Trending Now

ജനങ്ങളുടെ ക്ഷേമത്തിനായി ജനമൈത്രി പോലീസുണ്ടാവും: ജില്ലാപോലീസ് മേധാവി

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനോടൊപ്പം അവരുടെ ക്ഷേമകാര്യങ്ങളിലും നാടിന്റെ മാറ്റങ്ങള്‍ക്കും ഒപ്പം പോലീസ് എന്നുമുണ്ടാവുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച തൊഴില്‍ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാപോലീസ് മേധാവി.
മെഴുവേലി ആലക്കോട് ജംഗ്ഷനിലാണ് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്. ജനമൈത്രി പോലീസ്, പോലീസ് സേവനങ്ങളുടെ ജനകീയമുഖമാണ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇത്തരം സേവനപ്രവര്‍ത്തനങ്ങള്‍ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നുണ്ട്. ഇലവുംതിട്ടയിലെ പ്രവാസി ഷാജന്‍ കോശി, തന്റെ അമ്മയുടെ 85 -ാംമത് ജന്മദിനം പോലീസിനൊപ്പം ആഘോഷിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയും, നേരത്തെ ഇലവുംതിട്ടയില്‍ പോലീസിന്റെ നേതൃത്വത്തില്‍ തുടങ്ങിയ തയ്യല്‍ പരിശീലനകേന്ദ്രത്തിലേക്ക് അഞ്ചു തയ്യല്‍ മെഷീനുകള്‍ സംഭവനയായി നല്‍കുകയും ചെയ്തിരുന്നു. ഷാജന്‍ കോശി ഉള്‍പ്പെടെ എല്ലാവരോടും നന്ദിയും സ്‌നേഹവുമുണ്ടെന്നും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.
തയ്യല്‍ പരിശീലന കേന്ദ്രം തുടങ്ങുന്നതിന് എടുത്ത തീരുമാനം സാമൂഹിക മാധ്യമങ്ങളുലൂടെ പോലീസ് അറിയിച്ചത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഷാജന്‍ കോശി ജനമൈത്രി പോലീസുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. കേന്ദ്രത്തില്‍ സൗജന്യമായാണ് പരിശീലനം നല്‍കുക. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. സാമ്പത്തിക പരാധീനതയുള്ളവര്‍ക്ക് സ്‌പോണ്‍സര്‍മാരുടെ സഹകരണത്തോടെ തയ്യല്‍ മെഷീനുകളും വിതരണം ചെയ്യും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന ലളിതമായ ചടങ്ങില്‍ ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പിയും ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസറുമായ ആര്‍. സുധാകരന്‍ പിള്ള അധ്യക്ഷനായിരുന്നു. പത്തനംതിട്ട ഡിവൈഎസ്പി കെ. സജീവ്, ഇലവുംതിട്ട സബ് ഇന്‍സ്പെക്ടര്‍ ടി.ജെ. ജയേഷ്, ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എ. ബിനു, ബീറ്റ് ഓഫീസര്‍മാരായ അന്‍വര്‍ഷാ, പ്രശാന്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

error: Content is protected !!