Trending Now

ബുറേവി ചുഴലി കാറ്റ്: പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ ജാഗ്രതയും മുന്നൊരുക്കവും കൈക്കൊള്ളണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി കൈയ്യില്‍ കരുതണം. എമര്‍ജന്‍സി കിറ്റ് സംബന്ധിച്ച വിവരങ്ങള്‍ www.sdma.kerala.gov.in ല്‍ ലഭിക്കും. ഔദ്യോഗികമായി ലഭിക്കുന്ന അറിയിപ്പുകള്‍ മാത്രം ശ്രദ്ധിക്കുക. കിംവദന്തികള്‍ പരത്തരുത്. കേരളതീരത്ത് നിന്നുള്ള മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ബോട്ട്, വള്ളം, വല എന്നിവ സുരക്ഷിതമാക്കണം.
വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകള്‍ കൊളുത്തിട്ട് സുരക്ഷിതമാക്കണം. വാതിലുകളും ഷട്ടറുകളും അടയ്ക്കണം. മരങ്ങള്‍ ഒടിഞ്ഞു വീഴാതിരിക്കാന്‍ കോതി ഒതുക്കണം.
തീവ്രമായ മഴ, കാറ്റ്, വെള്ളപ്പൊക്കം എന്നിവയുടെ സാഹചര്യത്തില്‍ വളര്‍ത്തു മൃഗങ്ങളെ കെട്ടിയിടുകയോ കൂട്ടില്‍ അടച്ചിടുകയോ ചെയ്യരുത്. അതാതു സമയത്തെ നിര്‍ദ്ദേശങ്ങള്‍ അറിയുന്നതിന് വാര്‍ത്താ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. കുട്ടികള്‍, വയോധികര്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ സുരക്ഷ ഉറപ്പു വരുത്തുക.

മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, യു.പി.എസ്., ഇന്‍വെര്‍ട്ടര്‍ എന്നിവയില്‍ ആവശ്യമായ ചാര്‍ജ് ഉണ്ടെന്ന് ഉറപ്പാക്കണം. വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ മരങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍, കടല്‍, ജലപ്രവാഹം തുടങ്ങിയവ ശ്രദ്ധിക്കണം. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതും ചിത്രങ്ങള്‍ പകര്‍ത്തുന്നതും ഒഴിവാക്കണം. ക്യാമ്പിലേക്ക് മാറേണ്ട സാഹചര്യമുണ്ടായാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ ക്യാമ്പുകളിലേക്കോ ബന്ധുക്കളുടെ വീടുകളിലേക്കോ എമര്‍ജന്‍സി കിറ്റുമായി മാറുക.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വെബ്‌സൈറ്റിലും കാലാവസ്ഥാ കേന്ദ്രത്തിന്റെ www.imdtvm.gov.in വെബ്‌സൈറ്റിലും നല്‍കുന്ന വിവരങ്ങള്‍ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യണം. അടിയന്തര സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി 1077 എന്ന നമ്പറില്‍ ബന്ധപ്പെടണം.

ബുറേവി ചുഴലി കാറ്റ്: പൊതുജനങ്ങള്‍ക്കുള്ള
പ്രത്യേക നിര്‍ദേശങ്ങള്‍

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലി കാറ്റിന്റെ സ്വാധീനത്താല്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോടു സഹകരിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് അറിയിച്ചു.
ശക്തമായ കാറ്റിന് സാധ്യത പ്രതീക്ഷിക്കുന്നതിനാല്‍ ഉറപ്പില്ലാത്ത മേല്‍ക്കൂരയുള്ള വീടുകളില്‍ താമസിക്കുന്നവരും മുകളില്‍ ഷീറ്റ് പാകിയവരും അവ അടിയന്തരമായി ബലപ്പെടുത്താന്‍ ശ്രമിക്കണം. കാറ്റ് ശക്തമാകുന്ന സാഹചര്യത്തില്‍ ഡിസംബര്‍ മൂന്നിന് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയാറാകണം.
സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/ പോസ്റ്റുകള്‍/ ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യണം. അപകടാവസ്ഥകള്‍ 1077 എന്ന നമ്പറില്‍ വിളിച്ച് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തണം.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടങ്ങളില്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയാറാകണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നതുമൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിനോട് പൂര്‍ണമായി സഹകരിക്കണം.
ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയാറാക്കി വയ്ക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ, മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടില്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുള്ള തയാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നത് അനുസരിച്ച് അലര്‍ട്ടുകളില്‍ മാറ്റം വരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റിനുമായി ജില്ലാ കളക്ടറുടെയും, ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളും പരിശോധിക്കുക.

ജാഗ്രത പുലര്‍ത്തണം

ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പത്തനംതിട്ട ജില്ലയില്‍ മൂന്നു ദിവസത്തേക്ക് മഞ്ഞ, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലുള്ള ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ജനങ്ങള്‍ നിര്‍ച്ചാലുകളിലും ഇറങ്ങുന്നത് പരമാവധി കുറയ്ക്കണം. കൂടാതെ മലയോര മേഖലകളിലും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതുമായ സ്ഥലങ്ങളില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണെന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സെക്രട്ടറി അറിയിച്ചു.

error: Content is protected !!