മലയാള സിനിമാചരിത്രം വരച്ചിട്ട് ചലച്ചിത്ര അക്കാദമിയുടെ പ്രദര്‍ശനം
മലയാള സിനിമാചരിത്രവും നേട്ടങ്ങളും രേഖപ്പെടുത്തി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ‘മൈല്‍സ്റ്റോണ്‍സ് ആന്‍ഡ് മാസ്റ്ററോ: വിഷ്വല്‍ ലെഗസി ഓഫ് മലയാളം സിനിമ’ പ്രദര്‍ശനം. മലയാളസിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ.സി. ഡാനിയല്‍, ആദ്യ നിശബ്ദ ചിത്രം വിഗതകുമാരന്‍, ആദ്യ ശബ്ദ ചിത്രം ബാലന്‍ തുടങ്ങി നാഴികക്കല്ലുകളിലൂടെ സഞ്ചരിച്ച് സിനിമാ ചരിത്രം വരച്ചിടുന്ന പ്രദര്‍ശനം കേരളീയത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരവളപ്പിലാണ് ഒരുക്കിയിരിക്കുന്നത്. ചലച്ചിത്ര ഗവേഷകനും കലാസംവിധായകനുമായിരുന്ന സാബു പ്രവദാസ്, നിശ്ചല ഛായാഗ്രാഹകനും ചലച്ചിത്ര പത്ര പ്രവര്‍ത്തകനുമായ ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവരാണ് പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍മാര്‍.
ദേശീയ-രാജ്യാന്തര തലത്തില്‍ മലയാള സിനിമയുടെ യശസുയര്‍ത്തിയ വ്യക്തികള്‍, സിനിമകള്‍ എന്നിവയുടെ ചിത്രങ്ങള്‍, വിവരണങ്ങള്‍ എന്നിവയ്ക്കൊപ്പം പഴയകാല പാട്ടുപുസ്തകങ്ങള്‍, നോട്ടീസ്, അറുപതുകളിലെ ചലച്ചിത്ര മാസികകള്‍, സിനിമ പോസ്റ്ററുകള്‍ എന്നിവയും പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്.
പെറ്റ് ഫുഡ് ഫെസ്റ്റിവെല്ലില്‍ എല്ലാ ദിവസവും പെറ്റ് ന്യുട്രീഷന്‍ കോര്‍ണര്‍
കേരളീയത്തോടനുബന്ധിച്ച് എല്‍.എം.എസ് കോമ്പൗണ്ടില്‍ നടക്കുന്ന പെറ്റ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി എല്ലാ ദിവസവും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പെറ്റ് ന്യുട്രീഷന്‍ കോര്‍ണര്‍ പ്രവര്‍ത്തിക്കും. വൈകിട്ട് അഞ്ചുമണി മുതല്‍ ഒന്‍പതുമണിവരെ ഓമന മൃഗങ്ങളുടേയും പക്ഷികളുടേയും പോഷകാഹാരം സംബന്ധിച്ച നിര്‍ദേശങ്ങള്‍, വാക്‌സിനേഷന്‍ വിവരങ്ങള്‍, പരിപാലന രീതികളെ കുറിച്ചുള്ള ശാസ്ത്രീയ വിലയിരുത്തലുകള്‍ എന്നിവ നേരിട്ട് ഡോക്ടര്‍മാരില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതിനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, എല്ലാദിവസവും വൈകിട്ട് 4.30 മുതല്‍ ആറു വരെ ഓമനകളായി വളര്‍ത്തുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും ആഹാരരീതികള്‍, പരിപാലനം എന്നിവ സംബന്ധിച്ച് വിദഗ്ധര്‍ ക്ലാസുകളും നയിക്കും.
സംസ്ഥാനത്ത് ആദ്യമായാണ് വളര്‍ത്തു മൃഗങ്ങള്‍ക്കായി ഫുഡ് ഫെസ്റ്റ് നടത്തുന്നത്. വളര്‍ത്തു മൃഗങ്ങളുടേയും, പക്ഷികളുടേയും തീറ്റ വസ്തുക്കളുടെയും പ്രദര്‍ശന- വിപണനം എന്നതിലുപരി അവയെ വളര്‍ത്തുന്നവരുടെ കടമകളും, സാമൂഹിക പ്രതിബദ്ധതയും ഓര്‍മ്മപ്പെടുത്തുകയും, മൃഗക്ഷേമം ഉറപ്പാക്കി തീറ്റ പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍, ജന്തുജന്യരോഗങ്ങള്‍ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക, മൃഗങ്ങളെ വളര്‍ത്തുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നിവയുമാണ് ലക്ഷ്യം വയ്ക്കുന്നത്.
വളര്‍ത്തു നായകളുടെ പരിപാലന രീതികളിലും തീറ്റ സമ്പ്രദായങ്ങളിലും കാലാകാലാങ്ങളായി വന്നിട്ടുള്ള വ്യത്യാസങ്ങള്‍ വിവരിക്കുന്ന രേഖാചിത്രങ്ങള്‍ക്കും രേഖപ്പെടുത്തലുകള്‍ക്കുമൊപ്പം സെല്‍ഫി പോയിന്റുകളും പെറ്റ് ഫുഡ് സ്റ്റാളിന്റെപ്രത്യേകതയാണ്.
മത്തങ്ങാ ചോറുണ്ട് , കിഴങ്ങു പായസമുണ്ട് എത്‌നിക് ഫുഡ് ഫെസ്റ്റിവല്‍ അടിപൊളി
കേരളത്തിലെ ഗോത്രവിഭാഗങ്ങളുടെ തനത് ഭക്ഷണ സംസ്‌കാരവുമായി യൂണിവേഴ്‌സിറ്റി കോളജില്‍ ഒരുക്കിയ എത്‌നിക് ഫുഡ് ഫെസ്റ്റിവല്‍ ശ്രദ്ധേയമാകുന്നു. ഔഷധഗുണങ്ങളും വേറിട്ട രുചികളുമായാണ് സംസ്ഥാനത്തെ വിവിധ ആദിവാസി മേഖലകളില്‍നിന്നു കേരളീയത്തില്‍ പങ്കെടുക്കാന്‍ ഇവര്‍ എത്തിയത്. ഉള്‍വനത്തില്‍നിന്നു ശേഖരിച്ച പഴങ്ങള്‍, കിഴങ്ങുകള്‍, ധാന്യങ്ങള്‍, ഇല, പൂവ്, കൂണുകള്‍ തുടങ്ങിയ തനത് സസ്യ വര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ഭൂരിഭാഗം വിഭവങ്ങളും ഒരുക്കിയിരിക്കുന്നത്.
വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് സന്ദര്‍ശകരെ ഈ പവലിയനില്‍ കാത്തിരിക്കുന്നത്. നെടുവന്‍ കിഴങ്ങ്, മുളക് കഞ്ഞി, കവലാന്‍ കിഴങ്ങ് പായസം- പുഴുക്ക് തുടങ്ങിയവ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്. അട്ടപ്പാടിയില്‍നിന്നുള്ള 108 സസ്യങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ മരുന്ന് കാപ്പി വെറും 10 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഒപ്പം ചാമയരി പായസം, റാഗി പഴംപൊരി, റാഗി പക്കാവട, ഇലയട എന്നിവയും മിതമായ നിരക്കില്‍ ലഭ്യമാണ്. അട്ടപ്പാടിയില്‍ നിന്നുള്ള തേന്‍, മുളയരി, കുന്തിരിക്കം എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. ഊരാളി ആദിവാസി വിഭാഗങ്ങളുടെ തനതു വിഭവമായ മത്തങ്ങ ചോറും എലുപ്പാഞ്ചേരി തോരനും 30 രൂപയ്ക്കാണു ലഭിക്കുന്നത്. തനിമ എന്നു പേരുള്ള ഭക്ഷണ ശാലയിലെ പറണ്ടക്കയും കുത്തരിയും ചേര്‍ത്തുണ്ടാക്കിയ പായസം രുചികരവും ആരോഗ്യദായകവുമാണ്.
തേന്‍ നെല്ലിക്ക, തേന്‍ കാന്താരി, തേന്‍ വെളുത്തുള്ളി, തേന്‍ മാങ്ങായിഞ്ചി, തേന്‍ ഡ്രൈഫ്രൂട്ട്‌സ്, തേന്‍ നെല്ലിക്ക സിറപ്പ്, തേന്‍ മുന്തിരി, വയനാട്ടില്‍ നിന്നുള്ള കൊല്ലിപ്പുട്ട്, കാരകുണ്ഡപ്പം, കാച്ചില്‍ ചേമ്പ്, നിലമ്പൂരിലെ പാലക്കയത്തു നിന്നുള്ള നൂറാന്‍, കവല എന്നീ കിഴങ്ങുകള്‍ ഉപയോഗിച്ചുള്ള അട, ഇലക്കറികള്‍, പച്ചമരുന്ന് കാപ്പി എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത വിഭവങ്ങളാണ് നിരയിടുന്നത്. ഗോത്രവര്‍ഗസമൂഹത്തിന്റെ പല രുചിക്കൂട്ടുകളും പാചക വിധികളും അന്യംനിന്നു പോവുന്ന സാഹചര്യം ഒഴിവാക്കി കാടിന്റെ തനത് രുചി നഷ്ടപ്പെടാതെ തിരിച്ചുപിടിക്കാന്‍ കൂടിയാണ് കേരളീയം എത്നിക് ഫുഡ്ഫെസ്റ്റിവലിലൂടെശ്രമിക്കുന്നത്.
വ്യവസായ കേരളത്തിന്റ വളര്‍ച്ചയുടെ കഥയുമായി കേരളീയം ‘ചരിത്ര മതില്‍’
സംസ്ഥാനത്തിന്റെ, 1956 മുതലുള്ള വ്യാവസായികരംഗത്തെ ചരിത്രനിമിഷങ്ങള്‍ പ്രദര്‍ശിപ്പിച്ച് കേരളീയം. ഓരോ വര്‍ഷങ്ങള്‍ക്കുമുണ്ട് ഓരോരോ രേഖപ്പെടുത്തലുകള്‍. കേരളീയത്തിന്റെ ഭാഗമായി വ്യവസായവകുപ്പ് ഒരുക്കിയ ‘ചരിത്ര മതില്‍’ അത്തരത്തില്‍ ഒരു രേഖപ്പെടുത്തലാണ്.
കേരളപ്പിറവി മുതല്‍ നാളിതുവരെ വ്യവസായവകുപ്പ് കൈയൊപ്പ് ചാര്‍ത്തിയ ചരിത്രനിമിഷങ്ങള്‍ ‘ചരിത്രമതിലാ’യി പുത്തരിക്കണ്ടം മൈതാനത്ത് ഉയര്‍ന്നുനില്‍ക്കുന്നു. 2022ല്‍ പുറത്തിറങ്ങിയ സംസ്ഥാനത്തിന്റെ വ്യവസായ-വാണിജ്യ നയം വരെയുള്ള ചരിത്രം ഈ മതിലില്‍ നിന്നു വായിച്ചെടുക്കാം.
സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ്, ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, സിഡ്‌കോ എന്നിവയെല്ലാം സ്ഥാപിച്ച ചരിത്രം മതിലിന്റെ ഭാഗമാണ്. കൈത്തറി, ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റ് എന്നിവയുടെ തുടക്കം സംരംഭകവര്‍ഷം: ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ എന്ന പദ്ധതി തുടങ്ങി വകുപ്പിന്റെ നാഴിക കല്ലുകള്‍ ഓരോന്നും വര്‍ഷങ്ങള്‍ ഉള്‍പ്പെടെ അക്കമിട്ട് നിരത്തിയിട്ടുണ്ട് ചരിത്രമതിലില്‍. പുത്തരിക്കണ്ടം മൈതാനത്ത് വ്യവസായ മേളയുടെ പ്രവേശന കാവടത്തിനരികെയാണ് വ്യവസായചരിത്ര മതില്‍ ഒരുക്കിയിരിക്കുന്നത്.
വൈവിധ്യങ്ങളുടെ എത്നിക് ട്രേഡ് ഫെയര്‍
കേരളത്തിന്റെ തനത് സംസ്‌കാരം വിളിച്ചോതുന്ന പരമ്പരാഗത ഉത്പന്നങ്ങളുടെ വൈവിധ്യ കലവറയാണ് എത്നിക് ട്രേഡ് ഫെയര്‍.കേരളീയത്തിന്റെ ഭാഗമായി യൂണിവേഴ്സിറ്റി കോളജില്‍ ഒരുക്കിയ എത്നിക് ട്രേഡ് ഫെയറില്‍ ഭക്ഷ്യയുത്പന്നങ്ങള്‍, ബാഗുകള്‍, സോപ്പ്, തുണിത്തരങ്ങള്‍, വന ഉത്പന്നങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, കരിമ്പ് -മുള ഉല്‍പ്പന്നങ്ങള്‍, എല്‍ഇഡി ബള്‍ബ്, മറയൂര്‍ ശര്‍ക്കര, മഞ്ഞള്‍, കാപ്പി, ഗ്രാമ്പൂ, കുരുമുളക്, കശുവണ്ടി ഉത്പന്നങ്ങള്‍ കളിമണ്ണാഭരണങ്ങള്‍, ഗോത്ര പെയിന്റിങ്ങുകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങളും കാഴ്ചകളുമാണ് കാത്തിരിക്കുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ പട്ടികവര്‍ഗ വിഭാഗക്കാരുടെ ഉത്പന്നങ്ങളാണ് ഇവിടെ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി എത്തിച്ചിരിക്കുന്നത്.
കാപ്പിത്തടിയില്‍ ഉരുത്തിരിഞ്ഞ മനോഹര ശില്‍പങ്ങള്‍ ഫെയറിലെ വലിയ ആകര്‍ഷണമാണ്. യാഥാര്‍ത്ഥ്യത്തെ വെല്ലും വിധം കുഞ്ഞിക്കിളികളും പൂമ്പാറ്റകളും ചെറുമീനുകളുമെല്ലാം ആസ്വാദകരെ ക്ഷണിക്കുകയാണിവിടെ. പതിവ് കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമാണ് മുള ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം. പൊന്മുളം തണ്ടില്‍ നിന്നുള്ള ഒരുപിടി സംഗീതോപകരണങ്ങളും വലുതും ചെറുതുമായ ക്രിസ്തുമസ് നക്ഷത്രങ്ങളും കുഞ്ഞു വിളക്കുകളും മഴ മൂളിയുമെല്ലാം എത്നിക് ട്രേഡ് ഫെയറിന്റെ മാറ്റു കൂട്ടുന്നുണ്ട്. എണ്ണയും തൈലവും ഉള്‍പ്പെടെ ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ വലിയൊരു ശേഖരവും ഇവിടെ കാണാം. കളിമണ്ണില്‍ നിര്‍മിച്ച വര്‍ണാഭമായ ആഭരണങ്ങളുമായെത്തിയ വയനാട്ടുകാരി ഗീതുവും ഫൈബറില്‍നിന്നു പല നിറത്തിലും വലുപ്പത്തിലുമുള്ള നെറ്റിപ്പട്ടം ഒരുക്കി വില്‍പ്പന നടത്തുന്ന പാലക്കാട് സ്വദേശി കവിതയും ഉള്‍പ്പെടുന്ന പല കലാകാരന്മാരും എത്നിക് ഫെയറിലെപുതുമുഖങ്ങളാണ്.
ടാഗോറിലേക്ക് വന്നാല്‍ മെട്രോയില്‍ കയറാം
കേരളീയത്തിന്റെ പ്രധാന വേദികളില്‍ ഒന്നായ ടാഗോര്‍ ഹാളിലേക്ക് വരൂ. വിര്‍ച്വല്‍ റിയാലിറ്റി ഒരുക്കിയ ആറു മിനുട്ട് മെട്രോ ട്രെയിന്‍ യാത്ര ആസ്വദിക്കാം. ‘ദി ഫോര്‍ത്ത് എസ്റ്റേറ്റ് ആന്‍ഡ് ബിയോണ്ട്’ എന്ന പേരില്‍ പരമ്പരാഗത- നവമാധ്യമ രീതികളെ പരിചയപ്പെടുത്തുന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ പ്രദര്‍ശനമാണ് മെട്രോ സഞ്ചാരം ഒരുക്കുന്നത്.
തലയില്‍ വി.ആര്‍ ഹെഡ്സെറ്റും ഇരു കൈകളില്‍ കണ്‍ട്രോളറുകളുമായി നേരെ മെട്രോ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറില്‍ പോകാം. ടിക്കറ്റ് എടുത്തു എസ്‌കേലേറ്റര്‍ കയറി ചെക്കിംഗ് പോയിന്റില്‍ എന്‍ട്രി ആയ ശേഷം പച്ച വരയിലൂടെ നടന്നാല്‍ നേരെ പ്ലാറ്റ്ഫോമിലേക്ക്. ഇടയിലുള്ള സുരക്ഷാ പരിശോധനാ സ്ഥലങ്ങളില്‍ കൈയിലെ ടിക്കറ്റ് സൈ്വപ് ചെയ്താല്‍ അനുമതി ആയി. ശേഷം ട്രെയിനില്‍ യാത്ര ചെയ്ത് അടുത്ത സ്റ്റേഷനില്‍ ഇറങ്ങാം.
വി.ആറിന്റെ ഗംഭീരമായ ഈ അനുഭവം ഒരുക്കിയിരിക്കുന്നത് കളമശ്ശേരി ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് എക്സ്.ആര്‍ ഹൊറൈസണ്‍ ആണ്. പവലിയനില്‍ എത്തുന്ന ആളുകളില്‍ ഏറെ പേര്‍ക്കും പ്രിയപ്പെട്ടതാകുന്നത് ഈ വി.ആര്‍ അനുഭവം തന്നെ.
വിര്‍ച്വല്‍ റിയാലിറ്റിയുടെ മറ്റൊരു അനുഭവം ഒരുക്കുന്ന ന്യൂസ് സ്റ്റുഡിയോയും പ്രദര്‍ശനത്തിലുണ്ട്. ഇവിടെ ടെലിപ്രോമ്പ്റ്ററില്‍ വാര്‍ത്ത വായിക്കുന്ന സന്ദര്‍ശകരുടെ വീഡിയോ പശ്ചാത്തലമായി വിമാനം, ട്രെയിന്‍, കെ.എസ്.ആര്‍.ടി.സി ബസ് എന്നിവ മാറി മാറി വരും. കേരളത്തിലെ മാധ്യമ പുരോഗതിയുടെ നാള്‍വഴികള്‍, വാര്‍ത്താ നിമിഷങ്ങള്‍, വികസനത്തിന്റെ അതുല്യ വഴികള്‍ എന്നിവയുടെ പ്രദര്‍ശനങ്ങളും രാജ്യാന്തര ഫോട്ടോ, മാധ്യമ ഉപകരണങ്ങളുടെ പ്രദര്‍ശനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പഴയകാല ടൈപ്പ്റൈറ്റര്‍, ക്യാമറ, മലയാളത്തിലെ ആദ്യകാല പത്രങ്ങളായ രാജ്യസമാചാരം, പശ്ചിമോദയം, ഭാഷാപോഷിണി, വിദ്യാവിലാസിനി, ജ്ഞാന നിക്ഷേപം തുടങ്ങിയവയുടെ ആദ്യകാല ലക്കങ്ങള്‍, ഒ.വി വിജയന്‍, ആര്‍. ശങ്കര്‍, അരവിന്ദന്‍ തുടങ്ങിയ പ്രമുഖരുടെ കാര്‍ട്ടൂണുകള്‍, അന്താരാഷ്ട്ര മാധ്യമങ്ങളിലെ കേരളത്തെ സംബന്ധിച്ച വാര്‍ത്തകള്‍, പ്രമുഖ ഫോട്ടോഗ്രാഫറായ നിക് ഉട്ടിന്റെ ചിത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനം, കേരളപ്പിറവി സമയത്തെ അത്യപൂര്‍വ്വ പത്ര കട്ടിങ്ങുകള്‍, 23 മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ, പ്രശസ്ത മുദ്രാവാക്യ ചരിത്രങ്ങള്‍, കോമിക് ബുക്ക് ഡിജിറ്റല്‍ ആര്‍ട്ട്, എന്‍എഫ്ടി ആര്‍ട്ട് തുടങ്ങിയ ഒട്ടേറെ സവിശേഷതകളാണ് മീഡിയ പവലിയനില്‍ ഒരുക്കിയിരിക്കുന്നത്.
പോര്‍ച്ചുഗീസ്, ഡച്ച് ഭാഷകളില്‍ നിന്നും മലയാളം സ്വീകരിച്ച വാക്കുകളാണ് മറ്റൊരു ആകര്‍ഷണം. Cadeira, Chave, Toalha എന്നീ പോര്‍ച്ചുഗീസ് പദങ്ങളില്‍ നിന്നാണ് നമ്മുടെ കസേരയും ചാവിയും തൂവാലയും വന്നത്.. Kakhuis, Koffie എന്നീ ഡച്ച് വാക്കുകളില്‍ നിന്നും കക്കൂസും കാപ്പിയും. ഇങ്ങനെ നിരവധിയായ കൗതുക വിവരങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.സബിന്‍ ഇക്ബാലാണ് ദി ഫോര്‍ത്ത് എസ്റ്റേറ്റ് ആന്‍ഡ് ബിയോണ്ടിന്റെക്യുറേറ്റര്‍.
