Trending Now

  പത്തനംതിട്ട നഗരത്തിലെ തീപിടുത്തം : കർശന പരിശോധനയും നടപടിയുമായി നഗരസഭ

 

konnivartha.com/പത്തനംതിട്ട : നഗരത്തിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ നഗരത്തിൽ പരിശോധനയും നടപടിയും ആരംഭിച്ചു. നഗരസഭയിലെ എഞ്ചിനീയറിംഗ്, റവന്യൂ, ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.

കഴിഞ്ഞ ദിവസം നഗരത്തിൽ തീപിടുത്തത്തിന് ഇടയാക്കിയ കടയിൽ അപകടകരമായ രീതിയിലാണ് പാചകം ചെയ്തിരുന്നത്. കടുത്ത ചൂട് അനുഭവപ്പെടുന്ന കാലവസ്ഥയും കടകൾക്ക് മുന്നിലേക്കിറക്കി സ്ഥാപിക്കുന്ന പാചക സംവിധാനങ്ങളും വൻ ദുരന്തം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. കാൽനടയാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഇറക്കുകൾ, ബോർഡുകൾ ഉൾപ്പടെ എല്ലാ സാധനങ്ങളും നീക്കം ചെയ്യാനുമാണ് നഗരസഭയുടെ തീരുമാനം. നഗരസഭാ ഓഫീസ് മുതൽ സെൻട്രൽ ജംഗ്ഷൻ, പഴയ ബസ് സ്റ്റാന്റ് വരെയുള്ള ഭാഗങ്ങളിൽ ആദ്യഘട്ട പരിശോധന നടത്തി. മുൻകൂർ നോട്ടീസ് നൽകിയിട്ടും നിയമ ലംഘനം തുടർന്ന സ്ഥാപനങ്ങളിൽ തത്സമയം നടപടി സ്വീകരിച്ചു. മറ്റുള്ളവയ്ക്ക് ഉടനടി നോട്ടീസ് നൽകും.

സാങ്കേതികമായ നിയമലംഘനത്തിനപ്പുറം അപകടസാധ്യതകൾ പരമാവധി ഒഴിവാക്കുക എന്നതാണ് ലക്ഷ്യം ഇതിനായി പരിശോധനകളും നടപടികളും തുടരാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് പ്രവർത്തിക്കാൻ ഒരു സ്ഥാപനത്തെയും അനുവദിക്കില്ലെന്നും ചെയർമാൻ അഡ്വ.റ്റി സക്കീർ ഹുസൈൻ പറഞ്ഞു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്സ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. അജിത്കുമാര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിരാ മണിയമ്മ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീർ എസ്, ജില്ല ആസൂത്രണ സമിതി അംഗം പി കെ അനീഷ്, കൗൺസിലമാരായ എ അഷറഫ്, സുമേഷ് ബാബു, നഗരസഭാ സെക്രട്ടറി ഷെർല ബീഗം, എഞ്ചിനീയർ സുധീർരാജ് ജെ, റവന്യൂ ഓഫീസർ അജിത്കുമാർ, ഹെൽത്ത് സൂപ്പർവൈസർ വിനോദ് എം പി തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!