അയ്യപ്പസ്വാമിമാർക്കു പാപനാശിനിയായി ഉരക്കുഴി സ്നാനം
അയ്യപ്പാനുഗ്രഹത്തിനായി മലകയറുന്ന തീര്‍ഥാടകര്‍ക്കു പാപമോക്ഷത്തിനായുള്ള പുണ്യതീര്‍ഥമായി പാണ്ടിത്താവളത്തിനടുത്തെ ഉരക്കുഴി വെള്ളച്ചാട്ടം. അയ്യപ്പദര്‍ശനശേഷം ഇവിടെ മുങ്ങിക്കുളിച്ചാണ് മിക്കവരും മലയിറങ്ങുന്നത്. പരമ്പരാഗത കാനനപാതവഴി സന്നിധാനത്തു വരുന്നവര്‍ ഇവിടെ മുങ്ങിയതിനു ശേഷമാണ് ദര്‍ശനം നടത്തുന്നത്.
മഹിഷീ നിഗ്രഹത്തിനുശേഷം അയ്യപ്പന്‍ ഈ കാനനതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ചു സന്നിധിയില്‍ എത്തിയെന്നാണു വിശ്വാസം. ഇതിന്റെ ചുവടു പിടിച്ചാണ് അയ്യപ്പഭക്തര്‍ ഉരക്കുഴി വെള്ളച്ചാട്ടത്തില്‍ മുങ്ങിക്കുളിക്കുന്നത്.
പമ്പാനദിയുടെ കൈവഴിലെ കുമ്പളം തോട്ടില്‍നിന്നും പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തിനു കീഴെയാണ് ഉരക്കുഴി തീര്‍ത്ഥം. വെള്ളം സ്ഥിരമായി പതിച്ച പാറ ഉരല്‍പോലെ കുഴിയായെന്നും ഉരല്‍ക്കുഴി ലോപിച്ച് ഉരക്കുഴി ആയെന്നുമാണ് വിശ്വാസം. ഒരുസമയം ഒരാള്‍ക്ക് മാത്രമാണിവിടെ മുങ്ങിക്കുളിക്കാന്‍ കഴിയുക. ഉരല്‍ക്കുഴിയിലെ കുളി പാപനാശിനിയാണെന്നു ഭക്തര്‍ കരുതുന്നു.
അയ്യപ്പദര്‍ശനത്തിനു മുന്‍പും ദര്‍ശനത്തിനു ശേഷവും ഇവിടെയത്തി മുങ്ങിക്കുളിച്ചാല്‍ പാപമോക്ഷം നേടുമെന്നാണ് വിശ്വാസം. ഉരക്കുഴി കാണാനും കുളിക്കാനുമായി നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്.
നൂറാം വയസിൽ ശബരീശ സന്നിധിയിൽ ഒരു കന്നി മാളികപ്പുറം
നൂറാം വയസിൽ കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മ തൻ്റെ മൂന്നു തലമുറയിൽപ്പെട്ടവരോടൊപ്പമാണ് ആദ്യമായി ശബരിമല ചവിട്ടിയത്.
കൊച്ചുമകൻ ഗിരീഷ് കുമാർ, കൊച്ചുമകൻ്റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവരോടൊപ്പമാണ് പാറുക്കുട്ടിയമ്മ സന്നിധാനത്തെത്തിയത്. അമ്മൂമ്മ എന്തേ ഇത്രനാളും ശബരിമലയിൽ പോകാൻ വൈകിയത് എന്ന അവന്തികയുടെ ചോദ്യത്തിന് അമ്മയുടെ ഉത്തരം പെട്ടെന്നെത്തി.
