Trending Now

ദ്രവീകൃത പ്രകൃതി വാതകം പദ്ധതി: കൊച്ചുവേളിയിലും ചേർത്തലയിലും ഗ്യാസ് സ്റ്റേഷനുകൾക്ക് തുടക്കം

  • ആദ്യഘട്ടത്തിൽ 30,000 വീടുകളിലേക്കും 150 ഓളം വ്യവസായ, വാണിജ്യ യൂണിറ്റുകളിലേക്കും ദ്രവീകൃത ഇന്ധനം പൈപ്പ്ലൈൻ വഴി

വീടുകളിൽ പൈപ്പുകളിലൂടെ പാചകവാതകം എത്തിക്കുന്ന ‘സിറ്റി ഗ്യാസ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച എൽ.സി.എൻ.ജി (ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രകൃതിവാതകം ലഭ്യമാണെന്ന് ഉറപ്പാക്കാൻ കമ്പനി സ്ഥാപിച്ച കൊച്ചുവേളിയിലും ചേർത്തലയിലും എൽ.സി.എൻ.ജി (ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) സ്റ്റേഷനുകൾ ഉദ്ഘാടനമാണ് നിർവഹിച്ചത്.

അടുക്കളയിൽ പാചകവാതകം മുടക്കമില്ലാതെ ലഭ്യമാകുക എന്നത് ഏതു വീട്ടുകാരുടേയും ആഗ്രഹമാണ്. സിറ്റി ഗ്യാസ് പദ്ധതിയിലൂടെ ഈ പ്രശ്നത്തിനൊരു പരിഹാരമാവും. ആദ്യഘട്ടത്തിൽ 30,000 വീടുകളിലേക്കും 150- ഓളം വ്യവസായ, വാണിജ്യ യൂണിറ്റുകളിലേക്കും ദ്രവീകൃത ഇന്ധനം പൈപ്പ്ലൈൻ ശൃംഖലയിലൂടെ എത്തിക്കും.

കൊച്ചുവേളിയിലെ ദ്രവീകൃത കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് സ്റ്റേഷൻ തിരുവനന്തപുരം ജില്ലയിലെയും തെക്കൻ കൊല്ലത്തെയും വീടുകളിലേക്കും വ്യവസായശാലകളിലേക്കും, ചേർത്തലയിലെ സ്റ്റേഷൻ ആലപ്പുഴ, നോർത്ത് കൊല്ലം ഭാഗങ്ങളിലും പ്രകൃതി വാതകം എത്തിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ (പി.എൻ.ജി.ആർ.ബി) നേതൃത്വത്തിൽ അറ്റ്‌ലാന്റിക് ഗൾഫ് ആൻഡ് പസഫിക് ലിമിറ്റഡാണ് (എജി ആൻഡ് പി) പദ്ധതിയുടെ നിർവഹണ ചുമതല വഹിച്ചത്. സിലിണ്ടർ വേണ്ട, അപകട സാദ്ധ്യതയില്ല, മലിനീകരണ പ്രശ്നങ്ങളില്ല തുടങ്ങിയവയാണ് സിറ്റി ഗ്യാസിന്റെ പ്രത്യേകതകൾ. ഇത് പരിസ്ഥിതി സൗഹൃദ ഇന്ധനമാണെന്നത് മാത്രമല്ല, നിലവിലുള്ള ഇന്ധനങ്ങളേക്കാൾ ഉപയോഗിക്കാൻ സൗകര്യപ്രദവും ലാഭകരവുമാണ് എന്നതാണ് എടുത്തുപറയേണ്ടത്.

സാധാരണക്കാരന്റെ ജീവിതനിലവാരം ഉയർത്താൻ സഹായകരമായ പരിസ്ഥിതി സൗഹൃദ സംരംഭങ്ങളെ കേരള സർക്കാർ എപ്പോഴും പിന്തുണയ്ക്കുന്നുണ്ട്. പണം ലാഭിക്കുന്നതിനൊപ്പം, പരമ്പരാഗതവും മലിനീകരിക്കുന്നതുമായ ഇന്ധനങ്ങളിൽ നിന്ന് മാറാൻ നമ്മെ സഹായിക്കുന്ന പുതിയ കാലത്തെ ഇന്ധനമാണ് പ്രകൃതി വാതകം. നമ്മുടെ അടുക്കളകൾ, വാഹനങ്ങൾ, വ്യവസായങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിൽ പ്രകൃതി വാതകത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കും. ഉപയോഗത്തിന് അനുസൃതമായാണ് പ്രതിമാസ ബിൽ അടയ്‌ക്കേണ്ടത്.

വരുംവർഷങ്ങളിൽ ദ്രവീകൃത പ്രകൃതി വാതകം പദ്ധതി വിപുലീകൃതമാകുന്നതോടെ കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കാൻ സാധിക്കും. കേരളത്തിന്റെ ഊർജ്ജമേഖലയിൽ വിപ്ലവകരമായ മാറ്റം അതോടെ സൃഷ്ടിക്കപ്പെടും.

error: Content is protected !!