കേരളീയത്തിന് സന്നദ്ധസേവനവുമായി 1,300 വോളണ്ടിയര്‍മാര്‍
പാലക്കാടുനിന്നു തിരുവനന്തപുരത്തേക്കുവരാന്‍ ജിജിത്തിന് ഒറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ. കേരളീയത്തിന്റെ ഭാഗമാകുക. സ്റ്റേജ് ഒരുക്കിയും കലാകാരന്മാര്‍ക്കു സഹായങ്ങള്‍ ചെയ്തും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചും കേരളീയത്തെ മുന്നോട്ടു നയിക്കുന്ന വോളണ്ടിയര്‍മാരില്‍ ഒരാളാണ് ജിജിത്ത്.
തിരുവനന്തപുരത്തു നിന്നു മാത്രമല്ല, മറ്റു ജില്ലകളില്‍നിന്നും തികച്ചും സൗജന്യമായി സേവനനിരതരായി ആയിരത്തി മുന്നൂറോളം സന്നദ്ധ പ്രവര്‍ത്തകര്‍ കേരളീയത്തിന്റെ ഭാഗമായി സേവനം നടത്തുന്നുണ്ട്. വോളണ്ടിയര്‍ സേവനത്തിനായി രജിസ്റ്റര്‍ ചെയ്ത അയ്യായിരത്തോളം പേരില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്.
കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള 42 വേദികളിലും വോളണ്ടിയര്‍മാരുടെ സാന്നിധ്യം ഉണ്ട്. വിവിധ സര്‍വീസ് സംഘടനകള്‍, എന്‍എസ്എസ്, സ്റ്റുഡന്‍സ് പോലിസ് കേഡറ്റുകള്‍, യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍, ഡിടിപിസി, യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ്, കിറ്റ്സ്, സിവില്‍ ഡിഫന്‍സ്, സന്നദ്ധ സേന, എന്‍സിസി തുടങ്ങിയ സംഘടനകളില്‍ നിന്നാണ് വോളണ്ടിയര്‍മാരിലേറെയും.
ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ വോളണ്ടിയര്‍ കമ്മിറ്റിയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കു വേണ്ട മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നത്. വോളണ്ടിയര്‍മാര്‍ക്ക് താമസ സൗകര്യം, ഭക്ഷണം, വേദിയില്‍നിന്നു യാത്രാസൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.
പ്രധാന വേദികളില്‍ ചുമതലക്കാരായി സര്‍വീസ് സംഘടനാ പ്രതിനിധികളെ നിയമിച്ചിട്ടുണ്ട്. വോളണ്ടിയര്‍ കമ്മിറ്റിയെ സഹായിക്കാനായി കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിയുടെ കീഴിലെ ‘ യങ് കേരള ഫെലോഷിപ്പ് പ്രോഗ്രാമില്‍’ 14 ജില്ലകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഫെല്ലോകളും പ്രവര്‍ത്തിക്കുന്നുണ്ട്. 40 ശതമാനം വോളണ്ടിയര്‍മാര്‍ വനിതകളാണന്നതുംപ്രത്യേകതയാണ്.
മത്സ്യവിഭവങ്ങളുടെ സാഗരസദ്യയൊരുക്കി സീ ഫുഡ് ഫെസ്റ്റ്
സമുദ്രോത്പന്നങ്ങളുടെയും രുചികരമായ മത്സ്യ വിഭവങ്ങളുടെയും സാഗരമൊരുക്കി എല്‍.എം.എസ്. കോമ്പൗണ്ടിലെ കേരളീയം സീ ഫുഡ് ഫെസ്റ്റിവല്‍. മത്സ്യത്തൊഴിലാളി വനിതകളുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സാഫ് അവതരിപ്പിക്കുന്ന സാഗരസദ്യയാണ് മേളയിലെ ഹിറ്റ്.
കണവ റോസ്റ്റ്, കൊഞ്ചു റോസ്റ്റ്, മീന്‍ അച്ചാര്‍, മീന്‍കറി, മീന്‍ അവിയല്‍, മീന്‍ തോരന്‍, ഞണ്ട് റോസ്റ്റ് തുടങ്ങി പതിനഞ്ചിലധികം മീന്‍ വിഭവങ്ങളടങ്ങുന്നതാണ് സാഗരസദ്യ. ആദ്യമായാണ് ഒരു മേളയില്‍ സാഗരസദ്യ അവതരിപ്പിക്കുന്നത്. കേരളീയത്തിലെത്തുന്ന നൂറു കണക്കിന് ആളുകളാണ് സാഗര സദ്യയും തേടി ഫുഡ് ഫെസ്റ്റിന് എത്തുന്നത്. 100 രൂപ വില വരുന്ന കപ്പയും മീന്‍ കറിയും, 130 രൂപ നിരക്കില്‍ ഊണും മീന്‍ കറിയും അപ്പവും കക്ക വറുത്തതും കൊഞ്ചു ബിരിയാണിയും ജനപ്രിയ വിഭവങ്ങളാണ്.
ഫിഷറീസ് വകുപ്പിനു കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ (സാഫ്), സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, മത്സ്യഫെഡ് എന്നീ ഏജന്‍സികളുടെ സഹായത്തോടെ എല്‍ എം എസ് കോമ്പൗണ്ടിലാണ് സ്റ്റാളുകള്‍ ഒരുക്കിയിട്ടുള്ളത്. കരിമീന്‍ ഫ്രൈ, ചെമ്മീന്‍ ബിരിയാണി, ഫിഷ് പുട്ട്, സാന്‍വിച്ച്, കപ്പ മീന്‍ കറി, ഉണക്ക മത്സ്യങ്ങള്‍, അച്ചാറുകള്‍, ചമ്മന്തി, കക്ക റോസ്റ്റ്, ഫിഷ് കട്ട്‌ലെറ്റ്, ഫിഷ് സമോസ തുടങ്ങിയ മത്സ്യവിഭവങ്ങളാലും ജനപങ്കാളിത്തം കൊണ്ടും സമ്പന്നമാണ് സീഫുഡ്‌ഫെസ്റ്റ്.
നിവേദ്യ കദളി ഹല്‍വയുമായി മറ്റത്തൂര്‍ സഹകരണ സൊസൈറ്റി
വര്‍ഷങ്ങളായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ നിവേദ്യത്തിനായി കൃഷി ചെയ്യുന്ന കദളി പഴത്തില്‍നിന്നു നിര്‍മിച്ച പ്രത്യേക നിവേദ്യ കദളി ഹല്‍വയുമായി തൃശൂരിലെ മറ്റത്തൂര്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ടാഗോര്‍ തിയറ്ററില്‍ ഒരുക്കിയ സഹകരണ വകുപ്പിന്റെ പവലിയനില്‍ ആണ് നിവേദ്യ കദളി ഹല്‍വയുള്ളത്.
2009 മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിവേദ്യത്തിനായി ദിവസം 4,000 കദളി പഴങ്ങളാണ് സൊസൈറ്റി നല്‍കിവരുന്നത്. കദളിവനം എന്ന പദ്ധതിയ്ക്ക് കീഴില്‍ കര്‍ഷകര്‍ ജൈവ വാഴകൃഷിയിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന പഴങ്ങളാണ് ക്ഷേത്രത്തില്‍ നല്‍കുന്നത്. നൂറില്‍പ്പരം കര്‍ഷകരാണ് തൃശൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ഈ പദ്ധതിയില്‍ കൃഷിയിറക്കുന്നത്. ക്ഷേത്രത്തിനു നല്‍കിയശേഷം വരുന്ന പഴങ്ങള്‍ ഉപയോഗിച്ചാണ് രണ്ടു വര്‍ഷം മുന്‍പ് ഹല്‍വ നിര്‍മിച്ചു തുടങ്ങിയത്. നിവേദ്യ കദളി ഹല്‍വ ഹിറ്റായതോടെ ആവശ്യക്കാരും ഏറി.
‘കോവിഡിന് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പഴം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. എന്നാല്‍ അടുത്ത ജനുവരി മുതല്‍ വിതരണം പുനരാരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട് : സ്റ്റാളിലെ ഫീല്‍ഡ് സ്റ്റാഫ് ലിജോ പി.വി പറഞ്ഞു. കദളി പഴത്തിന് പുറമെ ശര്‍ക്കരയാണ് ഹല്‍വയിലെ പ്രധാന ചേരുവ. അരക്കിലോ നിവേദ്യ കദളി ഹല്‍വയ്ക്ക് 170രൂപയാണ് വില.
വേദികളില്‍നിന്ന് വേദികളിലേക്ക് ഇലക്ട്രിക് ബസില്‍ സൗജന്യമായി പോകാം
കേരളീയം കാണാന്‍ തലസ്ഥാനത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗജന്യ യാത്രയൊരുക്കി ഗതാഗതകമ്മിറ്റി. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള കേരളീയത്തിന്റെ പ്രധാനവേദികള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ വൈകിട്ട് ആറുമണി മുതല്‍ രാത്രി പത്തുമണിവരെ കെഎസ്ആര്‍ടിസി ഇലക്ട്രിക് സ്വിഫ്റ്റ് ബസുകളിലാണ് സൗജന്യയാത്ര ഒരുക്കിയിട്ടുള്ളത്. ഇതിനായി 20 ബസുകളാണ് കെഎസ്ആര്‍ടിസിയില്‍നിന്നു ലഭ്യമാക്കിയിട്ടുള്ളത്.
ആദ്യ രണ്ടു ദിവസങ്ങളിലായി കേരളീയത്തിന്റെ വിവിധ വേദികളില്‍ എത്തിയ ആറായിരത്തി അഞ്ഞൂറോളം പേര്‍ക്ക് യാത്രാസൗകര്യം ഒരുക്കാന്‍ ഇതുവഴി സാധിച്ചതായി കേരളീയം ഗതാഗത കമ്മിറ്റി അറിയിച്ചു. ആദ്യ ദിനമായ നവംബര്‍ ഒന്നിന് കിഴക്കേകോട്ട മുതല്‍ കവടിയാര്‍ വരെ 10 ബസ്സുകള്‍ 36 സര്‍വീസുകളും കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ 10 ബസുകള്‍ 25 സര്‍വീസുകളുമാണ് നടത്തിയത്. രണ്ടാം ദിവസം തിരക്ക് കണക്കിലെടുത്ത് അഞ്ചു ബസുകള്‍ കൂടി അനുവദിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ തിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസ് അനുവദിക്കുമെന്നും ഗതാഗത കമ്മിറ്റി അറിയിച്ചു.
