Trending Now

കേരളീയം : വാര്‍ത്ത കള്‍ /വിശേഷങ്ങള്‍ ( 06/11/2023)

 

ചെറിയ ജാതിക്കയുടെ വലിയ രുചികളുമായി ജെസിയും മായയും

കേരളീയത്തില്‍ ജാതിക്കയുടെ വേറിട്ട രുചികള്‍ സമ്മാനിച്ച സന്തോഷത്തിലാണ് ജെസിയും മായയും. കാസര്‍ഗോഡിന്റെ മണ്ണില്‍ നിന്നു പുത്തന്‍ രുചികളുമായി കേരളീയത്തിലെത്തിയ ജെസിയും മായയും ഒന്‍പതു വര്‍ഷമായി ജാതിക്ക രുചികളില്‍ നടത്തിയ പരീക്ഷണത്തിനും പ്രയത്നത്തിനുമൊടുവില്‍ വിജയപാതയില്‍ എത്തിനില്‍ക്കുകയാണ്.

പച്ച-ഉണക്ക ജാതിക്ക അച്ചാര്‍, തേന്‍ ജാതിക്ക, ജാതിക്ക സ്‌ക്വാഷ്, ജാതിക്ക ജാം, ജാതിക്ക ഡ്രിങ്ക് എന്നിങ്ങനെ ആറോളം ജാതിക്ക വിഭവങ്ങളൊരുക്കിയാണ് കുടുബശ്രീയുടെ വിപണന മേളയില്‍ ഇവര്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ഔഷധഗുണങ്ങളുടെ കലവറയായ ജാതിക്ക കൊണ്ട് പുത്തന്‍ സംരംഭം സെയിന്റ് നട്ട്മെഗ് പ്രോജക്ട് തുടങ്ങാനായതില്‍ ബന്ധുക്കള്‍ കൂടിയായ ജെസ്സിയും മായയും ഏറെ സന്തുഷ്ടരാണ്. വ്യാപാര വിപണിയില്‍ ഉയര്‍ന്ന മൂല്യമുള്ള ജാതിയുടെ പരിപ്പും തോടും ജാതിപത്രിയുമെല്ലാം ഉപയോഗിച്ചാണ് വിഭവങ്ങള്‍ ഒരുക്കുന്നത്. മസാല കൂട്ടുകള്‍ക്കും കേക്ക് ,പുഡ്ഡിംഗ് എന്നിവയ്ക്കും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും വായു സംബന്ധമായ അസുഖങ്ങള്‍ക്കും ജാതിക്ക ഉത്തമമായതിനാല്‍ ഇവരുടെ വിഭവങ്ങള്‍ക്കും മേളയില്‍ ഡിമാന്‍ഡ്ഏറെയാണ്.

ചാന്ദ്രയാന്‍-2: കേരളത്തിന്റെ സംഭാവനകള്‍ എടുത്തുകാട്ടിയ പ്രദര്‍ശനം ശ്രദ്ധേയമായി

ചാന്ദ്രയാന്‍ – 2 ദൗത്യത്തിന് കേരളം നല്‍കിയ സംഭാവനകള്‍ എണ്ണിപ്പറഞ്ഞ് കേരളീയത്തില്‍ വ്യവസായ വകുപ്പ് അവതരിപ്പിച്ച പ്രദര്‍ശനം കാണികള്‍ക്ക് ഹൃദ്യമായ അനുഭവമായിരുന്നു. ചാന്ദ്രയാന്‍-രണ്ടിന് വിവിധ തരത്തില്‍ സംഭാവനകള്‍ നല്‍കിയ 13 സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ക്കൊപ്പം ചാന്ദ്രയാന്‍-2 പേടകത്തിന്റെ മാതൃകയും ചന്ദ്രന്റെ മാതൃകയും ഇന്‍സ്റ്റലേഷനുകളായി പുത്തരിക്കണ്ടത്തെ പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു.

പ്രളയക്കെടുത്തിയെ അതിജീവിച്ച കേരളത്തിന്റെ പ്രതീകമായ ചേക്കുട്ടിപ്പാവകൊണ്ട് അലങ്കരിച്ച കൂറ്റന്‍ ഇന്‍സ്റ്റലേഷനായിരുന്നു പ്രധാന ആകര്‍ഷണം. പ്രദര്‍ശത്തിനെത്തിയവരുടെ പ്രധാന സെല്‍ഫി പോയിന്റുകൂടിയായി മാറിയിരുന്നു ഇവിടം. സംസ്ഥാനത്തെ പുരോഗമനപരമായ നയങ്ങള്‍, കൈവരിച്ച നേട്ടങ്ങള്‍ എന്നിവ ടൈംലൈന്‍ മതിലായും ഒരുക്കിയിരുന്നു.

ബ്രാഹ്‌മോസ് എയ്‌റോ സ്‌പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡ്, ഹിന്‍ഡാല്‍കോ, കെല്‍ട്രോണ്‍, കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ്, കേരള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ്, കോര്‍ട്ടാസ്, പെര്‍ഫക്ട് മെറ്റല്‍ ഫിനിഷേഴ്‌സ്, സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്ങ്‌സ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്, വജ്ര റബര്‍ പ്രോഡക്ട്‌സ്, കാര്‍ത്തിക സര്‍ഫസ് എന്നിങ്ങനെ ചാന്ദ്രയാന്‍-2 ന് സംഭാവനകള്‍ നല്‍കിയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 43 സ്ഥാപനങ്ങള്‍ വിവിധ ഉത്പന്നങ്ങളുമായി പ്രദര്‍ശനത്തിനുണ്ടായിരുന്നു.

