Trending Now

തട്ടയിലെ കൃഷിയിടങ്ങള്‍ ചുവന്നു, വിളവെടുപ്പിന് പാകമായി ചീരഗ്രാമം

konnivartha.com : ചെഞ്ചോര നിറത്തില്‍ പന്തളം തെക്കേക്കരയിലാകെ ചീരത്തോട്ടങ്ങള്‍ തിളങ്ങി നില്‍ക്കുന്ന കാഴ്ച ഒന്നു കാണേണ്ടത് തന്നെയാണ്. പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യം വച്ച് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ തുടക്കമിട്ട ചീരഗ്രാമം പദ്ധതിയില്‍ കൃഷിയിടങ്ങള്‍ വിളവെടുപ്പിന് തയാറായിരിക്കുകയാണ്. വ്ളാത്താങ്കര ചീര, തൈക്കല്‍ ചീര എന്നിവയുടെ വിത്തുകള്‍ എത്തിച്ച് തട്ടയുടെ സ്വന്തം ബ്രാന്‍ഡായി ഏകീകരണ സ്വഭാവമുള്ള ചീര ഉത്പാദിപ്പിക്കലും പദ്ധതി ലക്ഷ്യംവച്ചു.

ഏറെ ആരോഗ്യഗുണങ്ങളുള്ള ഇനങ്ങളാണ് തൈക്കല്‍, വ്ളാത്താങ്കര എന്നിവ. ഈ രണ്ട് ഇനത്തിലുള്ള ചീരവിത്തുകള്‍ ഈ വര്‍ഷം കൃഷി ചെയ്യുകയും ഇവിടെ നിന്ന് തന്നെ വിത്ത് ഉത്പാദിപ്പിച്ച് അടുത്ത വര്‍ഷത്തേക്ക് പരിസരപ്രദേശത്തേക്ക് കൂടി ഉപയോഗിക്കത്തക്കവിധം വിത്ത് ഉത്പാദനത്തിലും സ്വയംപര്യാപ്ത കൈവരിക്കാനും പന്തളം തെക്കേക്കര ഗ്രാപമഞ്ചായത്തിന് ഇതിലൂടെ സാധിക്കും.

 

പുറംനാടുകളില്‍ നിന്ന് കൊണ്ടുവരുന്ന ചീര ഉപയോഗിച്ചുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിയന്ത്രിക്കുവാനും പ്രദേശത്തിന്റെ തനിമ തിരിച്ചുകൊണ്ടുവരുവാനുമാണ് കൃഷിഭവനും ഗ്രാമപഞ്ചായത്തും ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തിയത്. ഘട്ടംഘട്ടമായി ആഴ്ചതോറും വിളവെടുക്കാന്‍ പാകത്തിനാണ് പന്തളം തെക്കേക്കരയിലെ ചീരഗ്രാമങ്ങള്‍ ഒരുങ്ങിയിരിക്കുന്നത്.