കേരളീയത്തിന്റെ വിവിധ വേദികളില്‍ നടക്കുന്ന പരിപാടികള്‍ സംബന്ധിച്ച അറിയിപ്പ് ബസിനുള്ളിലെ ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ വിവിധ വേദികളിലേക്കെത്താന്‍ എവിടെ എത്തണം എന്നത് സംബന്ധിച്ച റൂട്ടു മാപ്പും ബസിനുള്ളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഓരോ ബസിലും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളീയവുമായി ബന്ധപ്പെട്ട ഭക്ഷണ, വോളണ്ടിയര്‍, ട്രേഡ് ഫെയര്‍ കമ്മിറ്റികള്‍ക്ക് ആവശ്യമായ ബസുകളും ഗതാഗത കമ്മിറ്റിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ലേസര്‍മാന്‍ ഷോയും ട്രോണ്‍സ് ഡാന്‍സും; ‘വൈബ്’ ഒരുക്കി കേരളീയം
കേരളീയം കാണാനെത്തുന്നവര്‍ക്ക് കാഴ്ചയുടെ പുത്തന്‍ അനുഭവം പകര്‍ന്ന് കനകക്കുന്നിലെ ലേസര്‍ മാന്‍ ഷോ. ഡി.ജെ സംഗീതത്തിന്റെ അകമ്പടിയോടെ ലേസര്‍ രശ്മികള്‍ക്കൊപ്പം നൃത്തം ചവിട്ടുന്ന ഷോ യുവാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവുകയാണ്.
കനകക്കുന്നു കൊട്ടാരത്തിനു സമീപത്തായി അണിയിച്ചൊരുക്കിയ പ്രത്യേക സ്റ്റേജിലാണ് പരിപാടി അരങ്ങേറുന്നത്. ഇതിനൊപ്പം അള്‍ട്രാ വയലറ്റ് രശ്മികള്‍ കൊണ്ടലങ്കരിച്ച വേദിയില്‍ കലാകാരന്മാര്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന യു.വി ഷോ, എല്‍.ഇ.ഡി ബള്‍ബുകളില്‍ പ്രകാശിതമായ പ്രത്യേക വസ്ത്രം ധരിച്ചെത്തുന്ന നര്‍ത്തകര്‍ സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ട്രോണ്‍സ് ഡാന്‍സ് എന്നിവയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. കേരളീയത്തിലെ ഇല്യൂമിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്റ്റേജ് ലൈറ്റ് ആന്‍ഡ് ഡാന്‍സ് ഷോ നടക്കുന്നത്. കേരളീയത്തിന്റെ കൂറ്റന്‍ ലോഗോയുടെ പ്രകാശിതരൂപമാണ് കനകക്കുന്നിലെ മറ്റൊരു പ്രധാന ആകര്‍ഷണം. വൈകിട്ട് 7 മുതല്‍ രാത്രി 11 വരെയാണ് ലേസര്‍ ഷോയും ട്രോണ്‍സ് ഷോയും സംഘടിപ്പിക്കുന്നത്.
പഞ്ചവര്‍ണ പുട്ട് മുതല്‍ ഫിഷ് നിര്‍വാണ വരെ; 50 ശതമാനം വിലക്കിഴിവില്‍ പഞ്ചനക്ഷത്ര വിഭവങ്ങള്‍
കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ പഞ്ചനക്ഷത്ര ഭക്ഷ്യമേളയില്‍ പങ്കെടുക്കുന്നത് കേരളത്തിലെ അഞ്ചു പ്രമുഖ സ്ഥാപനങ്ങളാണ്. സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ ഒരുക്കുന്ന ഭക്ഷ്യമേളയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ പങ്കെടുക്കുന്നത്. ഹൈസിന്ത്, ഗോകുലം, കെ.ടി.ഡി.സി മാസ്‌കോട്ട്, ലീല റാവിസ്, ഹില്‍ട്ടണ്‍ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളാണ് സാധാരണ നിരക്കില്‍ നിന്നും അന്‍പതു ശതമാനത്തിലധികം വിലക്കിഴിവില്‍ വിഭവങ്ങള്‍ ലഭ്യമാക്കുന്നത്. ഈ സ്റ്റാളുകളെല്ലാം നവംബര്‍ ഏഴു വരെ വൈകിട്ട് നാലു മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും.
പുട്ട് വന്ന വഴിയുടെ ചരിത്രം വിശദീകരിച്ച് ‘പുട്ടോപ്യ’ എന്ന പേരില്‍ വൈവിധ്യങ്ങളായ പുട്ടുകളുടെ മെനുവുമായാണ് കെ.ടി.ഡി.സിയുടെ മാസ്‌കോട്ട് ഹോട്ടല്‍ ശ്രദ്ധേയമാകുന്നത്. റാഗി, ചോളം, ഗോതമ്പ്, ബീറ്റ്‌റൂട്ട്, പ്ലെയിന്‍ എന്നിങ്ങനെ അഞ്ച് വിഭവങ്ങള്‍ കൊണ്ടുണ്ടാക്കിയ പഞ്ചവര്‍ണപ്പുട്ട് മുതല്‍ ചിക്കന്‍ ബിരിയാണി പുട്ട്, ബട്ടര്‍ ചിക്കന്‍, മട്ടണ്‍ മസാല, ബീഫ് ഉലര്‍ത്തിയ പുട്ടുകള്‍, ഫിഷ് മോളി പുട്ട്, വെജ് മപ്പാസ് പുട്ട്, ചോക്ലേറ്റ്- സ്‌ട്രോബറി പുട്ടുകള്‍ വരെ കിടിലന്‍ വൈവിധ്യങ്ങളാണ് പുട്ട് സ്‌നേഹികളെ കാത്തിരിക്കുന്നത്.
കിനോവ റോള്‍, ചാര്‍ക്കോള്‍ സ്റ്റീം ബൗ ബണ്‍, പിസ്റ്റാചിയോ ആന്‍ഡ് ഒലിവ് ഓയില്‍ കേക്ക് തുടങ്ങിയ സിഗ്നേച്ചര്‍ വിഭവങ്ങളുമായാണ് ഹില്‍ട്ടണ്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. വാഴപ്പൂ കട്‌ലറ്റ്, ഇളനീര്‍ പുഡിംഗ് മുതല്‍ സിഗ്നേച്ചര്‍ വിഭവമായ ഫിഷ് നിര്‍വാണ, പാല്‍ക്കട്ടി നിര്‍വാണ വരെ ലീല റാവിസിന്റെ മെനുവിലുണ്ട്. ഒപ്പം മീന്‍ പൊരിച്ച് പുരട്ടിയത്, കാന്താരി ബീഫ് റോസ്റ്റ്, കൂണ്‍ ഇലയട, ചെമ്മീന്‍ കക്കന്‍- ഇങ്ങനെ നീളുന്ന വിഭവങ്ങള്‍.
ദാള്‍ കച്ചോരിയും ചിക്കന്‍ ഫ്രൈഡ് റൈസുമാണ് ഹൈസിന്തിന്റെ സവിശേഷ വിഭവങ്ങള്‍. പാല്‍കപ്പ വിത്ത് ഫിഷ് ആന്‍ഡ് ബീഫാണ് ഗോകുലം ഗ്രാന്‍ഡിന്റെ സിഗ്നേച്ചര്‍ വിഭവം. കൂടാതെ ഇറച്ചിപത്തിരി, ചട്ടിപത്തിരി, ഉന്നക്കായ, ഇലാഞ്ചി എന്നിവയും സ്വാദ് കൂട്ടാനുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് സമാനമായ രീതിയിലാണ് പവലിയന്‍ ഒരുക്കിയിരിക്കുന്നത്. ബയോ ഡീഗ്രേഡെബിള്‍ പാക്കിംഗ്, പേപ്പര്‍ ബാഗ് തുടങ്ങിയവയും ഉറപ്പാക്കി സമ്പൂര്‍ണമായും ഹരിതച്ചട്ടം പാലിച്ചാണ് മേള പുരോഗമിക്കുന്നത്
പങ്കാളിത്തം കൊണ്ടും സംവാദം കൊണ്ടും സജീവമായി സെമിനാറുകള്‍
രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന രീതിയില്‍ ജനകീയമായാണ് കേരളീയം സെമിനാറുകള്‍ നടക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ടാഗോര്‍ ഹാളില്‍ നടന്ന വിദ്യാഭ്യാസ സെമിനാറില്‍ സാര്‍വത്രിക വിദ്യാഭ്യാസം നടപ്പാക്കുന്നതിലും ശക്തമായ ഒരു പൊതുവിദ്യാഭ്യാസ സംവിധാനം ഒരുക്കുന്നതിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു. 3,600 കോടി രൂപ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കുന്നുണ്ട്. ചരിത്ര വസ്തുതകളെ ശരിയായ രീതിയില്‍ പഠിപ്പിച്ചു കൊണ്ടായിരിക്കണം പൊതു വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കേണ്ടതെന്നും സെമിനാര്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടതായും മന്ത്രി പറഞ്ഞു.
കേരളം ശരിയായ രീതിയിലാണ് പൊതുജനാരോഗ്യ മേഖലയില്‍ മുന്നേറുന്നതെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടതായി ആരോഗ്യ വനിത ശിശുവികസന ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പൊതുജനാരോഗ്യത്തിലും ആയുര്‍ദൈര്‍ഘ്യത്തിലും കേരളം മാതൃകയാണ്. ജീവിത ശൈലി രോഗങ്ങളുയര്‍ത്തുന്ന ആശങ്കകളും പ്രതിരോധ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലൂടെ മറികടക്കണം. അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലോകത്തിലെ മികച്ച സ്ഥാപനങ്ങളിലൊന്നാണ്. നിപ്പ രോഗത്തിനുള്ള അന്റിബോഡി നിര്‍മാണം ഇവിടെ നടത്താന്‍ കഴിയുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ പ്രതിനിധികള്‍ അഭിനന്ദിച്ചതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതിയും പ്രതിസന്ധികളും സാമ്പത്തിക സെമിനാറില്‍ ചര്‍ച്ച ചെയ്തതായി സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം പ്രൊഫ.ആര്‍ രാം കുമാര്‍ പറഞ്ഞു. കേന്ദ്രഗവണ്‍മെന്റിന്റെ സംസ്ഥാനങ്ങളോടുള്ള സമീപനവും ചര്‍ച്ച ചെയ്തു. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഉല്‍പാദന മേഖലകളായ കൃഷി, വ്യവസായം എന്നിവക്ക് ഊന്നല്‍ നല്‍കണം. സാമൂഹിക സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ മുതിര്‍ന്നവരുടെ എണ്ണം ജനസംഖ്യയില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കെയര്‍ ഇക്കോണമി നടപ്പിലാക്കുന്നതിനെക്കുറിച്ചും സെമിനാര്‍ വിശദമായി ചര്‍ച്ച ചെയ്തതായും പ്രൊഫ.ആര്‍ രാം കുമാര്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ വളരെ മുന്നിലാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. മത്സ്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ആഴക്കടല്‍ മത്സ്യബന്ധനത്തിന് തൊഴിലാളികളെ പ്രാപ്തരാക്കുകയും വേണം. അക്വാകള്‍ച്ചര്‍ വ്യാപകമാക്കിയും വിയറ്റ്നാം മാതൃകയില്‍ കൂട് കൃഷി നടപ്പിലാക്കിയും കേരളത്തിന് ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടതായും രാം കുമാര്‍ പറഞ്ഞു.