 

 

ശ്യാമമാധവത്തിന് വരയിലൂടെ പുതുജീവന്‍; ചുമര്‍ച്ചിത്രത്തിന്റെ മിഴിതുറന്ന് കേരളീയം

പ്രഭാവര്‍മ്മയുടെ അതിമനോഹര കവിത ശ്യാമമാധവത്തിന് വരയിലൂടെ പുതുജന്മം. കേരളീയം പരിപാടിയുടെ ഭാഗമായി പ്രഭാവര്‍മയുടെ ശ്യാമമാധവം കവിതയെ ആസ്പദമാക്കി ചിത്രകാരന്‍ സുരേഷ് മുതുകുളം വരച്ച ചുമര്‍ ചിത്രത്തിന്റെ നേത്രോന്‍മീലനം നര്‍ത്തകി ഡോ: രാജശ്രീ വാര്യര്‍ നിര്‍വഹിച്ചു. വാസ്തുവിദ്യാഗുരുകുലം പവലിയനില്‍ നടന്ന ചടങ്ങില്‍ കവി പ്രഭാവര്‍മ്മ സന്നിഹിതനായിരുന്നു. സ്വര്‍ഗാരോഹണത്തിനു മുന്‍പുള്ള കൃഷ്ണന്റെ കുറ്റസമ്മതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആടയാഭരണങ്ങള്‍ ഇല്ലാതെ വിവിധ വികാരങ്ങള്‍ പ്രതിഫലിക്കുന്ന ഭാവത്തിലാണ് കൃഷ്ണനെ വരച്ചിരിക്കുന്നത്.

സെമിനാര്‍ -മാറുന്ന കാലത്തെ ബഹുസ്വരതയും സാംസ്‌കാരിക വൈവിധ്യവും

ബഹുസ്വരത ജനാധിപത്യത്തിന്റെ കാതല്‍ എന്നുറപ്പിച്ച് കേരളീയം സെമിനാര്‍

എല്ലാ സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്ന ജന സമൂഹമാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പു മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു.ഉയര്‍ന്ന ജീവിത നിലവാര സൂചികകളിലും സാമൂഹിക സുരക്ഷിതത്വത്തിലും കേരളം വളരെ മുന്നിലാണ്. രാജ്യത്തെ ബഹുസ്വരതയും സാംസ്‌കാരിക ഇടപെടലുകളും സെമിനാര്‍ സൂക്ഷ്മമായി വിലയിരുത്തും.

ജന്മിത്വത്തിനെതിരായ ഇടപെടലാണ് കേരളത്തിന്റെ സാമൂഹിക ഘടനയെ നവീകരിച്ചത്. ഒരു ജനതയെ ആകെ മാറ്റിമറിച്ച ഇതിഹാസ തുല്യമായ മുന്നേറ്റമായിരുന്നു കേരളത്തിന്റെ നവോത്ഥാനം. ഇതിന്റെ തുടര്‍ച്ചയാണ് ഭൂപരിഷ്‌ക്കരണമടക്കമുള്ള തീരുമാനങ്ങളിലൂടെ ആദ്യ മന്ത്രിസഭ നടപ്പിലാക്കിയത്. വൈവിധ്യങ്ങളും ഏകതയും ഇല്ലാതാക്കുന്ന സാഹചര്യം നിലവിലുണ്ട്. ഐക്യവും അഖണ്ഡതയും ഇല്ലാതാക്കുന്ന ചരിത്രം തന്നെ തിരുത്തപ്പെടുന്ന സാഹചര്യവും ഗൗരവമായി കാണണമെന്ന് മന്ത്രി പറഞ്ഞു

ഒരു നാടിന്റെ ഭൂമിശാസ്ത്രം അതിന്റെ സംസ്‌കാരത്തെ സ്വാധീനിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി പറഞ്ഞു. സംഘടന എന്ന രാഷ്ട്രീയ രൂപീകരണ പ്രസ്ഥാനം നവോത്ഥാന കാലത്തിന്റെ പ്രത്യേകതയാണ്. ഗ്രന്ഥശാല, തൊഴിലാളി യൂണിയനുകള്‍ , സഹകരണസംഘടനകള്‍ എന്നിവയെല്ലാം കേരളത്തിന്റെ സാമൂഹിക ജീവിതത്തെ മാറ്റിമറിച്ചു. യാഥാസ്ഥിതികതയുടെയും വര്‍ഗീയതയുടെയും ലോകമില്ലാതാക്കി മാനവികതയുടെ പ്രക്ഷേപണ കേന്ദ്രങ്ങളായി മാറാനാണ് സാംസ്‌കാരിക വകുപ്പ് ശ്രമിക്കുന്നതെന്നും മിനി ആന്റണി പറഞ്ഞു

