പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

മൃഗസംരക്ഷണ മേഖലയില്‍ മികച്ച യുവസംരഭകര്‍ക്കുള്ള അനുമോദനവും സര്‍ട്ടിഫിക്കറ്റ് വിതരണവും

കുടുംബശ്രീ ജില്ലാമിഷന്‍, റാന്നി ബ്ലോക്കിലെ എല്‍.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായി യുവസംരംഭകര്‍ക്കുളള അവാര്‍ഡ് ദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. മുഖ്യപ്രഭാഷണവും സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍ നിര്‍വഹിച്ചു. മികച്ച സംരംഭകര്‍ക്കുള്ള അവാര്‍ഡുകള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി വിതരണം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജര്‍ സുഹാന ബീഗം, റാന്നി ബ്ലോക്ക് ജി.ഇ.ഒ മഞ്ജു ജോര്‍ജ്ജ്, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍മാരായ നിഷരാജീവ്, മിനി അശോകന്‍, ലേഖാ രഘു, ഓമന രാജന്‍, വൈസ് ചെയപേഴ്‌സണ്‍ സാറാമ്മ ജോണ്‍, ടീം അംഗം പി.വി രാജേഷ്, റാന്നി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ശാരി കൃഷ്ണ, കോന്നി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഋഷി സുരേഷ്, അനന്ദു, ഷേര്‍ളി, പ്രിസ്‌ക്കില്ല, അനിയന്‍കുഞ്ഞ്് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ മെയ് 12 ന് ഹിയറിംഗ് നടത്തും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന ഹിയറിംഗില്‍ പരാതികളും സ്വീകരിക്കുമെന്ന് മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍ അറിയിച്ചു.

അടൂര്‍ താലൂക്ക് വികസന സമിതി യോഗം

അടൂര്‍ താലൂക്ക് വികസന സമിതിയുടെ യോഗം അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷതയില്‍ ചേര്‍ന്നു. അടൂര്‍ താലൂക്കിലെ വിവിധ കയ്യേറ്റങ്ങളിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. ടൗണിലെ വെളളക്കെട്ട്, ഓടനിര്‍മ്മാണം, ബൈപാസിലെ റോഡ് അപകടങ്ങള്‍, അടൂര്‍ താലൂക്ക് പരിധിയിലെ ഹോട്ടലുകളിലെ ശുചിത്വം ഉറപ്പു വരുത്തുന്നത് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

പുനര്‍ ലേലം

തിരുവല്ല താലൂക്ക് ആശുപത്രി വളപ്പില്‍ ഐസൊലേഷന്‍ വാര്‍ഡ് നിര്‍മിക്കുന്നതിന് തടസമായി നില്‍ക്കുന്ന ഒരു വേപ്പ്, അരയാഞ്ഞിലി, മൂന്ന് വട്ട എന്നീ മരങ്ങള്‍ മുറിച്ച് മാറ്റി ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിന് മെയ് 12 ന് രാവിലെ 11 ന് ലേലം ചെയ്ത് വില്‍ക്കും. താത്പര്യമുളളവര്‍ക്ക് 500 രൂപ നിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0469 2602494.

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം കോഴഞ്ചേരി താലൂക്ക് ഓഫീസില്‍ മല്ലപ്പുഴശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പത്തനംതിട്ട ടൗണില്‍ അബാന്‍ മേല്‍പ്പാലം നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകാനിടയുളള ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അബ്ദുള്‍ ഷൂക്കൂര്‍, സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി, ജോണ്‍ പോള്‍ മാത്യൂ കേരള കോണ്‍ഗ്രസ് (ബി) പ്രതിനിധി എന്നിവര്‍ ആവശ്യപ്പെട്ടു.

താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ അടിയന്തിരമായി മുറിച്ചു മാറ്റണമെന്ന് ഐ.യു.എം.എല്‍ മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി എന്‍. ബിസ്മില്ലാഖാന്‍ പറഞ്ഞു. ചെന്നീര്‍ക്കര കെ.വി യിലേക്കുള്ള കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കണമെന്നും സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി പറഞ്ഞു. കോഴഞ്ചേരി താലൂക്കിന്റെ പരിധിയില്‍ വരുന്ന എല്ലാ വെയിറ്റിംഗ് ഷെഢുകളും അപകടാവസ്ഥയിലാണെന്നും ആസ്ബറ്റോസ് ഷീറ്റിട്ട് ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും കേരള കോണ്‍ഗ്രസ് (ബി) പ്രതിനിധി ഓര്‍മ്മിപ്പിച്ചു. യോഗത്തില്‍ തഹസില്‍ദാര്‍ ആര്‍.കെ സുനില്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ നസീമ ബീവി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