കേരളത്തിന്റെ വിവര സാങ്കേതിക സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഐ ടി സെമിനാര്‍ ചര്‍ച്ച ചെയ്തതായി സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം വി.നമശിവായം പറഞ്ഞു. സംസ്ഥാനത്തിന് ഐ ടി മേഖലയോടുള്ള താല്‍പര്യത്തില്‍ പ്രതിനിധികള്‍ തൃപ്തി രേഖപ്പെടുത്തി. അതിനനുസൃതമായ ആവാസ വ്യവസ്ഥ രൂപപ്പെടുത്തേണ്ടത് അതാവശ്യമാണ്. മാറുന്ന ഗതിവേഗത്തിനനുസൃതമായി ഡിജിറ്റല്‍ സര്‍വകലാശാല അടക്കം സ്ഥാപിച്ച് കേരളം ബഹുദൂരം മുന്നോട്ട് പോയതായും നമശിവായം അഭിപ്രായപ്പെട്ടു
കനകക്കുന്ന് പാലസ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍, ഐ.ബി സതീഷ് എം എല്‍ എ, ആസൂത്രണ ബോര്‍ഡംഗം പി.കെ. ജമീല, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, ഐ പി ആര്‍ ഡി ഡയറക്ടര്‍ ടി വി സുഭാഷ് എന്നിവരുംപങ്കെടുത്തു.
പുത്തരിക്കണ്ടം മൈതാനത്ത് ആറന്മുള സദ്യ ( നവംബര്‍ 4) മുതല്‍
കേരളീയത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ‘ടേസ്റ്റ് ഓഫ് കേരള’ ഭക്ഷ്യമേളയില്‍ നവംബര്‍ നാലു മുതല്‍ ആറന്മുള സദ്യ തയ്യാര്‍. ഏത്തക്കാ ഉപ്പേരി, ചേന, ചേമ്പ് ഉപ്പേരികള്‍, അവിയല്‍, പഴം നുറുക്ക്, വെള്ളരിക്ക, ബീറ്റ്റൂട്ട് കിച്ചടികള്‍, അച്ചാറുകള്‍, സാമ്പാര്‍, പുളിശ്ശേരി തുടങ്ങി 50 കൂട്ടം വിഭവങ്ങളോടെയുള്ള സദ്യ 260 രൂപയ്ക്കാണ്ലഭിക്കുക.
*പാലടയുടെ ലൈവ് രുചിയുമായി കേരളീയം വേദി*
അടപ്പുതുറന്നതും പാലടയുടെ സുഗന്ധത്താല്‍ കാണികള്‍ സൂര്യകാന്തിയിലെ പാചകപ്പുരയ്ക്ക് മുന്നില്‍ തിരക്കു കൂട്ടി. കേരളീയത്തിന്റെ മൂന്നാം ദിനം സൂര്യകാന്തിയില്‍ ‘ലൈവ് ‘പാചകവുമായെത്തിയത് പാചക കലയില്‍ ആഗ്രഗണ്യനായ പഴയിടം മോഹനന്‍ നമ്പൂതിരിയായിരുന്നു. പഴയിടം മോഹനന്‍ നമ്പൂതിരിയും മകന്‍ യദുവും പാലട പ്രഥമന്‍ എന്ന കേരളത്തിന്റെ തനതു മധുര്യമാണ് സന്ദര്‍ശകര്‍ക്ക് ഉണ്ടാക്കി നല്‍കിയത്. കേരളീയത്തിന്റെ ഭാഗമായി പത്തു തദ്ദേശീയ കേരളീയ വിഭവങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ എ എം റഹിം എം പി, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എസ്. ഹരികിഷോര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പു ഡയറക്ടര്‍ ടി.വി സുഭാഷ് തുടങ്ങിയവര്‍പങ്കെടുത്തു.
കേരളീയത്തിന്റെ സന്ദേശവുമായി കെ. റണ്‍ ഗെയിം
കേരളീയം മഹോല്‍സവത്തിന്റെ ഭാഗമായി കേരളത്തിന്റെകരുത്തും സൗന്ദര്യവും ലോകമൊട്ടാകെയുള്ള യുവാക്കളില്‍ എത്തിക്കാന്‍ ആവിഷ്‌കരിച്ച മൊബൈല്‍ ഗെയിം കെ. റണ്‍ (കേരള എവലൂഷന്‍ റണ്‍) ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ലോഞ്ച് ചെയ്തു.
കനകക്കുന്ന് പാലസ് ഹാളില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായിരുന്നു. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍,ഐ.ബി സതീഷ് എം.എല്‍.എ ,മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. എക്‌സ്.ആര്‍.ഹൊറൈസണ്‍ സി.ഇ.ഒ ഡെന്‍സില്‍ ആന്റണി ഗെയിമിന്റെ സവിശേഷതകള്‍ വിശദീകരിച്ചു.
പ്രശസ്തമായ റണ്‍ ഗെയിമുകളുടെ മാതൃകയിലാണ് കേരളീയം മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മറ്റി ഗെയിം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.പഴയ കാലകേരളത്തില്‍ നിന്ന് ആധുനിക കേരളത്തിലേക്കുള്ള യാത്രയായാണ് ഗെയിമിന്റെരൂപകല്‍പ്പന. ഗെയിമിന്റെവിവിധ ഘട്ടങ്ങളിലായി സംസ്ഥാനത്തിന്റെപഴയകാലവും മധ്യകാലവും ആധുനിക കാലവും ചിത്രീകരിച്ചിട്ടുണ്ട്. കേരളത്തിന്റെനേട്ടങ്ങളും അഭിമാന പദ്ധതികളും ഈ യാത്രയില്‍ കാഴ്ചകളായി അണിനിരക്കും.
കെ.എസ്.ആര്‍.ടി.സി, കൊച്ചി മെട്രോ, വാട്ടര്‍മെട്രോ, വിമാനത്താവളം തുടങ്ങി ഗതാഗത മേഖലയുടെ ദൃശ്യവല്‍ക്കരണം ഗെയിമിലുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യബന്ധനം തുടങ്ങി സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ മേഖലകള്‍ ഗെയിമിലെ യാത്രയില്‍ വന്നുപോകും. ആകര്‍ഷകമായ ത്രീ ഡി അസറ്റുകള്‍, വിഷ്വല്‍ എഫക്ട്‌സ്, സ്‌പേഷ്യല്‍ ഓഡിയോ തുടങ്ങിയവ ഗെയിമിനു മാറ്റുകൂട്ടുന്നു.
ഗെയിമിലെ നായക കഥാപാത്രത്തിന് ഈ ഓട്ടത്തിനിടെ കോയിനുകളും മറ്റു സമ്മാനങ്ങളും ശേഖരിക്കാം. ഓടിയും ചാടിയും വശങ്ങളിലേക്ക് തെന്നിമാറിയും തടസ്സങ്ങളും കെണികളും മറികടക്കാം. ഗെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം നല്‍കിയാല്‍ ബോണസ് പോയിന്റുകള്‍ ലഭിക്കും. വിനോദത്തിലൂടെ വിജ്ഞാനം എന്നതാണ് ലക്ഷ്യം. കേരളീയം എന്ന സങ്കല്‍പ്പത്തില്‍ ഊന്നിയാണ് നിലവില്‍ ഗെയിമെങ്കിലും ഭാവിയില്‍ സംസ്ഥാനത്തിന്റെ മറ്റു വികസന സന്ദേശങ്ങള്‍ ഉള്‍പ്പെടുത്താനാകും വിധമാണ് രൂപകല്‍പ്പന.
ആന്‍ഡ്രോയ്ഡ്, വെബ് ആപ്‌ളിക്കേഷനുകളാണ് നിലവില്‍ പൂര്‍ത്തിയായത്. ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ ‘K-Run’ എന്നു സെര്‍ച്ച് ചെയ്ത് ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യാം. വൈകാതെ ഐ.ഒ.എസ് പ്ലാറ്റ്‌ഫോമിലും ലഭ്യമാകും. ഇന്‍ഫിനിറ്റി റണ്ണര്‍ ഗെയിം ആയിട്ടാണ് കെ റണ്‍ രൂപകല്‍പ്പന. കേരളീയം മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മറ്റി സ്റ്റാര്‍ട്ട് അപ് കമ്പനിയായ എക്‌സ്.ആര്‍.ഹൊറൈസണുമായി ചേര്‍ന്നാണ് ഗെയിംഡെവലപ്ചെയ്തത്.
മത്സ്യമേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കി കേരളീയം സെമിനാര്‍
കേരളീയം പരിപാടിയോടനുബന്ധിച്ച് കേരളത്തിലെ മത്സ്യ മേഖല എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മത്സ്യ ഉല്‍പാദനം, വിതരണം, മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയര്‍ത്തല്‍ എന്നിവയില്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമായ ഇടപെടലാണ് നടത്തുന്നതെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
തീര സദസ്സുകള്‍ വഴി ലഭിച്ച പരാതികളില്‍ 50% പരാതികളും പരിഹരിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പഠന സഹായം, പുനര്‍ ഗേഹം പദ്ധതിയിലൂടെ പുതിയ ഫ്ളാറ്റുകള്‍, വിദേശ വിദ്യാഭ്യാസ സഹായം, കരിയര്‍ ഗൈഡന്‍സ് എന്നിങ്ങനെ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
സമുദ്രതീരം സംരക്ഷിതമേഖലയാക്കി കൊണ്ട് അനിയന്ത്രിതമായി വിദേശ യാനങ്ങളുള്‍പ്പെടെ മല്‍സ്യ ബന്ധനം നടത്തുന്ന സാഹചര്യത്തില്‍ മാറ്റം വരുത്തണമെന്ന് മുന്‍ മന്ത്രി എസ്. ശര്‍മ പറഞ്ഞു. അലങ്കാര മത്സ്യകൃഷിയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും വ്യാപകമാക്കുകയും മത്സ്യത്തിന് താങ്ങുവില പ്രഖ്യാപിക്കേണ്ടതുമുണ്ട്. ഇടനിലക്കാരെ പരമാവധി ഒഴിവാക്കി വിലയുടെ 90% മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമായാലേ സുസ്ഥിര വികസനം സാധ്യമാകൂവെന്നും ശര്‍മ പറഞ്ഞു.