എല്ലാമുള്‍ക്കൊള്ളുന്ന പദമെന്ന നിലയില്‍ സംസ്‌കാരമെന്നത് നിര്‍വചിക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണെന്ന് മുന്‍ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പ് മന്ത്രി എം എ ബേബി അഭിപ്രായപ്പെട്ടു. മാനവികമായ പൊതു ലക്ഷ്യത്തിന് വേണ്ടി ഒന്നാകുമ്പോള്‍ പോലും ബഹുസ്വരതകളുണ്ടാകണം. ലോകത്തെമ്പാടും എല്ലാം ഒന്നായി തീരണമെന്ന ചിന്ത സാമൂഹത്തില്‍ വ്യാപകമാകുന്നുണ്ട്. ഇതിനെതിരായി എന്തു നിലപാട് സ്വീകരിക്കണമെന്നതാണ് സെമിനാര്‍ ചര്‍ച്ച ചെയ്യുന്നതെന്നും എം എ ബേബി പറഞ്ഞു

വെറുപ്പിന്റെയും വംശീയതയക്കുമെതിരായി നിലപാടെടുക്കുന്ന കേരളീയത്തിന്റെ വേദിയിലെത്തിയതില്‍ അഭിമാനിക്കുന്നതായി കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ചെയര്‍മാന്‍ സയീദ് അക്തര്‍ മിര്‍സ അഭിപ്രായപ്പെട്ടു. യാഥാര്‍ത്ഥ്യങ്ങളെയും ചരിത്ര വസ്തുതകളെയും ഫാസിസ്റ്റുകള്‍ എല്ലാ കാലത്തും ഭയപ്പെടുന്നു. ചരിത്ര രേഖകളെ തിരുത്തിയും ഇല്ലാതാക്കുന്നതിനെയും ഗൗരവമായി കാണണം.എഴുത്തിനെയും സര്‍ഗാത്മകതയെയും സംഗീതത്തെയും ഉള്‍ക്കൊള്ളുന്ന മഹത്തായ സംസ്‌ക്കാരം നമ്മുടെ രാജ്യത്തിനുണ്ടെന്നും അതാണ് തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ നൂറു കിലോമീറ്റര്‍ യാത്രയിലും വ്യത്യസ്ഥത അനുഭവിക്കാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ ശ്രീനിവാസറാവു പറഞ്ഞു. സാമൂഹിക, മാനസിക യാഥാര്‍ത്ഥ്യങ്ങളെ ആവിഷ്‌ക്കരിക്കുന്നതാണ് നമ്മുടെ സാഹിത്യം. വിഭിന്ന ങ്ങളായ ജൈവ വൈവിധ്യം സമൂഹത്തിന്റെ നിലനില്‍പ്പിനാവശ്യമാണ്. സംവാദങ്ങളും യോജിപ്പും വിയോജിപ്പും സമൂഹത്തിന്റെ വളര്‍ച്ചയെയും ജനാധിപത്യ ക്രമത്തെയും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത അടരുകളിലൂടെ നിലനില്‍ക്കുന്നതാണ് ബഹുസ്വരതയെന്ന് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ കെ എ ബീന പറഞ്ഞു. വ്യത്യസ്തകളെ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്ന സാഹചര്യം കേരളത്തിന്റെ പ്രത്യേകതയാണ്. ബഹുസ്വരതകളെ തമസ്‌ക്കരിക്കുന്ന വിവേചനവും അയിത്തവും ഇന്നും പലസംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നതായും കെ എ ബീന പറഞ്ഞു.

കേരളമെന്ന മതേതര സംസ്ഥാനത്തെ സൃഷ്ടിക്കുന്നതില്‍ സിനിമക്ക് വലിയ പങ്കാണുള്ളതെന്ന് ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ പറഞ്ഞു. എല്ലാ കലകളെയും ഒരുമിപ്പിക്കുന്ന കലാരൂപമെന്ന നിലയില്‍ സിനിമ ഇന്ത്യയെ ഒരുമിപ്പിക്കുന്നു. സംസ്‌ക്കാരത്തെ ഒരു അടിസ്ഥാന സൗകര്യമെന്ന നിലയില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് പരിഗണിക്കണം. മനുഷ്യരെ പരസ്പ്പരം കോര്‍ത്തിണക്കാന്‍ കലയെ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലയാള സാഹിത്യം മുന്‍പെങ്ങുമില്ലാത്ത വിധം ബഹുസ്വരതയെ ഉള്‍ക്കൊള്ളുകയാണ് ഡി സി ബുക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, രവി ഡി സി പറഞ്ഞു. ഗോത്ര , ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളെയടക്കം ഉള്‍ക്കൊണ്ട് ആഖ്യാന രീതിയില്‍ പുതു പരീക്ഷണങ്ങള്‍ മലയാള സാഹിത്യത്തില്‍ നടക്കുന്നു. സംസ്ഥാനത്ത് കൃത്യമായ പുസ്തക നയം രൂപീകരിക്കുന്നതിലൂടെ സര്‍ഗാത്മക ലോകത്തെ പുതുതലമുറക്ക് പരിചയപ്പെടുത്താന്‍ കഴിയും. മതരാഷ്ട്ര ബോധത്തിനെതിരായും ഏകതാബോധത്തിനെതിരായും നിലപാട് സ്വീകരിച്ചു കൊണ്ടാണ് സാംസ്‌കാരിക ലോകം മുന്നോട്ടു പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു

സാംസ്‌കാരിക സമന്വയത്തിനും കൂട്ടായ്മകള്‍ക്കും ഭാഷ അതിരുകള്‍ സൃഷ്ടിക്കുന്നില്ലെന്ന് കവിയും ഡല്‍ഹി കെ കെ ബിര്‍ള ഫൗണ്ടേഷന്‍, ഡയറക്ടറുമായ ഡോ.സുരേഷ് ഋതുപര്‍ണ പറഞ്ഞു. വിദേശ സ്വാധീനത്തെയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ സമൂഹമാണ് കേരളമെന്ന് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ആര്‍. പാര്‍വതി ദേവി അഭിപ്രായപ്പെട്ടു.ഭാഷയിലും ഭക്ഷണത്തിലുമടക്കം എല്ലാ വൈവിധ്യങ്ങളെയും ചരിത്രാതീത കാലം മുതല്‍ കേരളം അംഗീകരിച്ചു വരുന്നു.

ജാതിയെയും മതത്തെയും നിരാകരിക്കുന്ന ഭക്ഷണ വിഭവങ്ങള്‍ കേരളത്തിന്റെ ബഹുസ്വരതയുടെ പ്രതീകങ്ങളാണെന്ന് എഴുത്തുകാരി
അനിതാ നായര്‍ പറഞ്ഞു. കേരളത്തിന്റെ വൈവിധ്യങ്ങളെ അംഗീകരിക്കാനുള്ള മനസ് കാരണമാണ് ജാതിമത ബോധമില്ലാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തൃശൂര്‍ പൂരം ആഘോഷിക്കാന്‍ കഴിയുന്നത്. സങ്കുചിതത്വങ്ങളില്ലാതെ വിശാല കാഴ്ചപ്പാടോടെ സമൂഹത്തെ സമീപിക്കാന്‍ കഴിയണമെന്നും അവര്‍ പറഞ്ഞു. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിനാറില്‍ വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ വൈസ് ചെയര്‍മാന്‍ ജി എസ് പ്രദീപ് ആമുഖ പ്രഭാഷണം നടത്തി. പ്രതിനിധികള്‍ക്കുള്ള സ്‌നേഹോപഹാരം മന്ത്രി സജി ചെറിയാന്‍സമ്മാനിച്ചു.

സെമിനാര്‍ – കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം മാതൃകയെന്ന് വിദഗ്ധര്‍

കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്ര ഹബ്ബാക്കി മാറ്റും- മന്ത്രി ആര്‍. ബിന്ദു

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റങ്ങളും പുതിയകാലം ഉയര്‍ത്തുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്ത് കേരളീയം സെമിനാര്‍. കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റാന്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളെ അഭിനന്ദിച്ച വിദഗ്ധര്‍, വിദ്യാഭ്യാസരംഗത്തെ പരിവര്‍ത്തനത്തിന് ഉതകുന്ന ഒട്ടേറെ നിര്‍ദേശങ്ങളും പങ്കുവെച്ചു. ഉന്നതവിദ്യാസ രംഗത്ത് കേരളം ശരിയായ പാതയിലാണെന്നും രാജ്യത്തിനാകെ മാതൃകയാണെന്നും വിദ്യാഭ്യാസ വിദഗ്ധര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസം എന്ന വിഷയത്തില്‍ നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു സംഘടിപ്പിച്ച സെമിനാറില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രി ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു.
വിദ്യാര്‍ഥി കേന്ദ്രീകൃതവും വഴക്കമുള്ളതുമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഒരു അന്താരാഷ്ട്ര ഹബ്ബാക്കി മാറ്റുുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിജ്ഞാനസമൂഹമാക്കി പരിവര്‍ത്തിപ്പിക്കുന്നതിന് ഉതകുന്ന രീതിയില്‍ വിശാല ലക്ഷ്യത്തോടെയാണ് ഉന്നതവിദ്യാഭ്യാസത്തില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഉന്നതവിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും സംസ്ഥാനം സ്വായത്തമാക്കിയ നേട്ടങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും മന്ത്രി ആമുഖ ഭാഷണത്തില്‍ വിശദീകരിച്ചു. ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സര്‍വകലാശാലയും ഡിജിറ്റല്‍ പാര്‍ക്കും കേരളത്തിലാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി മലയാളികള്‍ കേരളത്തിന് പുറത്തേക്കും വിദേശത്തേക്കും കൂടുതലായി പോകുന്ന പ്രവണത ഒഴിവാക്കുന്നതിന് വേണ്ട നടപടികളുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോവുകയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തി.

സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇതിനായി നിയമ നിര്‍മാണം നടത്തും. മികച്ച ഭൗതിക സൗകര്യവും അക്കാദമിക നിലവാരവുമുള്ള സ്ഥാപനങ്ങളെ സര്‍വകലാശാലകളാക്കുന്നത് പരിഗണിക്കാം എന്നാണ് സര്‍ക്കാര്‍ നിലപാട്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അന്തസോടെ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും സാഹചര്യമൊരുക്കാന്‍ ചാര്‍ട്ടര്‍ ഓഫ് റൈറ്റ്‌സ് തയ്യാറാക്കി പ്രസിദ്ധീകരിക്കും.

