കോവിഡ്: സ്‌പെഷല്‍ തപാല്‍ വോട്ട് സംവിധാനം ജില്ലയില്‍ ആരംഭിച്ചു

 

കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കുമായി സ്‌പെഷ്യല്‍ തപാല്‍ വോട്ട് സംവിധാനം ജില്ലയില്‍ ആരംഭിച്ചു. സ്‌പെഷല്‍ ബാലറ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം രോഗികളുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും അടുത്ത് നേരിട്ടെത്തിയാണ് സ്‌പെഷല്‍ തപാല്‍ കൈമാറുന്നത്. ആരോഗ്യ വകുപ്പില്‍ നിന്നും ലഭിക്കുന്ന പട്ടിക പ്രകാരമാണ് ഉദ്യോഗസ്ഥര്‍ കോവിഡ് പോസിറ്റീവ് ആയവരുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും വീടുകളില്‍ എത്തുന്നത്. പി.പി.ഇ.കിറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥരെത്തുന്നത്.

എങ്ങനെ വോട്ട് ചെയ്യാം?

സ്‌പെഷല്‍ വോട്ടറിനു വോട്ടുചെയ്യുന്നതിന് സമ്മതമാണെങ്കില്‍ ഓഫീസര്‍ തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷം സ്‌പെഷല്‍ വോട്ടര്‍ 19-ബി എന്ന അപേക്ഷാ ഫോറത്തില്‍ ഒപ്പിടണം. പഞ്ചായത്തിന്റെ പേര്, വാര്‍ഡ് പേര്, നമ്പര്‍, സ്വന്തം പോളിങ് സ്റ്റേഷന്‍ പേര്, നമ്പര്‍, സ്വന്തം പേരും വിലാസവും, വോട്ടര്‍പട്ടികയിലെ ക്രമനമ്പര്‍ പൊതുതെരഞ്ഞെടുപ്പ് തീയതിയും എന്നിവ രേഖപ്പെടുത്തി ഒപ്പുവയ്ക്കണം. ശേഷം ഓഫീസര്‍ ബാലറ്റ് പേപ്പറുകള്‍ അടങ്ങിയ കവറുകളും സാക്ഷ്യപത്രത്തിനുള്ള ഫോറവും നല്‍കും. ഉദ്യോഗസ്ഥന്‍ നല്‍കുന്ന ബാലറ്റ് പേപ്പറില്‍ രഹസ്യമായിട്ടാകണം വോട്ട് ചെയ്യാന്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം കവറുകള്‍ തിരിച്ച് ഉദ്യോഗസ്ഥനു കൈമാറുകയും ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്നും കൈപ്പറ്റ് രസീത് വാങ്ങുകയും ചെയ്യാം. ബാലറ്റ് പേപ്പര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ വോട്ടര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ തപാല്‍ വഴി അയക്കാന്‍ സാധിക്കും. സാധാരണ വോട്ട് പോലെ സ്‌പെഷല്‍ വോട്ടറുടെ വിരലില്‍ മഷി പുരട്ടില്ല.

സ്‌പെഷല്‍ വോട്ടര്‍ക്ക് വോട്ട് ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍, ഓഫീസര്‍ രജിസ്റ്ററിലും 19-ബി എന്ന ഫോറത്തിലും രേഖപ്പെടുത്തി വോട്ടറുടെ ഒപ്പു വാങ്ങി മടങ്ങും.
വോട്ടെടുപ്പിന് തലേ ദിവസം ഉച്ചകഴിഞ്ഞ് മൂന്നിനുശേഷം കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റീനില്‍ ആകുകയോ ചെയ്താല്‍, തെരഞ്ഞെടുപ്പു നടക്കുന്ന ദിവസം അവസാന ഒരു മണിക്കൂറായ അഞ്ചു മുതല്‍ ആറു വരെ പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം. സാധാരണ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി മടങ്ങിയതിനുശേഷം പി.പി.ഇ കിറ്റ് ധരിച്ചാകണം സ്‌പെഷല്‍ വോട്ടര്‍ വോട്ട് ചെയ്യാന്‍ എത്തേണ്ടത്.