പ്രാദേശിക സഹകരണം, വാണിജ്യ സഹകരണം സേവന ദാതാക്കളുടെ സഹകരണം എന്നിവ ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് ഒമാന്‍ മത്സ്യബന്ധന വികസന വിഭാഗം മുതിര്‍ന്ന ഉപദേഷ്ടാവ് ഡോ.അന്റോണിയോ ഗാര്‍സ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാന്‍ കഴിയുന്ന രീതിയില്‍ അക്വാകള്‍ച്ചര്‍ കൃഷി രീതികള്‍ പിന്‍ തുടരാന്‍ കേരളം ശ്രമിക്കണം.
മത്സ്യങ്ങള്‍ക്ക് മെച്ചപ്പെട്ട വളര്‍ച്ചയും രോഗപ്രതിരോധശേഷിയും സാധ്യമാക്കുന്നതിന് ശക്തമായ ജനിതക പരിവര്‍ത്തന പരിപാടികള്‍ കേരളം ആവിഷ്‌കരിക്കണം. മത്സ്യകര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും യുവാക്കളെയും വനിതകളേയും ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനും കഴിയണം. മത്സ്യത്തീറ്റ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടേണ്ടതുണ്ട്. ബയോടെക്നോളജി അടിസ്ഥാനമാക്കിയുള്ള സമുദ്ര മത്സ്യ ഉല്‍പാദനം പ്രോത്സാഹിപ്പിക്കണമെന്നും അന്റോണിയോ ഗാര്‍സ പറഞ്ഞു. അമിതമായ മത്സ്യബന്ധനം കേരളത്തിന്റെ മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ചോയ്സ് ഗ്രൂപ്പ് ഉടമ ജോസ് തോമസ് അഭിപ്രായപ്പെട്ടു. യന്ത്രവല്‍കൃത ബോട്ടുകളുടെ വലിപ്പം കൂടി വരുന്ന സാഹചര്യം നിലവിലുള്ളതായി ഫിഷിംഗ് ക്രാഫ്റ്റ് ആന്‍ഡ് ഗിയര്‍ വിദഗ്ദ്ധ ഡോ. ലീല എഡ്വിന്‍ അഭിപ്രായപ്പെട്ടു.
മണ്ണ്, ആവാസ വ്യവസ്ഥ, ജലം എന്നിവക്ക് ഓര്‍ഗാനിക് ഫാമിംഗ് എന്ന സങ്കേതം പരമാവധി കേരളം ഉപയോഗപ്പെടുത്തണമെന്ന് ഷെല്‍ രോഗ പ്രതിരോധ വിദഗ്ധ ഡോ.എം റോസലിന്‍ഡ് ജോര്‍ജ് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കണമെന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (കേരള മേഖല) പ്രസിഡന്റും ബേബി മറൈന്‍ ഇന്റര്‍നാഷണലിന്റെ തലവനുമായ അലക്സ് കെ നൈനാന്‍ പറഞ്ഞു. ആധുനികവല്‍ക്കരണം മത്സ്യമേഖലയില്‍ പൂര്‍ണതയിലെത്തിക്കണമെന്ന് ആഷ് ട്രീ വെഞ്ചേഴ്സ് സ്ഥാപകന്‍ മനോജ് ശ്രീകണ്ഠ കുരുക്കള്‍ അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അടിത്തറയിടുന്ന വിദ്യാഭ്യാസമെന്ന കേരളത്തിന്റെ നിലപാട് ഇനിയും തുടരും: മന്ത്രി വി. ശിവന്‍കുട്ടി
ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അടിത്തറയിടുന്ന വിദ്യാഭ്യാസം എന്ന കേരളത്തിന്റെ നിലപാട് ഇനിയും തുടരുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേരളീയത്തിന്റെ ഭാഗമായി ‘കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം’ എന്ന വിഷയത്തില്‍ ടഗോര്‍ തിയറ്ററില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവരെയും ഉള്‍ച്ചേര്‍ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നതാണ് കേരളത്തിന്റെ സംസ്‌കാരം. വിഭജനത്തിന്റെയും വെറുപ്പിന്റെയും നിലപാടുകള്‍ ലോകത്തും രാജ്യത്തും ഉയര്‍ന്നു വരുന്ന ഘട്ടത്തില്‍ വൈവിധ്യത്തെയും ബഹുസ്വരതയെയും മുന്‍നിര്‍ത്തിയുള്ള നിലപാട് മാത്രമേ കേരളത്തിന് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയൂവെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ വിദ്യാഭ്യാസ സാധ്യതകളെ പ്രയോജനപ്പെടുത്തി വിജ്ഞാന സമൂഹത്തിലേക്കും സമ്പദ് വ്യവസ്ഥയിലേക്കും മുന്നേറണമെന്ന് യുണീസെഫ് വിദ്യാഭ്യാസ വിഭാഗം (ഇന്ത്യ) മേധാവി ടെറി ഡെറൂണിയന്‍ പറഞ്ഞു. വിജ്ഞാന സമൂഹത്തിലേക്കും സമ്പദ് വ്യവസ്ഥയിലേക്കും സംഭാവന ചെയ്യുന്നവരാകാന്‍ യുവാക്കളെ പ്രാപ്തരാക്കുന്നതിന് ചെറിയതോതിലുള്ള വിടവുകള്‍ നികത്തി കൂടുതല്‍ മുന്നേറാനുള്ള കരുത്ത് കേരളത്തിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലധിഷ്ഠിതവും നൈപുണ്യവും അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം വികസിപ്പിക്കുന്നതിലൂടെയും വിദ്യാര്‍ത്ഥി കേന്ദ്രീകൃത കരിയര്‍ ഗൈഡന്‍സ് പരിപാടികള്‍ നടപ്പിലാക്കുന്നതിലൂടെയും കേരളത്തിലെ വിദ്യാഭ്യാസം ശക്തിപ്പെടുത്താനാകുമെന്ന നിര്‍ദേശവും അദ്ദേഹം പങ്കുവച്ചു.
എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന കേരളത്തിന്റെ അടിസ്ഥാന നയവും വിദ്യാഭ്യാസ മേഖലയുടെ അടിത്തറയും കരുത്തും സാമൂഹ്യ ഇടപെടലുകളും ഫ്രീ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള സ്‌കൂളുകളിലെ ഐ ടി മുന്നേറ്റവും സെമിനാറില്‍ പ്രശംസനേടി.
വിദ്യാഭ്യാസത്തിന്റെ ആത്മാവ് കുഞ്ഞുങ്ങളും അതിന്റെ ഹൃദയം അധ്യാപകരും മസ്തിഷ്‌കം രക്ഷിതാക്കളുമടങ്ങുന്ന സമൂഹമാണെന്ന് ഇന്ത്യയിലെ ഫിന്‍ലാന്റ് നോളഡ്ജ് വിദഗ്ധന്‍ ഡോ. മിക്ക ടിറോനെന്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസത്തേയും തൊഴിലിനേയും വേവ്വേറെയായി കണ്ട് വൊക്കേഷണല്‍ കോഴ്‌സുകള്‍ പ്രത്യേകം നടപ്പാക്കാതെ സംയോജിപ്പിച്ചുള്ള തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസ സംവിധാനമാണ് അവലംബിക്കേണ്ടതെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റ് ഓഫ് എഡ്യൂക്കേഷന്‍ എലമെന്ററി ആന്‍ഡ് സോഷ്യല്‍ എഡ്യൂക്കേഷന്‍ മുന്‍ പ്രൊഫസര്‍ അനിത രാംപാല്‍ പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തിനു മുമ്പേയുള്ള പ്രീസ്‌കൂളിംഗില്‍ പഠനോപാധികളായി കളികള്‍ മാറ്റപ്പെടേണ്ടതുണ്ട്. വയോജനങ്ങളുടെ മൂല്യങ്ങള്‍ കുട്ടികളിലേക്ക് പകരപ്പെടുന്ന രീതിയിലുള്ള പരിപാടികള്‍ ശാസ്ത്രീയമായ നടപ്പിലാക്കണമെന്നുമുള്ള നിര്‍ദേശങ്ങളും സെമിനാറില്‍ ഉയര്‍ന്നുവന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് വിഷയാവതരണം നടത്തി. എട്ട് വിദഗ്ധരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്. ജാമിയ മിലിയ യൂണിവേഴ്‌സിറ്റി എജ്യുക്കേഷന്‍ ഫാക്കല്‍റ്റി പ്രൊഫ. ഫാറ ഫാറൂഖി, സിഡോക്കാന്‍ഹു മുര്‍മു യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും ജെഎന്‍യു സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റംസ് പ്രൊഫസര്‍ സൊനാജ്ഹരിയ മിന്‍സ്, ബംഗളൂരു ഐടി ഫോര്‍ ചേഞ്ച് ഡയറക്ടര്‍ ശ്രീ. ഗുരുമൂര്‍ത്തി കാശിനാഥന്‍, കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത്, വിദ്യാകിരണം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സി. രാമകൃഷ്ണന്‍ എന്നിവരും പാനലിസ്റ്റുകളായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഷാനവാസ് എസ്. മോഡറേറ്ററായി.ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണ്‍ വി.കെ. രാമചന്ദ്രന്‍, ആസൂത്രണബോര്‍ഡ് അംഗം മിനി സുകുമാര്‍, പാലക്കാട് ഡിസ്ട്രിക്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് സീനിയര്‍ ലക്ചറര്‍ ഡോ. വി.ടി. ജയറാം എന്നിവരുംപങ്കെടുത്തു.