വിദ്യാഭ്യാസത്തെ തൊഴിലുമായി ബന്ധിപ്പിക്കുന്നതിന് സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് കോഴ്‌സുകള്‍ തയ്യാറാക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്റെ 30 കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതില്‍ അഞ്ചെണ്ണം പ്രാരംഭ ഘട്ടത്തിലാണ്. 20 ഗവ: കോളേജുകളെ കോണ്‍സ്റ്റിറ്റിയുവന്റ് കോളേജുകളാക്കി ഉയര്‍ത്തും. ഉന്നതവിദ്യാഭ്യാസ രംഗത്ത് പൂര്‍വ വിദ്യാര്‍ത്ഥി പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സമഗ്ര റിപ്പോര്‍ട്ട് ഇഷിത റോയ് അവതരിപ്പിച്ചു. സമൂഹ കേന്ദ്രീകൃതമായ ഒരു വിജ്ഞാനസമ്പദ് ഘടനയായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. സുസ്ഥിരവികസന ലക്ഷ്യം വെച്ച് അക്കാദമിക രംഗത്ത് സ്വയംഭരണ സാധ്യതയും വഴക്കമുള്ള കരിക്കുലം ഘടനയുമാണ് ലക്ഷ്യം വെക്കുന്നത്. 2024-25 ല്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (കെഐആര്‍എഫ്), സയന്‍സ് സിറ്റി, അസാപ് പോലുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക് വളരേണ്ടതിന്റെ പ്രാധാന്യം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിലെ (ഐഐടിഎം) പ്രൊഫ. പ്രദീപ് ടി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുകയും വളര്‍ത്തുകയു നിലനിര്‍ത്തുകയും വേണം. സാങ്കേതികവിദ്യക്കും ശാസ്ത്രത്തിനും പ്രാധാന്യം നല്‍കുന്ന നയമാണ് അടുത്ത 20 വര്‍ഷത്തേക്ക് കേരളത്തിനു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. നവകേരളം കെട്ടിപ്പടുക്കുന്നതിന് ഇന്റര്‍ ഡിസിപ്ലിനറി സ്ഥാപനങ്ങളും സമീപനങ്ങളും കൂടുതലായി വരേണ്ടതുണ്ടെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വര്‍ത്തമാനകാലത്ത് കേരളം കൈവരിച്ച നേട്ടങ്ങളും ഭാവിയില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചും ഡല്‍ഹി സര്‍വകലാശാല പ്രൊഫ. (റിട്ട.) ഡോ. ശ്യാം മേനോന്‍ സംസാരിച്ചു. പൊതുസ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും സ്വയം നിലനില്‍ക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കണം. സാമൂഹികനീതി പാലിച്ചുകൊണ്ട്, ലാഭേച്ഛയില്ലാതെ, ഉന്നത ആദര്‍ശങ്ങള്‍ കൈവരിക്കുകയാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. സര്‍വകലാശാലകള്‍ ഓര്‍ഗാനിക് സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയം(എന്‍ഇപി) കേരളത്തിന് അനുയോജ്യമായ വിധത്തില്‍ വിദ്യാര്‍ഥി കേന്ദ്രീകൃതമായി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നടപ്പിലാക്കണമെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളം ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും ഈ മേഖലയില്‍ തുല്യത സൃഷ്ടിക്കുന്നതില്‍ ഇനിയും മുന്നേറേണ്ടതുണ്ടെന്ന് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്‍ഡ് പ്ലാനിംഗിലെ പ്രൊഫ. സുര്‍ജിത് മസുന്ദര്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖല ജനാധിപത്യപരവും തൊഴിലധിഷ്ഠിതവുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഇ.പിക്ക് ബദലായ ഉന്നതവിദ്യാഭ്യാസ മേഖലയിലെ കേരള മാതൃകയെക്കുറിച്ചാണ് കല്‍ക്കട്ട സര്‍വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് വിമന്‍ സ്റ്റഡീസ് പ്രസിഡന്റുമായ ഇഷിത മുഖോപാധ്യായ സംസാരിച്ചത്. വിദ്യാഭ്യാസ രംഗത്തെ പരിമിതികളും വെല്ലുവിളികളും കേരളം നേരത്തേ തിരിച്ചറിഞ്ഞിരുന്നു. വിജ്ഞാന വിതരണത്തില്‍ തുല്യതക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഉന്നതവിദ്യാഭ്യാസ മേഖല പ്രവര്‍ത്തിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.