നേരത്തേ പോകണം എന്നുണ്ടായിരുന്നു. പക്ഷേ, അതു സാധിച്ചില്ല. ഇനി നൂറു വയസിലേ ശബരിമലയിലേക്ക് പോകുന്നുള്ളൂ എന്നു തീരുമാനിച്ചു. അങ്ങനെ ഇപ്പോൾ ശബരിമലയിലെത്തി. പൊന്നുംപടിയും പൊന്നമ്പലവും കണ്ടു. മനസു നിറഞ്ഞു. ഒന്നു മിണ്ടണം. അത്രയേ വേണ്ടു. ഞാൻ എൻ്റെ ഭഗവാനെ കണ്ണുനിറച്ചു കണ്ടു. അതിന് ഞാൻ വരും വഴി ഒരുപാടു പേർ സഹായിച്ചു. അവരേയും ഭഗവാൻ രക്ഷിക്കും എന്നു പറയുമ്പോൾ അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു.
പാറുക്കുട്ടിയമ്മയുടെ മകളായ ഭാനുമതിയുടെ മകന്‍ ഗിരീഷ് കുമാറിൻ്റെ ഭാര്യ രാഖി ജോലി ചെയ്യുന്നത് ഇസ്രായേലിലാണ്. അതിനാല്‍ പലസ്തീനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ അയ്യപ്പനോടു പ്രാര്‍ഥിച്ചുവെന്നും പാറുക്കുട്ടിയമ്മ പറഞ്ഞു. 1923-ല്‍ ജനിച്ചെങ്കിലും മലചവിട്ടാനുള്ള പാറുക്കുട്ടിയമ്മയുടെ ആഗ്രഹം സഫലമാകുന്നത് ഇപ്പോഴാണ്. മൂന്നാനക്കുഴിയിൽ നിന്നും ഡിസംബർ രണ്ടിനു തിരിച്ച 14 അംഗ സംഘത്തിനൊപ്പമാണ് പാറുക്കുട്ടിയമ്മ പമ്പയിലെത്തിയത്. മൂന്നിനു പമ്പയിലെത്തിയ സംഘം വിശ്രമ ശേഷം നാലിനു രാവിലെയാണ് സന്നിധാനത്തെത്തിയത്.
പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞു ശ്രീ ധർമ്മ ശാസ്താ അയ്യപ്പസേവാ സമിതി
പ്ലാസ്റ്റിക് വിമുക്ത ശബരിമല എന്ന സന്ദേശം നൽകി പ്ലാസ്റ്റിക് വിമുക്ത യാത്രയായി സന്നിധാനത്തെത്തിയതാണ് ബംഗളൂരുവിലെ ശ്രീ ധർമ്മ ശാസ്താ അയ്യപ്പ സേവാ സമിതി സംഘം. പെരിയസ്വാമി ആർ ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിൽ എത്തിയ 40 അംഗമാണ് പൂങ്കാവനം മാലിന്യ മുക്തമാക്കി സുരക്ഷിക്കുന്നതിനു തങ്ങളെക്കൊണ്ടാകുന്ന സേവനം ചെയ്യുന്നതിൻ്റെ ഭാഗമായി പ്ലാസ്റ്റിക് വർജിത ഇരുമുടിക്കെട്ടുകളുമായി സന്നിധാനത്തെത്തിയത്.
മഞ്ഞൾ, കുങ്കുമം, ചന്ദനം, അഗർബത്തി, വിഭൂതി, കർപ്പൂരം, അവൽ മലർ, വെള്ള/ഓറഞ്ച് കല്ല് പഞ്ചസാര, കശുവണ്ടിപ്പരിപ്പ്, ഡ്രൈ ഫ്രൂട്ട്‌സ്/ഈന്തപ്പഴം തുടങ്ങി എല്ലാ പൂജാ സാധനങ്ങളും പേപ്പർ പൗച്ചുകളിലാണവർ പായ്ക്കു ചെയ്തിരിക്കുന്നത്. തുണി സഞ്ചികളും, വെള്ളം കുടിക്കുന്നതിനു സ്റ്റീൽ ടംബ്ലറുകളുമായാണ് എത്തിയത്. ബംഗളൂരുവിലുള്ള അയ്യപ്പസേവാസംഘങ്ങളിലെല്ലാം ഈ സന്ദേശ മെത്തിച്ചു പ്ലാസ്റ്റിക് രഹിത പൂങ്കാവനമാക്കുന്നതിൽ തങ്ങളും ഭാഗഭാക്കാകുമെന്നും സംഘം അറിയിച്ചു.