കേരളം ആത്മവിശ്വാസത്തോടെ കുതിക്കും: മന്ത്രി കെ.എന്‍. ബാലഗോപാല്‍
വിദഗ്ധ നിര്‍ദേശങ്ങള്‍ പങ്കുവെച്ച് കേരളീയം സാമ്പത്തിക സെമിനാര്‍
കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സാമ്പത്തിക ഉപരോധം മൂലമുള്ള ധന ഞെരുക്കമുണ്ടെങ്കിലും കേരളം ആത്മവിശ്വാസത്തോടെ കുതിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കേരളീയത്തിന്റെ ഭാഗമായി നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ധനവകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സമാനതകളില്ലാത്ത വികസന ക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന് മുന്നിലുള്ള പ്രധാന പ്രതിബന്ധം കേന്ദ്രം ഏര്‍പ്പെടുത്തുന്ന സാമ്പത്തിക ഉപരോധമാണ്. സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്രവിഹിതം തുടര്‍ച്ചയായി നിഷേധിക്കപ്പെടുകയാണ്. ധന ഉത്തരവാദിത്ത നിയമപ്രകാരം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനം മാത്രമാണ് കടമെടുക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രം കടമെടുത്തതാകട്ടെ 6.8 ശതമാനവും. മൂന്നു ശതമാനം കടമെടുക്കാന്‍ അര്‍ഹതയുള്ള സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കട പരിധിയില്‍ വെട്ടിക്കുറവ് വരുത്തിയതിനുശേഷം അനുവദിച്ചതാകട്ടെ 2.5 ശതമാനവും. രാജ്യത്തെ വരുമാനത്തിന്റെ 64 ശതമാനവും കേന്ദ്രമാണ് ശേഖരിക്കുന്നത്. ചെലവാക്കുന്നത് 34 ശതമാനം മാത്രവും. 66 ശതമാനം ചെലവുകളും സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. സംസ്ഥാനങ്ങളുടെ ചെലവ് ചെയ്യാനുള്ള പരിധി കുറക്കുന്ന കേന്ദ്ര നടപടി ഭരണഘടന അനുശാസിക്കുന്ന ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കുന്നതാണ്. ഇതാണ് ധന ഞെരുക്കത്തിന് കാരണം. എങ്കിലും കേരളം ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകും. വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ കേരളത്തെ ലോകത്തെ ഹബ്ബാക്കി മാറ്റും. സംസ്ഥാനത്ത് പ്രായമേറിയവരുടെ ജനസംഖ്യ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കെയര്‍ എക്കണോമി ശക്തിപ്പെടുത്തും. വിഴിഞ്ഞം തുറമുഖം പോലെ അടിസ്ഥാനസൗകര്യ വികസന രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തും. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കും. കേരളത്തിന്റെ ഭാവി വളര്‍ച്ചയിലെ ഏറ്റവും പ്രധാന നിക്ഷേപ പരിപാടിയാണ് കേരളീയം. തിരിഞ്ഞു നോട്ടത്തിന്റെയും പഠനത്തിന്റെയും വേദിയാണിത്. കേരളീയം സെമിനാറില്‍ ഉയര്‍ന്നുവന്ന വിദഗ്ധ നിര്‍ദേശങ്ങില്‍ ചര്‍ച്ച തുടരും. അറിവിനെ അടിസ്ഥാനമാക്കിയുള്ള കുതിച്ചു ചാട്ടത്തിനാണ് സംസ്ഥാനം ഒരുങ്ങുന്നത്. ദൈനംദിന ജീവിത നിലവാരം അളക്കുന്ന എല്ലാ പഠനങ്ങളിലും കേരളം മുന്നിലാണ്. മൂന്ന് ലക്ഷം വീടുകള്‍ കൂടി നിര്‍മിച്ചാല്‍ എല്ലാവര്‍ക്കും വീടുള്ള ലോകത്തിലെ അപൂര്‍വ പ്രദേശമായി കേരളം മാറും- മന്ത്രി പറഞ്ഞു.
കേരളത്തിലെ സാമ്പത്തികരംഗം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രവീന്ദ്രകുമാര്‍ അഗര്‍വാള്‍ വിഷയാവതരണം നടത്തി. കഴിഞ്ഞ ആറര പതിറ്റാണ്ടിനിടെ കേരള സമ്പദ്ഘടന വളരെ ആഴത്തിലുള്ള പരിവര്‍ത്തനത്തിന് വിധേയമായിട്ടുണ്ടെന്ന് മുന്‍ ധനമന്ത്രി. ടി.എം. തോമസ് ഐസക് പറഞ്ഞു. 1956 ല്‍ പ്രതിശീര്‍ഷ വരുമാനം ദേശീയ ശരാശരിയേക്കാള്‍ 25 ശതമാനം താഴെയായിരുന്നുവെങ്കില്‍ ഇപ്പോള്‍ 60 ശതമാനം മുകളിലാണ്. കേരളം ഇന്ന് ദരിദ്ര സംസ്ഥാനമല്ല, ഇന്ത്യയില്‍ താരതമ്യേന മികച്ച വരുമാനമുള്ള സംസ്ഥാനമാണ്. മനുഷ്യവിഭവ ശേഷിയില്‍ നാം നടത്തിയ നിക്ഷേപത്തിന്റെ നേട്ടമായിരുന്നു ഗള്‍ഫ് കുടിയേറ്റവും അതില്‍ നിന്ന് ലഭിച്ച വരുമാനവുമെന്നും അദ്ദേഹം പറഞ്ഞു.
സേവനമേഖലയിലെ രണ്ടാം തലമുറ പ്രശ്നങ്ങളും അടിസ്ഥാന സൗകര്യവികസന രംഗത്തെ ധനക്കമ്മിയും വിദ്യാഭ്യാസമുള്ളവരിലെ തൊഴിലില്ലായ്മയുമാണ് കേരളം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികള്‍. അധികാരവികേന്ദ്രീകരണവും കിഫ്ബിയും വിജ്ഞാനസമ്പദ് വ്യവസ്ഥയുമാണ് ഇവക്ക് പരിഹാരം. പശ്ചാത്തല സൗകര്യ രംഗത്തെ നിക്ഷേപത്തിലെ കുറവ് അടിയന്തരമായി പരിഹരിക്കണമെന്നും ഡോ. തോമസ് ഐസക് പറഞ്ഞു. നവകേരളം കെട്ടിപ്പടുക്കുമ്പോള്‍ അടിസ്ഥാനപരമായി പരിഗണിക്കേണ്ട രണ്ടു വിഷയങ്ങള്‍ പരിസ്ഥിതി വിഷയങ്ങളും സാമ്പത്തിക സുസ്ഥിരതയുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഫെല്ലോയും സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ. എം.എ. ഉമ്മന്‍ പറഞ്ഞു.
രാഷ്ട്രീയം സമ്പദ് വ്യവസ്ഥയെ കീഴടക്കിയതായി മുന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖര്‍ പറഞ്ഞു. 65 വര്‍ഷമായി കേരളം തന്നെ അതിശയിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റി എമിറേറ്റ്സ് പ്രൊഫസര്‍ റോബിന്‍ ജെഫി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്ത കേരള അനുഭവം സൃഷ്ടിക്കപ്പെട്ടത് ഏതെങ്കിലും ഒരു കൂട്ടം നയങ്ങള്‍ കൊണ്ടു മാത്രല്ല. കേരളം എന്തുകൊണ്ട് സവിശേഷമായി എന്ന് ചോദിച്ചാല്‍ രാഷ്ട്രീയം, സ്ത്രീകള്‍, ക്ഷേമം എന്നിവ ചേര്‍ന്ന ഫോര്‍മുല മൂലമാണെന്ന് താന്‍ പറയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹുസ്വരവും കൂടുതല്‍ ജനാധിപത്യപരവും സര്‍ഗാത്മകമായ പ്രാദേശിക സംസ്‌കാരത്തില്‍ ആഴത്തില്‍ വേരൂന്നിയതുമായ ജ്ഞാനസമ്പദ് വ്യവസ്ഥയാണ് നവകേരളത്തില്‍ വികസിപ്പിച്ചെടുക്കേണ്ടതെന്ന് ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ വാട്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റനാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്സ് പ്രൊഫസര്‍ പാട്രിക് ഹെല്ലര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
പൊതുകടത്തിന്റെ സുസ്ഥിരതയില്‍ കേരളം ശ്രീലങ്കന്‍ വഴിക്ക് പോകുമെന്ന ആഖ്യാനം തെറ്റാണന്നും കാപെക്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപം ശക്തിപ്പെടുത്തിയും സംസ്ഥാനത്തെ മനുഷ്യ മൂലധന രൂപീകരണം നിലനിര്‍ത്തിയും ഉയര്‍ന്ന കടവും കമ്മിയും സാധൂകരിക്കാനാവുമെന്ന് ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി പ്രൊഫസര്‍ ഡോ. ലേഖ എസ്. ചക്രബര്‍ത്തി പറഞ്ഞു.
സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ഉല്‍പാദന മേഖലക്ക് വലിയ പ്രാധാന്യമുണ്ടെന്നും ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ച് കാര്‍ഷികമേഖലയിലെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കണമെന്നും അവ ശേഖരിക്കാനായി സഹകരണമേഖലയെ ഉപയോഗപ്പെടുത്തണമെന്നും സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം. ആര്‍. രാമകുമാര്‍ പറഞ്ഞു. പരമ്പരാഗതമായി തൊഴിലില്ലായ്മ കൂടുതലുള്ള സംസ്ഥാനത്ത് ഇപ്പോഴും അത് തുടരുകയാണെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് പ്രൊഫസര്‍ പ്രൊഫ. വിനോജ് എബ്രഹാം പറഞ്ഞു. സംസ്ഥാനങ്ങളിലെ സാമ്പത്തിക വികസനം അളക്കുന്നതിലെ ദേശീയ സ്ഥിതിവിവരക്കണക്ക് മാനദണ്ഡങ്ങളിലെ ആശങ്കകളാണ് സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ പി.സി. മോഹനന്‍ പങ്കുവെച്ചത്. 1300 പേര്‍ പങ്കെടുത്ത പരിപാടി നാലു മണിക്കൂറോളംനീണ്ടു.
ഐ.ടി മേഖലയില്‍ ഗവേഷണത്തിന് ഊന്നല്‍ നല്‍കണം: കേരളീയം സെമിനാര്‍
സംസ്ഥാനത്ത് ഐ.ടി മേഖലയില്‍ ഗവേഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് കേരളീയം 2023ന്റെ ഭാഗമായി ‘കേരളത്തിലെ ഐ.ടി മേഖല’ എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഐ.ടി വകുപ്പ് മാസ്‌കോട്ട് ഹോട്ടലില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.
