Trending Now

തൊഴില്‍ നല്‍കാന്‍ കഴിയുന്ന കേന്ദ്രമായി കോന്നി സി.എഫ്.ആര്‍.ഡിയെ മാറ്റും

 

 

കോന്നി വാര്‍ത്ത : ഗുണമേന്മയുള്ള മൂല്യവര്‍ധിത ഭക്ഷ്യ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക വഴി തൊഴില്‍ നല്‍കാന്‍ കഴിയുന്ന കേന്ദ്രമായി കോന്നിയിലെ
കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിനെ (സി.എഫ്.ആര്‍.ഡി) മാറ്റിയെടുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.

പെരിഞ്ഞോട്ടയ്ക്കല്‍ സി.എഫ്.ആര്‍.ഡിയില്‍ സ്‌കൂള്‍ ഓഫ് ഫുഡ് ബിസിനസ് മാനേജ്മെന്റ,് ട്രെയിനീസ് ഹോസ്റ്റല്‍, ഫുഡ് പ്രോസസിംഗ് ഇന്‍ക്യുബേഷന്‍ സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അന്തര്‍ ദേശീയതലത്തില്‍ ഗുണമേന്‍മയുള്ള മികച്ച ഭക്ഷണപദാര്‍ഥങ്ങള്‍ വിപണിയില്‍ എത്തിക്കാനാവശ്യമായ മാനവശേഷിയും സാങ്കേതിക വിദ്യയും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.എഫ്.ആര്‍.ഡി പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി പി.വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. കോന്നി ഗ്രാമപഞ്ചായത്ത് അംഗം ജിഷ ജയകുമാര്‍, സി.എഫ്.ആര്‍.ഡി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.എം. അലി അസ്ഗര്‍ പാഷ, പൊതു വിതരണ വകുപ്പ് ഡയറക്ടര്‍ ഹരിത വി.കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മലയാലപ്പുഴ ശശി, ജി.മനോജ്, കരിമ്പനാക്കുഴി ശശിധരന്‍ നായര്‍, റഷീദ് മുളന്തറ, സമദ് മേപ്പറത്ത്, അലി മുളന്തറ, സി.എഫ്.ആര്‍.ഡി ഡയറക്ടര്‍ ഇന്‍ചാര്‍ജ് ആര്‍.രാഹുല്‍, പ്രിന്‍സിപ്പല്‍ ഡോ.ഡി പ്രവീണ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.ആര്‍. മോഹന്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പെരിഞ്ഞോട്ടയ്ക്കല്‍ സി.എഫ്.ആര്‍.ഡിയുടെ കീഴില്‍ എം.ബി.എ ഫുഡ് ബിസിനസ് മാനേജ്മെന്റ് കോഴ്സ് സ്വാശ്രയ രീതിയില്‍ എം.ജി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ്് ആരംഭിക്കുന്നത്. തുടക്കത്തില്‍ 60 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കുക. 6.62 കോടി രൂപ ചെലവിലാണ് ഈ പദ്ധതി നടപ്പാകുന്നത്. ഫുഡ് പ്രോസസിംഗ് ട്രെയിനിംഗ് സെന്ററില്‍ പരിശീലനത്തിനായി വിദൂര സ്ഥലങ്ങളില്‍നിന്നുള്ള ആളുകള്‍ എത്താറുണ്ട്. ഇത്തരം പരിശീലകര്‍ക്ക് സി.എഫ്. ആര്‍.ഡിയില്‍ തന്നെ താമസ സൗകര്യം ഒരുക്കുന്നതിനായാണ് 50 ലക്ഷം രൂപ ചെലവില്‍ ട്രെയിനീസ് ഹോസ്റ്റല്‍ സജ്ജമാക്കിയിരിക്കുന്നത്.

ഭക്ഷ്യസംസ്‌കരണ രംഗത്ത് പുതിയ സംരംഭങ്ങള്‍ തുടങ്ങാനും വിപണനം നടത്താനും ആഗ്രഹമുള്ള ആളുകള്‍ക്ക് കെട്ടിടനിര്‍മാണത്തിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനും വലിയ തുക മുടക്കാന്‍ പ്രയാസമായി വരും. സംരംഭകര്‍ക്കായി സി.എഫ്.ആര്‍.ഡി ഒരുക്കുന്ന സംവിധാനമാണ് ഫുഡ് പ്രോസസിംഗ് ഇന്‍ക്യുബേഷന്‍ സെന്റര്‍. സംരംഭകര്‍ക്ക് ഇന്‍കുബേഷന്‍ സെന്ററിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. ഉത്പന്ന നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുമായെത്തി ട്രെയിനിംഗ് സെന്ററിലെ ഫാക്കല്‍റ്റിയുടെ മേല്‍നോട്ടത്തില്‍ ഇന്‍ക്യുബേഷന്‍ സെന്ററിലെ ഉപകരണങ്ങളും മറ്റുസൗകര്യങ്ങളും ഉപയോഗപ്പെടുത്തി ഉത്പന്നങ്ങള്‍ നിര്‍മിക്കുകയും ടെസ്റ്റ് മാര്‍ക്കറ്റിംഗ് നടത്തുകയും ചെയ്യാം. ഉത്പന്നം വിപണിയില്‍ വിജയിച്ചാല്‍ സ്വന്തമായി ഉത്പാദനയൂണിറ്റ് സ്ഥാപിക്കുവാനും ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണനം നടത്തുവാനും സംരംഭകര്‍ക്ക് സാധിക്കും.