![](https://www.konnivartha.com/wp-content/uploads/2025/02/photo1JBF2-880x528.jpg)
KONNIVARTHA.COM: ചരിത്രനേട്ടം സ്വന്തമാക്കി ദക്ഷിണ റെയിൽവേയുടെ മെഡിക്കൽ വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം പേട്ടയിലെ ഡിവിഷണൽ റെയിൽവേ ആശുപത്രി. അഭിമാനകരമായ എൻട്രി-ലെവൽ എൻഎബിഎച്ച് അംഗീകാരമാണ് ആശുപത്രിക്കു ലഭിച്ചത്. ഈ അംഗീകാരം ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡിവിഷണൽ റെയിൽവേ ആശുപത്രിയാണിത്.
അക്രഡിറ്റേഷൻ പ്രക്രിയയുടെ ഭാഗമായി, അടിസ്ഥാനസൗകര്യങ്ങളിൽ കോർപ്പറേറ്റ് മേഖലയോടു കിടപിടിക്കുംവിധം ആശുപത്രി വളരെയധികം പുരോഗതി കൈവരിച്ചു. ജനറൽ സർജറി, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി, ഇഎൻടി, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, പീഡിയാട്രിക്സ്, ഡെന്റൽ സേവനങ്ങൾ എന്നിവയിലെ സ്പെഷ്യലിസ്റ്റുകൾ ഇപ്പോൾ ആശുപത്രിയിലുണ്ട്. കൂടാതെ, കാർഡിയോളജി, ന്യൂറോളജി, യൂറോളജി, ഗ്യാസ്ട്രോഎൻട്രോളജി, സൈക്യാട്രി, ഓർത്തോപീഡിക്സ്, ഡെർമറ്റോളജി, പൾമണോളജി, റേഡിയോളജി എന്നീ മേഖലകളിലെ വിസിറ്റിങ് കൺസൾട്ടന്റുമാരുമുണ്ട്.
തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ ആശുപത്രിയിൽ അൾട്രാ-സോണോഗ്രാം, എക്കോ കാർഡിയോഗ്രാഫി, ഡോപ്ലർ ഇമേജിംഗ് എന്നിവയുൾപ്പെടെയുള്ള നൂതന രോഗനിർണയ സേവനങ്ങളും ഇപ്പോഴുണ്ട്. പ്രധാനപ്പെട്ട എല്ലാ ശസ്ത്രക്രിയകളും സൂപ്പർ സ്പെഷ്യാലിറ്റി ശസ്ത്രക്രിയകളും മെഡിക്കൽ കൺസൾട്ടേഷനുകളും ആശുപത്രിയിൽ നടക്കുന്നു. വൈദ്യശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും സമഗ്ര ആരോഗ്യ പരിരക്ഷ നൽകുക എന്നതാണു ഡിവിഷണൽ ആശുപത്രിയുടെ ലക്ഷ്യം.
2025 ഫെബ്രുവരി 7നു തിരുവനന്തപുരത്തെ ഡിവിഷണൽ റെയിൽവേ ആശുപത്രിയിൽ നടന്ന ചടങ്ങിൽ റെയിൽവേ ആരോഗ്യസേവന ഡയറക്ടർ ജനറൽ ഡോ. മാൻ സിങ് NABH സർട്ടിഫിക്കറ്റ് ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു. റെയിൽവേ ബോർഡ് പ്രിൻസിപ്പൽ എക്സിക്യൂട്ടീവ് ഡയറക്ടർ (ഹെൽത്ത്) ഡോ. എം. രവീന്ദ്രൻ, പിസിഎംഡി/എസ്ആർ ഡോ. സി.എം. രവി, പിസിഎംഡി/എച്ച്ക്യു/എസ്ആർ ഡോ. കല്യാണി എസ്., ഡിആർഎം/ടിവിസി ഡോ. മനീഷ് തപ്ല്യാൽ, എഡിആർഎം/ടിവിസി ശ്രീമതി വിജി എം.ആർ., സിഎംഎസ്/ടിവിസി ഡോ. ശോഭ ജാസ്മിൻ എസ്., തിരുവനന്തപുരം പേട്ട ഡിവിഷണൽ റെയിൽവേ ആശുപത്രിയിലെ ബ്രാഞ്ച് ഓഫീസർമാർ, ഡോക്ടർമാർ, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിനുള്ള ആശുപത്രിയുടെ പ്രതിജ്ഞാബദ്ധതയും തുടർച്ചയായ പുരോഗതിക്കായുള്ള അതിന്റെ സമർപ്പണവും അടിവരയിടുന്നതാണ് നാഴികക്കല്ലായ ഈ നേട്ടം.