Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 28/07/2023)

വഴിയോര കച്ചവടക്കാര്‍ക്കായി പിഎം സ്വനിധി വായ്പാമേള
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പത്തനംതിട്ട റീജിയണല്‍ ബിസിനസ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട മുനിസിപ്പല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വഴിയോര കച്ചവടക്കാര്‍ക്കായുള്ള  പിഎം സ്വനിധി വായ്പാമേള ജൂലൈ 29ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ നടത്തും.
അര്‍ഹരായ കച്ചവടക്കാര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി, ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ കാര്‍ഡില്‍ ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി സ്ഥലത്ത് എത്തിച്ചേരണം.

 

കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സോഷ്യല്‍ ഓഡിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം (29)

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സോഷ്യല്‍ ഓഡിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരവിപേരൂര്‍ വള്ളംകുളം യാഹിര്‍ ഓഡിറ്റോറിയത്തില്‍ (ജൂലൈ 29) ഉച്ചയ്ക്ക് 2.30ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത്, നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി മറ്റു കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും, സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിനുമാണ് സോഷ്യല്‍ ഓഡിറ്റ് സംഘടിപ്പിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ ഉപയോഗിക്കുന്ന ജനങ്ങളുടെ സേവന ഗുണനിലവാരം സംബന്ധിച്ച അഭിപ്രായങ്ങള്‍ ഉള്‍പ്പെടെ ക്രോഡീകരിക്കുന്ന ഒരു സാമൂഹിക വിശകലന സംവിധാനമാണ് സോഷ്യല്‍ ഓഡിറ്റ്. രാജ്യത്തുതന്നെ ആരോഗ്യ മേഖലയില്‍ ഒരു പുതിയ കാല്‍വയ്പ്പാകുന്നതാണ് ഈ പദ്ധതി.

എംജിഎന്‍ആര്‍ഇജിഎയുടെ സോഷ്യല്‍ ഓഡിറ്റ് യൂണിറ്റുമായി ചേര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യഘട്ടം എന്ന നിലയില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കും. തുടര്‍ന്ന് മറ്റു കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും.

ചടങ്ങില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ അതിഥിയാകും. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര്‍. അജയകുമാര്‍, ജിജി മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍ പിള്ള, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍.എസ്. രാജീവ്, ജിജി ജോണ്‍ മാത്യു, എല്‍സ തോമസ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസഫ് മാത്യു, ജിന്‍സണ്‍ വര്‍ഗീസ്, അമിതാ രാജേഷ്, ആര്‍. ജയശ്രീ, എംജിഎന്‍ആര്‍ഇജിഎ ഓഡിറ്റ് യൂണിറ്റ് ഡയറക്ടര്‍ ഡോ. രമാകാന്തന്‍, സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റം റിസോഴ്‌സ് സെന്റര്‍ ഡയറക്ടര്‍ ഡോ. വി. ജിതേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എല്‍. അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, എന്‍എച്ച്എം സോഷ്യല്‍ ഡെവലപ്‌മെന്റ് ഹെഡ് കെ.എം. സീന, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഹൃദയമാണ് ഹൃദ്യം സംഗമം (29) കോഴഞ്ചേരിയില്‍

പത്തനംതിട്ട ജില്ലയിലെ ഹൃദ്യം പദ്ധതി ഗുണഭോക്താക്കളായ കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും സംഗമ പരിപാടിയായ ഹൃദയമാണ് ഹൃദ്യം (ജൂലൈ 29) രാവിലെ 9.30ന് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ജന്മനാ ഹൃദയ വൈകല്യമുള്ള 18 വയസ് വരെയുള്ള കുട്ടികള്‍ക്കായി 2017-ല്‍ ആരംഭിച്ച കേരള സര്‍ക്കാരിന്റെ സൗജന്യഹൃദയ ശസ്ത്രക്രിയാ പദ്ധതിയാണ് ഹൃദ്യം.

എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍- ചൈല്‍ഡ് ഹെല്‍ത്ത് ഡോ. യു.ആര്‍. രാഹുല്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര്‍. അജയകുമാര്‍, സാറാ തോമസ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സാറാമ്മ ഷാജന്‍, ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഗീതു മുരളി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ. എല്‍. അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. സി.എസ്. നന്ദിനി, ഡോ. ഐപ്പ് ജോസഫ്, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ.കെ. ശ്യാംകുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. സേതുലക്ഷ്മി, ജില്ലാ എജ്യൂക്കേഷന്‍ ആന്‍ഡ് മാസ് മീഡിയ ഓഫീസര്‍(ആരോഗ്യം) ടി.കെ. അശോക് കുമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

മെഴുവേലി സര്‍വീസ് സഹകരണ ബാങ്കിന്റെ ലഘു സമ്പാദ്യപദ്ധതി-എടിഎം കാര്‍ഡ് ഉദ്ഘാടനം (29)

മെഴുവേലി സര്‍വീസ് സഹകരണ ബാങ്കിന്റെ ലഘുസമ്പാദ്യ പദ്ധതിയുടെയും എടിഎം കാര്‍ഡിന്റെയും ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും (ജൂലൈ 29) ഉച്ചകഴിഞ്ഞ് നാലിന് ഇലവുംതിട്ട മൂലൂര്‍ സ്മാരക ഹാളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മെഴുവേലി സര്‍വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളില്‍ കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. ബാങ്ക് പുതുതായി ആരംഭിക്കുന്നതാണ് ലഘു സമ്പാദ്യ പദ്ധതിയും എടിഎം കാര്‍ഡും.

ബാങ്ക് പ്രസിഡന്റ് റ്റി.കെ. ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജു സഖറിയ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.പി. ഹിരണ്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡി. ശ്യാംകുമാര്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി. സ്റ്റാലിന്‍, വാര്‍ഡ് അംഗം വി. വിനോദ്, ബാങ്ക് സെക്രട്ടറി ബിജു പുഷ്പന്‍ എന്നിവര്‍ സംസാരിക്കും.

ആശാവര്‍ക്കര്‍മാര്‍ കേരള ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിംഗിലേക്ക്

ജില്ലയിലെ ആശാവര്‍ക്കര്‍മാരെ കേരളാ ബാങ്കിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടു വരുന്നതിന്റെ ഉദ്ഘാടനം (ജൂലൈ 29) രാവിലെ 11.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

കേരളാ ബാങ്കിന്റെ പത്തനംതിട്ട സിപിസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷത വഹിക്കും. ഡിജിറ്റല്‍ കാര്‍ഡ് വിതരണം കേരള ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ പി.എസ്. രാജന്‍ നിര്‍വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എസ്. നിര്‍മ്മലാ ദേവി, സി. രാധാകൃഷ്ണന്‍, ആലപ്പുഴ റീജിയണല്‍ മാനേജര്‍ എ. അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, സിപിസി ഡിജിഎം കെ.എസ്. സജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകള്‍ ലയിച്ച് രൂപം കൊണ്ട കേരള ബാങ്ക് സംസ്ഥാനത്ത് ഒന്നാമത് എത്താനുള്ള പരിശ്രമത്തിലാണ്. ആധുനിക ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളെല്ലാം കേരളാ ബാങ്കില്‍ ലഭ്യമാണ്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷെഡ്യൂള്‍ഡ് ബാങ്കാണ് കേരള ബാങ്ക്.

error: Content is protected !!