പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 23/01/2023)

ക്വട്ടേഷന്‍
സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെ പ്രചാരണവുമായി ബന്ധപ്പെട്ട്  മോജോ കിറ്റിനായി വിവിധ സാമഗ്രികള്‍ (ആക്സസറികള്‍) വാങ്ങുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ക്വട്ടേഷന്‍ ക്ഷണിച്ചു. 2023 ഫെബ്രുവരി ഒന്നിന് വൈകിട്ട് നാല് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫെബ്രുവരി ഒന്നിന് വൈകിട്ട് 4.30ന് തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0468 2 222 657

 

ടെന്‍ഡര്‍ ക്ഷണിച്ചു
പുളിക്കീഴ് ഐ.സി.ഡി.എസ് പദ്ധതിയുടെ ആവിശ്യത്തിലേക്കായി വാഹനം വാടകയ്ക്ക് നല്‍കുവാന്‍ തയ്യാറുള്ളവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് മൂന്നിന് മുന്‍പായി പുളിക്കീഴ് ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കേണ്ടതാണ്. ഫോണ്‍: 0469 2 610 016.

ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് പത്താം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടര്‍ നിയന്ത്രിത സ്റ്റേജ് ലൈറ്റിംഗ്, ഇന്റീരിയര്‍ ലൈറ്റിംഗ്, ടെലിവിഷന്‍ പ്രൊഡക്ഷന്‍ ലൈറ്റിംഗ്, ആംബിയന്‍സ് ലൈറ്റിംഗ്, ആര്‍ക്കിടെക്ചറല്‍ ലൈറ്റിംഗ്, എന്നിങ്ങനെ ലൈറ്റിംഗ് ടെക്‌നിക്കുകളും അത്യാധുനിക ലൈറ്റിംഗ് കണ്‍സോളില്‍ പരിശീലനവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ തിരുവനന്തപുരം കാമിയോ ലൈറ്റ് അക്കാദമിയുടെ നേതൃത്വത്തിലാണ് (9447 399 019) നടത്തപ്പെടുന്നത്. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471 2 325 101, 8281 114 464
https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്യാം. വെബ്‌സൈറ്റ്: www.srccc.in

എന്‍ഡ്യൂറന്‍സ് ടെസ്റ്റ്
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍. 538/2019) തസ്തികയുടെ 28/10/2022 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് (രണ്ടര കിലോമീറ്റര്‍ ദൂരം ഓട്ടം) ജനുവരി 28ന് രാവിലെ അഞ്ചു മുതല്‍ മേലേ വെട്ടിപ്പുറം-പൂക്കോട്-തോണിക്കുഴി റോഡില്‍ നടത്തും. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ (www.kerala.psc.gov.in) നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളുടെ അസലുമായി ഉദ്യോഗാര്‍ഥികള്‍ മേലേവെട്ടിപ്പുറം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിനു സമീപം നിശ്ചിത തീയതിയിലും സമയത്തും നേരിട്ട് ഹാജരാകണം. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എസ്എംഎസ്, ഒറ്റിആര്‍ പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്.ഫോണ്‍: 0468 2 222 665.

ഗതാഗത നിയന്ത്രണം
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍. 538/2019) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് (ഓട്ടം) മേലേവെട്ടിപ്പുറം-പൂക്കോട്-തോണിക്കുഴി റോഡില്‍ ജനുവരി 28ന് രാവിലെ അഞ്ചുമുതല്‍ നടത്തുന്നതിനാല്‍ അന്നേദിവസം മേലേവെട്ടിപ്പുറം-പൂക്കോട്-തോണിക്കുഴി റോഡില്‍ രാവിലെ അഞ്ചു മുതല്‍ 10 വരെ ഉണ്ടായേക്കാവുന്ന ഗതാഗത ക്രമീകരണവുമായി പൊതുജനങ്ങളും വാഹനയാത്രക്കാരും സഹകരിക്കണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

