ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായിരുന്ന അതിഖ് അഹമ്മദിന്റ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്നും ഇന്ത്യയിൽ ആക്രമണം നടത്തുമെന്നും ഭീഷണി മുഴക്കി ഭീകര സംഘടനയായ അൽ ഖ്വയ്ദ. ഈദ് ദിന സന്ദേശത്തിലാണ് ഇന്ത്യയിൽ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കുന്നത്. അൽ ഖ്വയ്ദയുടെ മാധ്യമ വിഭാഗം അസ് സഹബ് പുറത്തിറക്കിയ മാസികയിൽ ആണ് ഭീഷണി. കൊല്ലപ്പെട്ട അതീഖിനെയും അഷ്റഫഫിനെയും രക്തസാക്ഷികൾ എന്നാണ് മാസികയിൽ വിശേഷിപ്പിക്കുന്നത്
ഉമേഷ് പാൽ വധക്കേസിലെ പ്രതികളായ അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും ഏപ്രിൽ 16 ന് പ്രയാഗ്രാജിൽ വച്ച് മാധ്യമപ്രവർത്തകരെന്ന വ്യാജേന മൂന്ന് പേർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്കായി എം.എൽ.എൻ മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. കനത്ത പൊലീസ് സുരക്ഷയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ പെട്ടെന്ന് മൂന്നംഗ സംഘം വെടിയുതിർക്കുകയായിരുന്നു.