സ്പെഷല്‍ പോളിങ് ടീമിനുള്ള പരിശീലനം പൂര്‍ത്തിയായി

പത്തനംതിട്ട ജില്ലയില്‍ കോവിഡ് പോസിറ്റീവ് ആയവര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിവരെ തപാല്‍ വോട്ട് ചെയ്യിക്കുന്നതായി സ്പെഷല്‍ പോളിങ് ടീമിനുള്ള പരിശീലനം പൂര്‍ത്തിയാക്കി. പി.പി.ഇ കിറ്റ് സുരക്ഷിതമായി ധരിക്കാനും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എങ്ങനെ സ്‌പെഷല്‍ വോട്ടിംഗ് നടത്താം എന്നതിനുമാണ് പരിശീലനം നല്‍കിയത്. സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റിനെ സംബന്ധിച്ചും സ്‌പെഷല്‍ വോട്ടിംഗിനെ സംബന്ധിച്ചുമുള്ള ടെയിനിംഗ് ഉദ്യോഗസ്ഥര്‍ക്ക് നേരത്തേ ലഭിച്ചിരുന്നു. എട്ട് ബ്ലോക്ക് ഓഫീസുകളിലാണ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയത്.

വിവിധ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലേക്കായി 69 സ്പെഷല്‍ ടീമാണ് ജില്ലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ആരോഗ്യ വകുപ്പിനാണ് തപാല്‍ വോട്ട് വേണ്ടവരുടെ പട്ടിക തയ്യാറാക്കി നല്‍കേണ്ട ചുമതല. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച പട്ടിക പ്രകാരമാണ് ഉദ്യോഗസ്ഥര്‍ കോവിഡ് പോസിറ്റീവ് ആയവരുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും വീടുകളില്‍ തപാല്‍ ബാലറ്റുകളുമായി എത്തുന്നത്. പി.പി.ഇ കിറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥര്‍ എത്തുക. സ്പെഷല്‍ പോളിങ് ഓഫിസര്‍, പോളിങ് അസിസ്റ്റന്റ്, പൊലീസ് ഉദ്യോഗസ്ഥന്‍, റൂട്ട് ഓഫീസര്‍ എന്നിവരാണ് പോളിങ് സാമഗ്രികളുമായി വീടുകളിലേക്ക് എത്തുന്നത്.

ജില്ലയില്‍ ഇതുവരെയായി 4711 സ്പെഷ്യല്‍ വോട്ടര്‍മാരുടെ പട്ടികയാണ് ആരോഗ്യവകുപ്പ് കൈമാറിയത്. കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തിയും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെയും വോട്ട് ചെയ്യാനുള്ള സൗകര്യമാണ് സ്‌പെഷല്‍ വോട്ടിലൂടെ ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും സ്‌പെഷല്‍ വോട്ടിംഗ് നടത്തുക.

വോട്ടര്‍മാര്‍ക്ക് സ്ലിപ്പ് നല്‍കുന്നത് സംബന്ധിച്ച നിര്‍ദേശം

സ്ലിപ്പുകള്‍ വെള്ള പേപ്പറില്‍ തയാറാക്കേണ്ടതും വോട്ടറുടെ പേര്, സീരിയല്‍ നമ്പര്‍, പാര്‍ട്ട് നമ്പര്‍ പോളിംഗ് സ്റ്റേഷന്റെ പേര് എന്നീ വിവരങ്ങള്‍ മാത്രം രേഖപ്പെടുത്തിയതുമാകണം. ഈ സ്ലിപ്പില്‍ സ്ഥാനാര്‍ഥിയുടെ പേരോ ചിഹ്നമോ, ഫോട്ടോയോ പാടില്ല.