ചിത്രരചന മത്സരം നടത്തി
പത്തനംതിട്ട ചെന്നീര്‍ക്കര വിദ്യാലയത്തില്‍ ജനുവരി 23 പരാക്രം ദിവസമായി ആചരിക്കുന്നതിന്റെ ഭാഗമായി നടത്തിയ ചിത്രരചന മത്സരത്തില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി നൂറോളം കുട്ടികള്‍ പങ്കെടുത്തു. പ്രധാനമന്ത്രി എഴുതിയ എക്സാം വാരിയര്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രരചന സംഘടിപ്പിച്ചത്. ഏറ്റവും മികച്ച അഞ്ചു രചനകള്‍ക്ക് പുസ്തകങ്ങളും പുരസ്‌കാരങ്ങളും പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.

ഇ-ടെന്‍ഡര്‍
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്  വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട രണ്ട് പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് അംഗീകൃത കരാറുകാരില്‍ നിന്നും ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. വെബ്‌സൈറ്റ് : www.lsgkeralagov.inwww.etenders.kerala.gov.in

ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ (സമഗ്ര മാനസികാരോഗ്യ പരിപാടി, പകല്‍ വീട്, വല്ലന) ടാക്സി /ടൂറിസ്റ്റ് പെര്‍മിറ്റുളള ഒരു വാഹനം (7 സീറ്റ്, 2010/അതില്‍ ഉയര്‍ന്ന മോഡല്‍, പ്രതിമാസം 2500 കി.മീ. ഓടണം) വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടണം. ടെന്‍ഡര്‍ ഫോറം ജനുവരി 28ന് വൈകുന്നേരം അഞ്ചു വരെ നല്‍കും.

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജില്ലാ കോപ്പറേറ്റീവ് ബാങ്കുകളില്‍ ബ്രാഞ്ച് മാനേജര്‍ (എന്‍.സി.എ-എല്‍.സി/എ.ഐ, കാറ്റഗറി നമ്പര്‍. 122/19) (എന്‍.സി.എ-ഈഴവ/തിയ്യ/ബില്ലവ, കാറ്റഗറി നമ്പര്‍. 125/19)) (എന്‍.സി.എ-പട്ടികജാതി, കാറ്റഗറി നമ്പര്‍.127/19) തസ്തികകളുടെ ജനുവരി 19ന് പ്രസിദ്ധീകരിച്ച 03/2023/ഡിഒഎച്ച്, 04/2023/ഡിഒഎച്ച്, 05/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്കപ്പട്ടികകള്‍ പ്രസിദ്ധീകരിച്ചതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2 222 665.

റദ്ദായ രജിസ്ട്രേഷന്‍ പുതുക്കാം
വിവിധ കാരണങ്ങളാല്‍ 01/01/2000 മുതല്‍ 31/10/2022 വരെയുള്ള കാലയളവില്‍ (എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/99 മുതല്‍ 08/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍  നിയമാനുസൃതം പുതുക്കാതിരുന്നവര്‍ക്കും പുതുക്കാതെ റീ രജിസ്ട്രേഷന്‍ ചെയ്തവര്‍ക്കും മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാത്തതിനാല്‍ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും, ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാവാതെ മെഡിക്കല്‍ ഗ്രൗണ്ടിലോ ഉപരിപഠനത്തിനു വേണ്ടിയോ വിടുതല്‍ ചെയ്തവര്‍ക്കും അവരുടെ സീനിയോരിറ്റി പുനഃസ്ഥാപിച്ചു നല്‍കുന്നു.

 

മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 31 വരെയുള്ള  എല്ലാ പ്രവൃത്തി ദിവസങ്ങളിലും രജിസ്ട്രേഷന്‍ കാര്‍ഡ് സഹിതം നേരിട്ടോ ദൂതന്‍ മുഖേനയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഓണ്‍ലൈന്‍ ഹോം പേജിലെ സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴിയോ സ്മാര്‍ട്ട് ഫോണ്‍ സംവിധാനത്തിലൂടെയോ അപേക്ഷ സമര്‍പ്പിക്കാമെന്ന് മല്ലപ്പള്ളി എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

error: Content is protected !!