വിദ്യാഭ്യാസത്തിന്റെ ചരക്കുവത്കരണത്തിനും വിപണന സാധ്യതകള്‍ക്കും അമിത പ്രാധാന്യം നല്‍കുന്ന എന്‍.ഇ.പിയുടെ ദോഷവശങ്ങളെക്കുറിച്ച് ജാഗ്രത വേണമെന്നും അവര്‍ പറഞ്ഞു. ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ്, ഗണിതം തുടങ്ങിയ മേഖലകളില്‍ ഉണ്ടാകുന്ന മുന്നേറ്റങ്ങളാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ അഭിവൃദ്ധിക്ക് ചവിട്ടുപടിയെന്ന് ബാംഗ്ലൂര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ് പ്രൊഫ. സത്യജിത് മേയര്‍ അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയുടെ നവീകരണം അനിവാര്യമാണ്. മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചാല്‍ മാത്രമേ സംസ്ഥാനത്ത് ലോകനിലവാരത്തിലുള്ള വിജ്ഞാനം സൃഷ്ടിക്കുന്നതിന് സാധിക്കുകയുള്ളൂ. കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക മേഖലയിലുള്ള ഭൗതിക സൗകര്യങ്ങളെയും വൈദഗ്ധ്യത്തെയും കണ്‍സോളിഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവത്ക്കരണത്തെക്കുറിച്ചാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍ സംസാരിച്ചത്. ബിരുദ പഠനത്തിന് ഒരു ആഗോള മാതൃക നാം സ്വീകരിച്ചു കഴിഞ്ഞു. ഇതുവരെ ചുരുക്കം ചില പഠനമേഖലകള്‍ക്ക് മാത്രമേ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. അതു നാനാ പഠനമേഖലകളിലേക്കും വ്യാപിപ്പിക്കണം. ആഗോള ആവശ്യത്തിന് അനുസരിച്ചും കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലും പാഠ്യപദ്ധതി ആവിഷ്‌കരിക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചുവടുവെച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇപ്പോള്‍ തുടര്‍ന്നുവരുന്ന കോഴ്‌സുകള്‍ക്കും പ്രോഗ്രാമുകള്‍ക്കും എത്രത്തോളം പ്രസക്തിയുണ്ടെന്ന് പുനരാലോചിക്കേണ്ടതുണ്ടെന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം. വി. നാരായണന്‍ അഭിപ്രായപ്പെട്ടു. നവകേരളത്തില്‍ വിജ്ഞാനസമൂഹം കെട്ടിപ്പടുക്കുന്നതിലെ ലൈബ്രറികളുടെ പങ്കിനെക്കുറിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ. ദിനേശന്‍ സംസാരിച്ചത്. പൊതു ലൈബ്രറികളെ വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ബന്ധിപ്പിക്കണമെന്നും ഗ്രാമീണ വിജ്ഞാന കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് ചോദ്യോത്തര സെഷന്‍ അരങ്ങേറി. പാനലിസ്റ്റുകളും മന്ത്രിയും സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ലിംഗപദവി പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും കുട്ടികളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന് ജീവനി പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞു. സെമിനാറിന്റെ തത്സമയം ആംഗ്യഭാഷാ അവതരണവുംനടന്നു.

സെമിനാര്‍ – കേരളത്തിലെ ഭരണ നിര്‍വഹണവും ഡിജിറ്റല്‍ സേവനങ്ങളുടെ വിതരണവും

കേരളത്തിലേത് മാനുഷിക മുഖമുള്ള ഭരണ നിര്‍വഹണ സംവിധാനം

ഡിജിറ്റല്‍ മുന്നേറ്റത്തിലും മികച്ച ഭരണനിര്‍വഹണ സംവിധാനത്തിലും വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിന് രാജ്യത്തിനും ലോകത്തിനുമായി മികച്ച മാതൃകകള്‍ സൃഷ്ടിക്കാനാകുമെന്ന് കേരളീയം സെമിനാര്‍. മാനുഷിക മുഖമുള്ള ഭരണനിര്‍വ്വഹണ സംവിധാനമാണ് കേരളത്തിലേതെന്നും സുസ്ഥിര വികസനം, ആരോഗ്യ- പാരിസ്ഥിതിക സൂചകങ്ങള്‍ തുടങ്ങിയ മേഖലകളില്‍ കേരളം മാതൃകയാണന്നും സെമിനാറില്‍ അഭിപ്രായമുണ്ടായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്‌ചെയ്ന്‍ പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ഇ ഗവേണന്‍സില്‍ നിന്നും പൗരന്‍മാര്‍ക്ക് രേഖകളെല്ലാം മുന്‍കൂട്ടി ലഭ്യമാക്കുന്ന പ്രെഡിക്റ്റീവ് ഗവേണന്‍സിലേക്ക് ചുവടുമാറണമെന്നും സെമിനാറില്‍ നിര്‍ദേശമുണ്ടായി. മാറുന്ന കാലത്തിനനുസരിച്ച് നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തണമെന്നും നയരൂപീകരണത്തില്‍ വസ്തുതകളുടെ അപഗ്രഥനം ആവശ്യമാണെന്നും ഡിജിറ്റല്‍ ഡാറ്റാ സുരക്ഷ ഉറപ്പുവരുത്തണമെന്നുമുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവന്നു. ഫയലുകളില്‍ കേന്ദ്രീകരിക്കാതെ പൗരന്‍മാര്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. വയോജന-സ്ത്രീ- പാര്‍ശ്വവല്‍കൃത സമൂഹത്തിന് സേവന വിതരണം ഉറപ്പാക്കണം. സര്‍ക്കാരിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ എങ്ങനെ ലഭിക്കും എന്ന അറിവ് വ്യാപകമാക്കണമെന്നും കേരളത്തിലെ ഭരണ നിര്‍വഹണവും സേവനവിതരണവും എന്ന വിഷയത്തില്‍ ടഗോര്‍ തിയേറ്ററില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു.