കേവലം വിദ്യാഭ്യാസത്തിനപ്പുറം അതത് മേഖലകളില്‍ വൈദഗ്ധ്യം നേടത്തക്ക രൂപത്തില്‍ കോഴ്സുകള്‍ രൂപപ്പെടുത്തണം. ഇതോടൊപ്പം ഐ.ടി മേഖലയില്‍ കൂടുതല്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളും റീഫ്രഷര്‍ കോഴ്സുകളും ആരംഭിക്കേണ്ടതുണ്ട്. ഐ.ടി മേഖല പ്രതിദിനം അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. സംസ്ഥാനം ഇതോടൊന്നിച്ച് മുന്നേറാന്‍ കൂടുതല്‍ ഐ.ടി പാര്‍ക്കുകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതലായി ആരംഭിക്കണം. ഡിജിറ്റല്‍ എക്കോണമി വലിയ സാധ്യതയാണ് കേരളത്തിന് മുന്നില്‍ വെയ്ക്കുന്നത്. നിര്‍മിത ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാധ്യതകളെ എല്ലാ മേഖലയിലും ഉപയോഗിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. ഐ.ടി മേഖലയെ സമൂഹത്തിന്റെ ഉന്നതിക്കായി ഉപയോഗിക്കുന്നതില്‍ സംസ്ഥാനം മാതൃകയാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സേവനം പ്രാപ്യമാണ് എന്നത് കേരളത്തെ മറ്റു സംസ്ഥാനങ്ങളില്‍ വിഭിന്നമാക്കുന്നതായി സെമിനാറില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ വി. നമശിവായം അഭിപ്രായപ്പെട്ടു. അക്ഷയ പദ്ധതി പോലുള്ള പല മാതൃകകളും ആരംഭിച്ച് ഐ.ടി മേഖലയില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് വഴി കാട്ടിയതായും അദ്ദേഹം പറഞ്ഞു.
ഭരണ നിര്‍വണം സുഗമമാക്കുന്നതിനായി കേരളം നിരവധി പദ്ധതികള്‍ നടത്തി വരുന്നതായി സെമിനാറില്‍ വിഷായവതരണം നടത്തിയ സംസ്ഥാന ഇലക്ടോണിക്സ് ആന്റ് ഐ.ടി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു.
ഡിജിറ്റല്‍ സമത്വത്തിലേക്കുള്ള ചുവടുവെയ്പുമായി കേരളം ആരംഭിച്ച കെ ഫോണ്‍ പദ്ധതി എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്ന് തമിഴ്നാട് ഐടി വകുപ്പ് മന്ത്രി ഡോ. പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. ഐ.ടി മേഖലയില്‍ കേരളത്തിലേക്ക് കൂടുതല്‍ സംരംഭകരെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകനും മുന്‍ സി.ഇ.ഒയുമായ എസ്.ഡി ഷിബുലാല്‍ പറഞ്ഞു. അന്തരീക്ഷ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ഇക്കാലത്ത് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമകാലിക പ്രശ്നങ്ങളായ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ടെക്നോളജിക്ക് സാധിക്കുമെന്ന് പ്രശസ്ത ഐ.ടി. സംരംഭകനായ സാം സന്തോഷ് അഭിപ്രായപ്പെട്ടു.
എല്ലാവരിലേക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ എത്തിക്കുന്നതില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ ഓരോ പൗരനും അതിവേഗം സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഐ.ടി സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെടണമെന്ന് ഐ.ബി.എസ് സോഫ്റ്റ് വെയര്‍ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ മാത്യൂസ് അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം ഐ.ടി ഗവേഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് സാഫിന്‍ ഇന്ത്യ മാനേജിങ് ഡയറക്ടറായ സുജ ചാണ്ടി പറഞ്ഞു. ഐ.ടി മേഖലയില്‍ കൂടുതല്‍ ഗവേഷണത്തിനും കണ്ടെത്തലിനുമായി മേഖലയിലെ പ്രധാന സ്ഥാപനങ്ങളുമായി അക്കാദമിക് പങ്കാളിത്തം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
ഐ.ടി മേഖലയില്‍ കൂടുതല്‍ കരുത്തരായ വരെ സൃഷ്ടിക്കാന്‍ ചെറുപ്പ കാലം മുതല്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത് നന്നായിരിക്കുമെന്ന് നാസ്‌കോം വൈസ് പ്രസിഡന്റ് ശ്രീകാന്ത് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഐ.ടി മേഖലയില്‍ കൂടുതല്‍ സംരംഭങ്ങള്‍ ഉയര്‍ന്നു വരേണ്ടത് ആവശ്യമാണെന്നും ഇതിനായി റിസര്‍ച്ച് ആന്റ് ഡെവലപ്പമെന്റ് മേഖലയില്‍ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണെന്നും ഇന്ത്യന്‍- അമേരിക്കന്‍ എന്‍ജിനീയറും സംരംഭകനുമായ വിനോദ് ധാം അഭിപ്രായപ്പെട്ടു.
ഡിജിറ്റല്‍ എക്കോണമി കേരളത്തിന് മുന്നില്‍ വലിയ സാധ്യതാണ് ഉയര്‍ത്തുന്നത്. ഐ.ടി മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങളും പഠനങ്ങളും നടത്തുകയും കൂടുതല്‍ ഐ.ടി സംരംഭങ്ങള്‍ ആരംഭിക്കുക വഴി കേരളത്തെ സാമ്പത്തിക രംഗത്ത് ഉയര്‍ത്തിക്കൊണ്ടുവരാനാവുമെന്നും കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സജി ഗോപിനാഥ്പറഞ്ഞു.
ആരോഗ്യ രംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ ആശയങ്ങളുമായി പൊതുജനാരോഗ്യം സെമിനാര്‍
ആരോഗ്യമേഖലയിലെ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ആശയ രൂപീകരണത്തിന് വേദിയായി കേരളത്തിലെ പൊതുജനാരോഗ്യം – സെമിനാര്‍. ആരോഗ്യ രംഗത്ത് ലോകത്തിനു തന്നെ കേരളം മാതൃകയാകുമ്പോഴും നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ കാണാതെ പോകരുതെന്ന് സെമിനാര്‍ പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. സെമിനാറില്‍ പങ്കെടുത്തവരും ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു. കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിനാറില്‍ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എപിഎം മുഹമ്മദ് ഹനീഷ് വിഷയാവതരണം നടത്തി.
മുന്‍ മന്ത്രി പി.കെ. ശ്രീമതി, പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ കെ. ശ്രീനാഥ് റെഡ്ഡി, ജിപ്മര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പബ്ലിക് ഹെല്‍ത്തിലെ ഗ്ലോബല്‍ സ്റ്റിയറിംഗ് കൗണ്‍സില്‍ ഓഫ് ഒ പീപ്പിള്‍സ് ഹെല്‍ത്ത് മൂവ്മെന്റ് ആന്‍ഡ് അഡ്ജന്‍ക്റ്റ് ഫാക്കല്‍റ്റി ഡോ.ടി. സുന്ദര രാമന്‍, അമേരിക്കയിലെ ജെഫേഴ്സണ്‍ മെഡിക്കല്‍ കോളേജ് എം. ഡി. ഡോ.എം. വി. പിള്ള, പാലിയം ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ ഡോ.എം. ആര്‍. രാജഗോപാല്‍, ഹെല്‍ത്തിയര്‍ സൊസൈറ്റീസ്, ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് ഹെല്‍ത്ത് പ്രോഗ്രാം ഡയറക്ടര്‍ ഡോ.ദേവകി നമ്പ്യാര്‍, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി എമിറേറ്റ്സ് പ്രൊഫസര്‍, ഡോ.വി രാമന്‍കുട്ടി, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. പി.കെ. ജമീല എന്നിവരാണ് സെമിനാറില്‍ പാനലിസ്റ്റുകളായത്.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് രണ്ടാം കേരള മോഡലിന്റെ ഭാഗമായി ആരോഗ്യരംഗത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സെമിനാറില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളും ആശയങ്ങളും സ്വാംശീകരിച്ച് ആരോഗ്യ മേഖലയില്‍ കൂടുതല്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തും. സാര്‍വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സൗകര്യങ്ങളുടെയും വിഭവങ്ങളുടെയും കൃത്യമായ വിനിയോഗം ഉറപ്പാക്കുന്നതിന് ആശുപത്രി സൗകര്യങ്ങളുടെ മാപ്പിംഗ് നടന്നുവരികയാണ്. നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിംഗും പോലുള്ള നൂതന സാങ്കേതിക വിദ്യകള്‍
ചികിത്സാ മേഖലയില്‍ ഏകോപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് കോഴിക്കോട് നിപ്പാ ഗവേഷണ കേന്ദ്രം ആരംഭിക്കുകയാണ്. തോന്നയ്ക്കലിലെ ഇന്‍സ്റ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ ഡെംഗി പോലുള്ള പകര്‍ച്ചവ്യാധി രോഗങ്ങളുമായി ബന്ധപ്പെട്ട് ഇന്റര്‍ ഡിസിപ്ലിനറി സെന്റര്‍ ഇവിടെ ആരംഭിക്കും. ആയുര്‍വേദ ഗവേഷണ കേന്ദ്രം കണ്ണൂരില്‍ ഈ വര്‍ഷം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മുന്‍മന്ത്രി പി.കെ. ശ്രീമതി പറഞ്ഞു. ആദിവാസികള്‍, ഭിന്നശേഷി, മത്സ്യ തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കും തുല്യമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കണമെന്നും പ്രൊഫ. ശ്രീനാഥ് റെഡ്ഢി പറഞ്ഞു. മനുഷ്യരുടെ ആരോഗ്യത്തിനൊപ്പം പ്രകൃതിയുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിന് പരിഗണന നല്‍കണമെന്നും ഇതിനായി കേരളം നടപ്പാക്കുന്ന പദ്ധതി മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കണമെന്ന് ഡോ. സുന്ദരരാമന്‍ പറഞ്ഞു. കേരളത്തിലെ ആരോഗ്യ സംവിധാനത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മെഡിക്കല്‍ രേഖകളുടെ കേന്ദ്രീകൃത ഡേറ്റാബാങ്ക് തയ്യാറാക്കണമെന്ന് ഡോ. എം.വി.പിള്ള അഭിപ്രായപ്പെട്ടു. ആയുര്‍ ദൈര്‍ഘ്യത്തിലെ മുന്നേറ്റം കൊണ്ട് വാര്‍ധക്യത്തിലേക്ക് നീങ്ങുന്ന വലിയൊരു ജനത ഇവിടുണ്ട്. അവരുടെ പരിചരണം പ്രധാനമാണ്.
ചികിത്സാ ചെലവ് നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാക്കണമെന്ന് ഡോ. രാജഗോപാല്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട് ആലപ്പുഴ, കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ഡോ. ദേവകി നമ്പ്യാര്‍ അവതരിപ്പിച്ചു. ആരോഗ്യ മേഖലയിലെ ചെലവിനായി വകയിരുത്തുന്ന തുക വര്‍ധിപ്പിക്കണമെന്ന് ഡോ. വി. രാമന്‍കുട്ടി നിര്‍ദേശിച്ചു.
ജെന്‍ഡര്‍ ബജറ്റിംഗ് ആദ്യമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്ന് ഡോ. പി.കെ. ജമീല പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു മോഡറേറ്ററായി. സ്റ്റേറ്റ് ഹെല്‍ത്ത് റിസോഴ്സ് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജിതേഷും സെമിനാറില്‍പങ്കെടുത്തു.