Trending Now

പോപ്പുലര്‍ ഫിനാന്‍സ്സിന്‍റെ കണ്ണൂരിലെ എല്ലാ ശാഖകളും ഏറ്റെടുക്കാന്‍ ഉത്തരവ്

 

കോന്നി വാര്‍ത്ത : പോപ്പുലര്‍ ഫിനാന്‍സ്സിന്‍റെ കണ്ണൂര്‍ ജില്ലയിലെ എല്ലാ ശാഖകളും അനുബന്ധ സ്ഥാപനങ്ങളും അടച്ചു പൂട്ടാന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. ബ്രാഞ്ചുകളിലെ സ്വര്‍ണം, പണം, ബാങ്ക് രേഖകള്‍, ചെക്ക്, പണയ വസ്തുക്കള്‍, സര്‍ക്കാര്‍ സെക്യൂരിറ്റീസ് തുടങ്ങിയവയും സ്ഥലങ്ങള്‍, വീട്, കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും വസ്തുവകകള്‍ വാങ്ങാനോ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ മറ്റ് ഇടപാടുകള്‍ നടത്താനോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. പോപ്പുലര്‍ ഫിനാന്‍സ്, അനുബന്ധ സ്ഥാപനങ്ങള്‍, കമ്പനി ഡയറക്ടര്‍മാര്‍, പങ്കാളികള്‍, മനേജ്‌മെന്റ്, ഏജന്റുമാര്‍ എന്നിവര്‍ കൈകാര്യം ചെയ്യുന്ന ചിട്ടി കമ്പനികള്‍, കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍, ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചതായും ഉത്തരവില്‍ പറയുന്നു. 2013 ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ് ഓഫ് ഡെപ്പോസിറ്റേഴ്‌സ് ഇന്‍ ഫിനാന്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് നടപടി. ഓഫിസുകള്‍ പൂട്ടി സീല്‍ ചെയ്യുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സീല്‍ ചെയ്ത ശേഷം താക്കോല്‍ എഡിഎമ്മിന് കൈമാറണം. വസ്തുക്കളുടെ കൈമാറ്റം തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) യും പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ ലീഡ് ബാങ്ക് മാനേജര്‍, കോ ഓപ്പറേറ്റീവ് സൊസൈറ്റി ജോയിന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, കെ എസ് എഫ് ഇ റീജിയണല്‍ ഓഫീസ് കണ്ണൂര്‍, കെ എഫ് സി ജില്ലാ മനേജര്‍ എന്നിവരെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തി. പോപ്പുലര്‍ ഫിനാന്‍സിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പേരിലുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് നല്‍കുന്നതിനും കൈമാറ്റം തടയുന്നതിനുമാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെയും പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും വസ്തുക്കള്‍ നീക്കം ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും തഹസില്‍ദാര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

error: Content is protected !!