ഭരണനിര്‍വഹണത്തിന്റെ കാര്യത്തിലും ഇന്ത്യയില്‍ പൊതുവെയുള്ള നിലപാടുകളല്ല കേരളം സ്വീകരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. രാജ്യത്ത് പട്ടാളക്കാരെ പോലും കരാര്‍ നിയമനം നടത്തുന്ന കാലത്ത് പരമാവധി സ്ഥിരം തൊഴില്‍ നിയമനം നല്‍കിയാണ് സംസ്ഥാനം ഭരണനിര്‍വ്വഹണ സംവിധാനം കാര്യക്ഷമമാക്കുന്നത്. 2016 മുതല്‍ മുപ്പത്തിനായിരത്തില്‍ അധികം പുതിയ തസ്തികകള്‍ സൃഷ്ടിക്കാനായി. കോവിഡ് കാലത്തു ശമ്പള പരിഷ്‌കരണം നടത്തിയ ഏക സംസ്ഥാനം കേരളമാണ്.

സേവന വിതരണത്തില്‍ കാലതാമസം ഒഴിവാക്കി ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ അതിവേഗം സേവനം ലഭ്യമാക്കാനുള്ള ദൗത്യങ്ങള്‍ക്കിടയില്‍ തീരുമാനം എടുക്കുന്നതിലും സേവനം എത്തിക്കുന്നതിലും കാലതാമസം വരുത്തരുത്. നിലവില്‍ 905 വാതില്‍പ്പടി സേവനം സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ നേരിട്ട് ആവശ്യക്കാരുടെ അടുക്കലേക്ക് എത്തുന്ന രീതിയില്‍ സേവന വിതരണം മെച്ചപ്പെടണമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.

അഡിഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് വിഷയാവതരണം നടത്തി. മാറുന്ന കാലത്തിനനുസൃതമായി മാറാത്ത നിയമങ്ങളും ചട്ടങ്ങളും അധാര്‍മികമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടറും മുന്‍ ചീഫ് സെകേട്ടറിയുമായ കെ. ജയകുമാര്‍ അഭിപ്രായപ്പെട്ടു. ഭരണനിര്‍വഹണത്തില്‍ മാറ്റങ്ങള്‍ വേണമെന്ന ഉള്‍ക്കാഴ്ചയോടെ നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കുണ്ട്. 5.22 ലക്ഷം പേര്‍ അടങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതു സേവകരെന്ന ബോധ്യമുണ്ടാകണമെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും ഉദ്യോഗസ്ഥരും ജീവനക്കാരുമടങ്ങുന്നതാണ് സംസ്ഥാനത്തെ മൂന്നരക്കോടി ജനതക്ക് മികച്ച ഭരണം ഉറപ്പുവരുത്താനുള്ള നിര്‍വ്വഹണ സംവിധാനമെന്നും അഭിപ്രായപ്പെട്ടു.

പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളിന്‍മേലുള്ള വിശ്വാസ്യത വര്‍ധിപ്പിക്കേണ്ടതുണ്ടന്ന് മുന്‍ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് അഭിപ്രായപ്പെട്ടു. ന്യായപരമായി ലഭ്യമാകേണ്ട സേവനങ്ങള്‍ക്ക് ശിപാര്‍ശയുമായി വരേണ്ട അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. നയരൂപീകരണത്തില്‍ വസ്തുതകള്‍ അടിസ്ഥാനമാക്കിയുള്ള അപഗ്രഥനം അനിവാര്യമാണ്. വകുപ്പുകള്‍ ഏകീകരിച്ച് പദ്ധതികളുടെ നിര്‍വഹണത്തിനുവേണ്ടി പ്രവര്‍ത്തിച്ച് സമയം ലാഭിക്കാനും ചെലവുകള്‍ ചുരുക്കാനും കഴിയണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഭരണ ദര്‍ശനം മാറണമെന്നും യൂറോപ്യന്‍ രാജ്യമായ എസ്‌തോണിയയെ പോലെ ഇ ഗവേണന്‍സില്‍ നിന്നും പ്രെഡിക്റ്റീവ് ഗവേണന്‍സിലേക്ക് ചുവടുമാറണമെന്നും അതിനാവശ്യമായ ഡിജിറ്റല്‍ അടിത്തറ സംസ്ഥാനത്തിനുണ്ടെന്നും കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു ചൂണ്ടിക്കാട്ടി. ഇ ഓഫീസില്‍ ഫയലുകള്‍ വേഗം തീര്‍പ്പാക്കുന്നതിന് ഓട്ടോ എസ്‌കലേഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കി ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ക്ക് നല്‍കുന്ന സംവിധാനം ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

മുന്‍ ഡിഫന്‍സ് സെക്രട്ടറിയും കിഫ്ബി ഉപദേശകനുമായ ഡോ. അജയ് കുമാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് റിസര്‍ച്ച് ഓണ്‍ ഇന്നവേഷന്‍ ചീഫ് ഡയറക്ടര്‍ രസിഗന്‍ മഹാരാജ്, കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണന്‍, ബെംഗളൂരു ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രൊഫ: അമിത് പ്രകാശ്, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. എസ്.ആര്‍. മോഹന ചന്ദ്രന്‍ എന്നവരും പാനലിസ്റ്റുകളായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അനിഷ ജയദേവ് മോഡറേറ്ററായി. ആസൂത്രണ ബോര്‍ഡ് അംഗം ഡോ. പി നമശിവായവും സെമിനാറില്‍പങ്കെടുത്തു.

