ് സന്ദേശമായി ലഭിക്കുന്നതുമാണ്.
നാമനിര്‍ദ്ദേശ പത്രികക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനവും ഉണ്ട്. നാമനിര്‍ദ്ദേശ പത്രികകള്‍, അഫിഡവിറ്റുകള്‍ എന്നിവ പൂരിപ്പിച്ച് അവ നേരിട്ട് സമര്‍പ്പിക്കുന്നതിനുള്ള തീയതി, സമയം എന്നിവ തെരഞ്ഞെടുക്കണം. അനുമതി ലഭിക്കുന്ന സമയത്ത് നേരില്‍ ഹാജരായി ഓണ്‍ലൈനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയുടെ പ്രിന്റ് റിട്ടേണിങ് ഓഫീസര്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചൊല്ലി സമര്‍പ്പിക്കണം.

പെരുമാറ്റച്ചട്ട ലംഘനം:
ജില്ലയില്‍ 10225 തെരഞ്ഞെടുപ്പ്
സാമഗ്രികള്‍നീക്കം ചെയ്തു

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയില്‍ പെരുമാറ്റചട്ട ലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ഊര്‍ജ്ജിതമാക്കി. വിവിധ സ്‌ക്വാഡുകളുടെ സഹകരണത്തോടെ പോസ്റ്ററുകള്‍, ബാനറുകള്‍, ചുമരെഴുത്തുകള്‍, കൊടികള്‍, ഫ്‌ളക്‌സുകള്‍ തുടങ്ങിയ പ്രചാരണ സാമഗ്രികള്‍ പൊതുസ്ഥലങ്ങളില്‍ നിന്നും സ്വകാര്യ ഇടങ്ങളില്‍ നിന്നും നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി.
ജില്ലയില്‍ ഇതുവരെ 10225 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ ഒരു ചുമരെഴുത്ത്, 5286 പോസ്റ്ററുകള്‍, 2501 ബാനറുകള്‍, 2437 കൊടികള്‍ എന്നിവ ഉള്‍പ്പെടുന്നു. സ്വകാര്യ സ്ഥലങ്ങളില്‍ നിന്നും 173 പോസ്റ്ററുകളും 60 കൊടികളും ഉള്‍പ്പടെ 233 സാമഗ്രികളും നീക്കം ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് നിരീക്ഷിക്കാനും സമയബന്ധിതമായി നടപടിയെടുക്കാനുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം അനുസരിച്ചാണ് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും ഓരോ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
മണ്ഡലാടിസ്ഥാനത്തില്‍ രൂപീകരിച്ച, ഫ്‌ളൈയിങ് സ്‌ക്വാഡ്, ആന്റി ഡെഫെയ്‌സ്‌മെന്റ്, സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ്, വീഡിയോ സര്‍വെയ്‌ലന്‍സ് തുടങ്ങിയ വിവിധ സ്‌ക്വാഡുകള്‍ വഴി സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലങ്ങളിലേയും പൊതുഇടങ്ങളിലെയും പോസ്റ്ററുകള്‍, ബാനറുകള്‍, ചുമരെഴുത്തുകള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിനൊപ്പം, സ്വകാര്യ വസ്തുകളിലെയും ഇത്തരം സാമഗ്രഹികള്‍, വ്യക്തികളുടെ പരാതിയെ തുടര്‍ന്നോ അല്ലാതായോ നീക്കം ചെയ്യുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ്:
ഉച്ചഭാഷിണികള്‍, വാഹനങ്ങള്‍, പൊതുയോഗങ്ങള്‍
എന്നിവയ്ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍, വാഹനങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവയ്ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ നല്‍കാന്‍ https://suvidha.eci.gov.in എന്ന വെബ് വിലാസത്തില്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കുക. മൊബൈല്‍ നമ്പരില്‍ വരുന്ന വണ്‍ ടൈം പാസ് വേര്‍ഡ് (ഒടിപി) നല്‍കുക. സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് ഏജന്റ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവയില്‍ സ്ഥാനാര്‍ഥി എന്നത് തെരഞ്ഞെടുക്കുക. തുടര്‍ന്ന് വരുന്ന പേജില്‍ നെക്സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്നു വരുന്ന പേജില്‍ സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങള്‍ക്കായുള്ളതാണ്. ഈ പേജില്‍ സ്ഥാനാര്‍ത്ഥിയും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പക്കലുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട കോളങ്ങളില്‍ സ്വമേധയാ വരുന്നതാണ്.