പോളിംഗ് ഏജന്റുമാരായി ആരെയൊക്കെ നിയോഗിക്കാം

പോളിംഗ് ഏജന്റുമാരായി നിയോഗിക്കപ്പെടുന്നവര്‍ ആ മണ്ഡലത്തിലെ സാധാരണ താമസക്കാരും ബന്ധപ്പെട്ട വാര്‍ഡിലെ വോട്ടര്‍മാരുമായിരിക്കണം. അവര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയില്‍ രേഖയും ഉണ്ടായിരിക്കണം.

അഭിപ്രായ വോട്ടെടുപ്പ്, എക്‌സിറ്റ് പോള്‍

അഭിപ്രായ വോട്ടെടുപ്പിന്റെയോ എക്‌സിറ്റ് പോളിന്റെയോ ഫലം എല്ലാ ബൂത്തുകളിലേയും വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ പ്രഖ്യാപിക്കാന്‍ പാടില്ല.

ഇലക്ഷന്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നത്

പഞ്ചായത്തിന്റെ കാര്യത്തില്‍ പോളിംഗ് സ്റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭയുടെ കാര്യത്തില്‍ പോളിംഗ് സ്റ്റേഷനുകളില്‍ നിന്നും 100 മീറ്റര്‍ അകലത്തിലും മാത്രമേ ബൂത്തുകള്‍ സ്ഥാപിക്കാവു. സ്ഥാനാര്‍ഥിയുടെ പേര്, പാര്‍ട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ സ്ഥാപിക്കാം. ബൂത്തുകള്‍ നിര്‍മിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയില്‍ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങേണ്ടതും പരിശോധന വേളയില്‍ അവ കാണിക്കുകയും വേണം

പോളിംഗ് സ്റ്റേഷനുകള്‍ക്ക് സമീപം വോട്ട് അഭ്യര്‍ഥിക്കാന്‍ പാടില്ല

പോളിംഗ് ദിവസം പഞ്ചായത്തിന്റെ കാര്യത്തില്‍ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ ദൂരപരിധിക്കുള്ളിലും നഗരസഭയുടെ കാര്യത്തില്‍ പോളിംഗ് സ്റ്റേഷന്റെ നൂറ് മീറ്റര്‍ പരിധിയ്ക്കുള്ളിലും വോട്ട് അഭ്യര്‍ഥിക്കാന്‍ പാടില്ല.

പോളിംഗ് സ്റ്റേഷനില്‍ മൊബൈല്‍ ഫോണ്‍ പാടില്ല

ഒബ്‌സര്‍വര്‍, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിംഗ് ഓഫീസര്‍ എന്നിവര്‍ക്കൊഴികെ ആര്‍ക്കും മൊബൈല്‍ ഫോണ്‍ പോളിംഗ് സ്റ്റേഷനകത്ത് കൊണ്ടു പോകാന്‍ അനുവാദമില്ല.

വോട്ടര്‍മാര്‍ക്ക് വാഹനം ഏര്‍പ്പെടുത്തരുത്

പോളിംഗ് ദിനത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്കോ, സ്ഥാനാര്‍ഥിക്കോ വോട്ടര്‍മാരെ പോളിംഗ് സ്റ്റേഷനിലെത്തിക്കാന്‍ വാഹനമേര്‍പ്പെടുത്താന്‍ പാടില്ല. നേരിട്ടോ അല്ലാതയോ ഇത്തരം സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്.

തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ആരംഭിച്ചു

തദ്ദേശ സ്ഥാപന പൊതുതെരഞ്ഞെടുപ്പില്‍ ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ വോട്ടര്‍ പട്ടികയില്‍ പുതിയതായി പേരു ചേര്‍ത്തിട്ടുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിതരണം ആരംഭിച്ചതായി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വോട്ടര്‍മാര്‍ക്ക് ഓഫീസ് സമയത്ത് തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റാം.