സെമിനാര്‍ – ക്ഷേമവും വളര്‍ച്ചയും: ഭാവിയിലേക്കുള്ള സാമ്പത്തിക ബദലുകള്‍

ഭൂപരിഷ്‌ക്കരണവും പുരോഗമന പ്രസ്ഥാനങ്ങളും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ഉയര്‍ത്തി

കേരളത്തിലെ ഭൂപരിഷ്‌ക്കരണവും പുരോഗമന പ്രസ്ഥാനങ്ങളും സാമ്പത്തിക വളര്‍ച്ചക്ക് അടിത്തറ പാക്കിയതായി ‘ക്ഷേമവും വളര്‍ച്ചയും: ഭാവിയിലേക്കുള്ള സാമ്പത്തിക ബദലുകള്‍’ എന്ന വിഷയത്തില്‍ മാസ്‌കോട് ഹോട്ടലില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിനായി കൂടുതല്‍ ജനക്ഷേമ പരിപാടികള്‍ ആവിഷ്‌കരിക്കണം. വയോജന പരിപാലനം, പരിസ്ഥിതി പരിപാലനം എന്നിവയാണ് വികസന രംഗത്ത് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഈ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്.സുസ്ഥിര വികസനം എന്ന വെല്ലുവിളിയെ ശാസ്ത്രീയമായും യുക്തിസഹമായും കേരളം ഇന്ന് നേരിടേണ്ടിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക രംഗത്തെ നിലപാടുകള്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ, സഹകരണ, തദേശസ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുമുണ്ട്. കാലാവസ്ഥാ വ്യതിയാനം പുതിയ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. സമ്പന്നമായ മാനുഷികവും പ്രകൃതിദത്തവുമായ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി, നൂതന സാങ്കേതിക വിദ്യകള്‍ സ്വീകരിച്ച്, സാമ്പത്തിക പരിമിതികള്‍ പരിഹരിച്ചുകൊണ്ട് ഉയര്‍ന്നുവരുന്ന വികസന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സുസ്ഥിരമായ അഭിവൃദ്ധി ഉറപ്പാക്കുന്ന ഒരു പാത രൂപപ്പെടുത്താന്‍ കേരളത്തിനു കഴിയുമെന്നും സെമിനാറില്‍ അഭിപ്രായമുണ്ടായി.
മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) മാത്രം അടിസ്ഥാനമാക്കി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ അളക്കാനാവില്ലെന്ന് സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. രാജ്യത്തെ 40 ശതമാനം സമ്പത്തും ഒരു ശതമാനം ആളുകളുടെ കയ്യിലാണ്. സാമൂഹ്യക്ഷേമത്തില്‍ ഊന്നിയുള്ള സാമ്പത്തിക വളര്‍ച്ച എന്ന കേരള മോഡല്‍ വികസനം ഏറെ പ്രശംസയര്‍ഹിക്കുന്നു. വികസന രംഗത്ത് മുന്നോട്ടു പോവാന്‍ സംസ്ഥാനത്തെ കാര്‍ഷിക, പൊതുവിദ്യാഭ്യാസ, ആരോഗ്യ, പൊതുമേഖലകളും അധികാര വികേന്ദ്രീകരണ മേഖലയും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ മികച്ച മുന്നേറ്റം കൈവരിക്കാനായാല്‍ സ്വയം തന്നെ നാടിന്റെ വളര്‍ച്ച ത്വരിതപ്പെടുമെന്ന് മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ചെയര്‍മാനും ആര്‍.ബി.ഐ മുന്‍ ഗവര്‍ണറുമായ സി. രംഗരാജന്‍ അഭിപ്രായപ്പെട്ടു.
കാര്‍ഷിക മേഖലയില്‍, പ്രത്യേകിച്ചും ഭക്ഷ്യവിളകളുടെ കാര്യത്തിലും തൊഴില്‍ ഉറപ്പു വരുത്തുന്ന കാര്യത്തിലും കേരളം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ മുന്‍ പ്രൊഫസറും സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനുമായ പ്രഭാത് പട്‌നായിക് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ മത നിരപേക്ഷതയും ജനങ്ങളുടെ സൗഹാര്‍ദവും അട്ടിമറിക്കുകയാണെന്നും ഇതു രാജ്യത്തിന്റെ വികസനത്തിനു തുരങ്കം വെക്കുകയാണെന്നും ഇതിനെതിരെ ജനങ്ങള്‍ അണിനിരക്കേണ്ടതുണ്ടെന്നും അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പ്രൊഫ. വെങ്കിടേഷ് ആത്രേയ, സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ സി. വീരാമണി തുടങ്ങിയവരും പാനലിസ്റ്റുകളായിരുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ സംസ്ഥാന ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവുമായ പുനീത് കുമാര്‍ വിഷയാവതരണംനടത്തി.

 

error: Content is protected !!