ഈ പേജില്‍ ഇമെയില്‍ വിലാസം നല്‍കുക. ഇമെയില്‍ വിലാസത്തില്‍ ലഭിക്കുന്ന വന്‍ ടൈം പാസ് വേര്‍ഡ് (ഒടിപി) സൈറ്റില്‍ നല്‍കുക. കാറ്റഗറി എന്ന ടാബില്‍ എസ്സി, എസ്ടി, ജനറല്‍ എന്നതില്‍ പ്രസക്തമായത് തെരഞ്ഞെടുത്ത ശേഷം വിവരങ്ങള്‍ ഉറപ്പുവരുത്തുക. ആവശ്യമെങ്കില്‍ മാറ്റം വരുത്തിയ ശേഷം സേവ് ചെയ്ത് തുടര്‍ന്നുള്ള പേജിലേക്ക് പോകാം. തുടര്‍ന്നു വരുന്ന പേജില്‍ നോമിനേഷന്‍, അഫിഡവിറ്റ്, പെര്‍മിഷന്‍ എന്നീ ടാബുകള്‍ ഉണ്ട്. ഇതില്‍ പെര്‍മിഷന്‍ ടാബ് ഉപയോഗിച്ച് വാഹനം, ഉച്ചഭാഷിണി, യോഗം എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ നല്‍കിയാല്‍ ഓണ്‍ലൈന്‍ അനുമതി ലഭിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകള്‍
ഓണ്‍ലൈനായി സമര്‍പ്പിക്കാം

നാമനിര്‍ദേശ പത്രികകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ https://suvidha.eci.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച ശേഷം മൊബൈല്‍ നമ്പര്‍ നല്‍കുക. മൊബൈല്‍ നമ്പരില്‍ വരുന്ന വന്‍ ടൈം പാസ് വേര്‍ഡ് (ഒടിപി) സൈറ്റില്‍ കാണുന്ന സ്ഥലത്ത് എന്റര്‍ ചെയ്യുക.
സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് ഏജന്റ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവയില്‍ സ്ഥാനാര്‍ഥി എന്നത് തെരഞ്ഞെടുക്കുക. തുടര്‍ന്ന് വരുന്ന പേജില്‍ നെക്സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്നു വരുന്ന പേജ് സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങള്‍ക്കായുള്ളതാണ്. ഈ പേജില്‍ സ്ഥാനാര്‍ത്ഥിയുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പക്കലുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട കോളങ്ങളില്‍ സ്വമേധയാ വരും. ഈ പേജില്‍ ഇമെയില്‍ വിലാസം നല്‍കുക. ഇമെയില്‍ വിലാസത്തില്‍ ലഭിക്കുന്ന വന്‍ ടൈം പാസ് വേര്‍ഡ് (ഒടിപി) സൈറ്റില്‍ നല്‍കുക. കാറ്റഗറി എന്ന ടാബില്‍ എസ്‌സി, എസ്ടി, ജനറല്‍ എന്നതില്‍ പ്രസക്തമായത് തെരഞ്ഞെടുത്ത ശേഷം വിവരങ്ങള്‍ ഉറപ്പുവരുത്തുക. ആവശ്യമെങ്കില്‍ മാറ്റം വരുത്തിയ ശേഷം സേവ് ചെയ്ത് തുടര്‍ന്നുള്ള പേജിലേക്ക് പോകാം. ആ പേജില്‍ നോമിനേഷന്‍, അഫിഡവിറ്റ്, പെര്‍മിഷന്‍ എന്നീ ടാബുകള്‍ ഉണ്ട്. ഇതില്‍ അഫിഡവിറ്റ് ടാബ് സെലക്റ്റ് ചെയ്ത് എല്ലാ അഫിഡവിറ്റും പൂരിപ്പിച്ച് ഏറ്റവും അവസാനത്തെ പേജില്‍ പ്രിവ്യൂ ആന്റ് ഫൈനലൈസ് ടാബ് ഉപയോഗിച്ച് സേവ് ചെയ്യുക. ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം കണ്‍ഫര്‍മേഷന്‍ കൊടുത്ത് ഫൈനലൈസ് ചെയ്യുക. തുടര്‍ന്ന് തെരഞ്ഞെടുപ്പ് വിവരം, സംസ്ഥാനത്തിന്റെ പേര്, നിയമസഭാ മണ്ഡലം എന്നിവ തെരഞ്ഞെടുത്ത് സേവ് ചെയ്ത് തുടര്‍ന്നുള്ള പേജിലേക്ക് പോകുക.
