
അഞ്ച് ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടി ടീം ഗ്ലോഫ്സെൻസ്
konnivartha.com: ഹിമ തടാകങ്ങളിലെ ജലസ്ഫോടനം വഴി ഉണ്ടാകുന്ന വെള്ളപ്പൊക്കം (Glacier Lake Outburst Flood – GLOF) ലഘൂകരിക്കാനായി നൂതനവും സുസ്ഥിരവുമായ പ്രോട്ടോ ടൈപ്പ് മോഡൽ വികസിപ്പിക്കുന്നതിന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവുമായി സഹകരിച്ച് തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് സംഘടിപ്പിച്ച ‘ഹിമാഷീൽഡ്’ ദേശീയ ചാലഞ്ചിലെ വിജയികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ഹിമാഷീൽഡ് ഗ്രാൻഡ് ചലഞ്ചിലെ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ഹിമതടാകങ്ങളിലെ ജലസ്ഫോടനം വഴി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ നേരിടുന്നതിന് നൂതനവും സുസ്ഥിരവുമായ തദ്ദേശീയ പരിഹാരങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര ഇലക്ട്രോണിക്സ് & ഐ ടി സെക്രട്ടറി എസ് കൃഷ്ണനാണ് 2024 ഓഗസ്റ്റ് 24-ന് രാജ്യവ്യാപകമായ ചാലഞ്ചിന് തുടക്കമിട്ടത്.
151 ടീമുകൾ പങ്കാളികളായ ആദ്യ റൗണ്ടിന് ശേഷം 30 ടീമുകൾ രണ്ടാം റൗണ്ടിലേക്കും ഏഴു ടീമുകൾ അവസാന റൗണ്ടിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഇവരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. അഞ്ചു ലക്ഷം രൂപയുടെ ഒന്നാം സമ്മാനം തമിഴ്‌നാട്, സത്യമംഗലം, ബന്നാരി അമ്മൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ടീം ഗ്ലോഫ്സെൻസ് നേടി. മൂന്ന് ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ഡെറാഡൂൺ, വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയിലേയും മെസ്ര, ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേയും അംഗങ്ങൾ അടങ്ങുന്ന ടീം ക്രയോ വിസാർഡ് കരസ്ഥമാക്കി. രണ്ട് ലക്ഷം രൂപയുടെ മൂന്നാം സമ്മാനം ഐഐടി ഭുവനേശ്വറിലെ ടീം ക്രയോ സെൻസ് നേടി.
കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിലെ ആർ ആൻഡ് ഡി വിഭാഗം ഗ്രൂപ്പ് കോർഡിനേറ്ററും ശാസ്ത്രജ്ഞയുമായ സുനിത വർമ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സി-ഡാക് ഡയറക്ടർ ഡോ.കലൈ സെൽവൻ എ സ്വാഗതം പറഞ്ഞു. ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്ററിലെ മുൻ ശാസ്ത്രജ്ഞൻ ഡോ. ഡി ഡി റേ, സിക്കിം ഗവൺമെൻ്റിലെ സയൻസ് & ടെക്നോളജി വകുപ്പ് സെക്രട്ടറി ഡി.ജി. ശ്രേഷ്ട, സി-ഡാക് പൂനെയിലെ ഹൈ-പെർഫോമൻസ് കംപ്യൂട്ടിംഗ്, എർത്ത് സയൻസ് എഞ്ചിനീയറിംഗ് ആൻഡ് ജിയോസ്പേഷ്യൽ ആപ്ലിക്കേഷൻസ് ഗ്രൂപ്പ്, സയൻ്റിസ്റ്റ്-ജി & ഗ്രൂപ്പ് ഹെഡ് ഡോ. മനോജ് ഖരെ എന്നിവർ സാങ്കേതിക ക്ലാസുകൾ എടുത്തു. കേന്ദ്ര ഇലക്ട്രോണിക്സ് & ഐ ടി മന്ത്രാലയം സർട്ടിഫൈയിംഗ് അതോറിറ്റി കൺട്രോളർ അരവിന്ദ് കുമാർ ആശംസകൾ അർപ്പിച്ചു. തിരുവനന്തപുരം സി-ഡാക് സ്ട്രാറ്റജിക് ഇലക്‌ട്രോണിക്‌സ് ഗ്രൂപ്പ് സീനിയർ ഡയറക്‌ടറും ഗ്രൂപ്പ് ഹെഡുമായ രാജേഷ് കെ ആർ നന്ദി പറഞ്ഞു