വ്യത്യസ്ഥമായ രചനാശൈലിയാണ് കലാകാരന്മാരെ സൃഷ്ടിക്കുന്നത്: പ്രൊഫ.ടി .കെ ജി നായര്‍
വ്യക്തികളുടെ ആത്മാവിഷ്‌ക്കാരമാണ് കലാ രചനയെന്ന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പ്രൊഫ.ടി .കെ ജി നായര്‍. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളജില്‍ നടന്ന ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. കുട്ടികളുടെ ആത്മാവിഷ്‌കാരങ്ങളെ അവതരിപ്പിക്കുന്ന കലയാണ് ചിത്രരചന. ഓരോരുത്തരുടേയും രചനാശൈലി വ്യത്യസ്ഥമാണ്. ആ വ്യത്യസ്ഥതയാണ് കലാകാരന്മാരെ സൃഷ്ടിക്കുന്നത്. അറിവിന്റെ എല്ലാ വാതായനങ്ങളിലും എത്തി നില്‍ക്കുന്നവരാണ് ഇപ്പോഴുള്ള കുട്ടികള്‍. എല്ലാ ലൈബ്രറികളിലും ബാലവേദികള്‍ പ്രവര്‍ത്തിക്കണമെന്നും ടി.കെ.ജി നായര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ യുപി, ഹൈസ്‌കൂള്‍ വിഭാഗത്തിലായാണ് മത്സരം സംഘടിപ്പിച്ചത്. യു പി വിഭാഗത്തില്‍ 33 ഉം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 32 പേരും ഉള്‍പ്പടെ 65 കുട്ടികള്‍ പങ്കെടുത്തു. വിജയികളെ വ്യാഴാഴ്ച (12) പ്രഖ്യാപിക്കും.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി.ജെ. ഫിലിപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി.ആനന്ദന്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം രാജന്‍ വര്‍ഗീസ്, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.എന്‍. സോമരാജന്‍, കോന്നി ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പേരൂര്‍ സുനില്‍, കോഴഞ്ചേരി താലൂക്ക് ലൈബ്രറി വൈസ് പ്രസിഡന്റ് കെ.അമ്മിണിയമ്മ, ചിത്രകാരന്‍ പ്രമോദ് കുരമ്പാല എന്നിവര്‍ പങ്കെടുത്തു.

ഞങ്ങളും കൃഷിയിലേക്ക് കാമ്പയിന്‍: അര ഏക്കര്‍ തരിശ് പുരയിടത്തില്‍ കൃഷി ആരംഭിക്കുന്നു

ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അര ഏക്കര്‍ തരിശ് പുരയിടത്തില്‍ കൃഷി ആരംഭിച്ച് പദ്ധതിയുടെ ഭാഗമാകുന്നു. ഇന്ന് (മെയ് 10) രാവിലെ 10 ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന്റെ കൃഷിയിടത്തില്‍ നിന്നും വിളവെടുത്ത ചീരവിത്ത് പാകി കൃഷി ആരംഭിക്കും. ഓരോ വീട്ടിലും ഒരു ചെറു കൃഷിതോട്ടമെങ്കിലും ഇറക്കി ഒരോരുത്തര്‍ക്കും ഈ പദ്ധതിയില്‍ അണി ചേരാം. ദൈനംദിനം വീടുകളില്‍ വിളമ്പുന്ന ഭക്ഷണത്തില്‍ വിഷവും ഹോര്‍മോണും നിറഞ്ഞതും ഇതുമൂലം കിഡ്‌നി, ഹൃദയ രോഗങ്ങള്‍, കാന്‍സര്‍ എന്നിവ അതിവേഗം പടരുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന തിരിച്ചറിവാണ് ഈ ക്യാമ്പയിന്റെ അടിസ്ഥാനം.

തൊഴില്‍മേള

സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുളള പരിശീലനം നേടിയ ഇലക്ട്രീഷ്യന്മാര്‍ക്കുളള തൊഴില്‍മേള ഇന്ന് തിരുവനന്തപുരത്ത് അനെര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചു. പരിശീലനം ലഭിച്ചവര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതില്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് അനെര്‍ട്ട് തൊഴില്‍മേള സംഘടിപ്പിക്കുന്നത്

 

. തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ലവരെയുളള ഇലക്ട്രീഷ്യന്മാര്‍ക്കുളള തൊഴില്‍മേളയാണ് തിരുവനന്തപുരത്ത് നടക്കുന്നത്. തിരുവനന്തപുരം തൈക്കാട്ടുളള ഗവ. വനിതാ കോളജില്‍ ഇന്ന് രാവിലെ 10 മുതല്‍ അഞ്ചു വരെയാണ് പരിപാടി. പരിശീലനം ലഭിച്ച ഐ.ടി.ഐ, വി.എച്ച്.എസ്.സി വിദ്യാര്‍ഥികള്‍ക്കും നിലവില്‍ ഇലക്ട്രീഷ്യന്‍ ജോലി ചെയ്യുന്നവര്‍ക്കും മേളയില്‍ പങ്കെടുക്കാം.

 

error: Content is protected !!