തുടര്‍ന്നു വരുന്ന പേജില്‍ ഫോറം രണ്ട് ബിയില്‍ (നോമിനേഷന്‍ പേപ്പര്‍) ഫോട്ടോ അപ്ലോഡ് ചെയ്ത്, നിയമസഭാ മണ്ഡലം തെരഞ്ഞെടുത്ത ശേഷം സ്ഥാനാര്‍ഥിയുടെയും പിന്താങ്ങുന്ന ആളുടെയും തിരിച്ചറിയല്‍ രേഖയിലെ നമ്പര്‍ നല്‍കുക.

തുടര്‍ന്നു വരുന്ന പേജില്‍ ഫോം രണ്ട് ബി (നോമിനേഷന്‍ പേപ്പര്‍) പാര്‍ട്ട് മൂന്നില്‍ ഡിക്ലറേഷനും ഫോമില്‍ ആവശ്യപ്പെടുന്ന മറ്റു വിവരങ്ങളും പൂരിപ്പിക്കുക. തുടര്‍ന്നു വരുന്ന പേജില്‍ ഫോം രണ്ട് ബി (നോമിനേഷന്‍ പേപ്പര്‍) പാര്‍ട്ട് മൂന്ന് എ യില്‍ ഫോമില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ പൂരിപ്പിക്കുക. ഇതിനു ശേഷം മുന്‍പ് പൂരിപ്പിച്ച അഫിഡവിറ്റ് ഫയല്‍ തെരഞ്ഞെടുത്ത് ഫൈനലൈസ് ചെയ്ത് അടുത്ത പേജിലേക്ക് പോകുക. തുടര്‍ന്ന് പ്രൊസീഡ് ബട്ടന്‍ അമര്‍ത്തുക. തുടര്‍ന്നു വരുന്ന പേജില്‍, നോമിനേഷന്‍ നേരില്‍ സമര്‍പ്പിക്കാനുള്ള തീയതി, സമയം എന്നിവ തെരഞ്ഞെടുക്കുക. തുടര്‍ന്ന് പണം അടയ്ക്കുന്നതിനുള്ള പേജില്‍ പണം അടയ്ക്കുക. നോമിനേഷന്‍ ടാബില്‍ സബ്മിറ്റഡ് നോമിനേഷനില്‍ നിന്ന് സമര്‍പ്പിച്ച നോമിനേഷന്‍, അഫിഡവിറ്റ് എന്നിവ പ്രിന്റ് എടുത്ത് അനുവദിച്ച സമയത്ത് വരണാധികാരിക്ക് നേരില്‍ സമര്‍പ്പിക്കണം. നാമനിര്‍ദേശ പത്രിക നേരില്‍ ഹാജരായി സത്യപ്രതിജ്ഞ ചൊല്ലി റിട്ടേണിംഗ് ഓഫീസര്‍ മുന്‍പാകെ സമര്‍പ്പിക്കണം.