Trending Now

പത്തനംതിട്ട നഗരസഭ:കശാപ്പ്ശാലയ്ക്ക് അനുമതി ലഭിച്ചു: കോന്നിയില്‍ ലൈസന്‍സ് ഇല്ല

 

konnivartha.com : നീണ്ട ഏഴ് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള കശാപ്പ്ശാലയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിച്ചു.എന്നാല്‍ കോന്നിയില്‍ അനുമതി ഇല്ല എങ്കിലും പഞ്ചായത്തിന്‍റെ മൌന അനുമതിയോടെ പൂവന്‍ പാറയില്‍ ഇറച്ചി വ്യാപാരം നടക്കുന്നു . ലക്ഷങ്ങളുടെ നികുതി ആണ് പഞ്ചായത്തിന് നഷ്ടം . സമീപത്തെ റബര്‍ തോട്ടത്തില്‍ ആണ് ഉരുക്കളെ കശാപ് ചെയ്യുന്നത് എന്ന് ആരോപണം ഉണ്ട് . ഇതൊന്നും പഞ്ചായത്തിന് ബാധകം അല്ല എന്ന നിലപാടില്‍ ആണ് പഞ്ചായത്ത് . ഈ പഞ്ചായത്ത് ആര്‍ക്ക് വേണ്ടി ആണ് പ്രവര്‍ത്തിക്കുന്നത് എന്ന് പോലും ചിലപ്പോള്‍ പൊതു ജനം ചിന്തിക്കുന്നു .

 

പത്തനംതിട്ടയില്‍2015 വരെയാണ് സ്ലോട്ടർ ഹൗസിന് പ്രവർത്തന അനുമതി ഉണ്ടായിരുന്നത്. പി.സി.ബി നിബന്ധനകൾ പാലിക്കാത്തതിനാൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശപ്രകാരം കശാപ്പുശാല അടച്ചുപൂട്ടുക യായിരുന്നു.

 

 

കശാപ്പു ശാലയുടെ പ്രവർത്തനം നിലച്ചതോടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അനധികൃത കശാപ്പ് വ്യാപകമായി. അറവു മൃഗങ്ങളുടെ മാലിന്യങ്ങൾ രാത്രികാലങ്ങളിൽ റിംഗ് റോഡിന് സമീപവും നഗരത്തിലെ മറ്റു പ്രദേശങ്ങളിലും വലിച്ചെറിയുന്നതും പതിവായിരുന്നു.

കശാപ്പു ശാല ഇല്ലാത്തതിനാൽ അനധികൃത കശാപ്പുൾക്കെതിരായി നഗരസഭയും കർശന നടപടികൾ കഴിഞ്ഞ വർഷങ്ങളിലായി സ്വീകരിച്ചിരുന്നില്ല. കശാപ്പുശാല പ്രവർത്തിക്കാത്തതിനാൽ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി നഗരസഭ, കുമ്പഴ മാർക്കറ്റുകളിലെ ഇറച്ചി സ്റ്റാളുകൾ ലേലം എടുക്കാൻ ആളുണ്ടായിരുന്നില്ല.

ഇതുമൂലം നഗരസഭയ്ക്ക് 30 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞവർഷം പുതിയ നഗരസഭാ ഭരണസമിതി അധികാരത്തിൽ വന്നതിനെ തുടർന്നു നടത്തിയ ഇടപെടലിലൂടെയാണ് ഇപ്പോൾ പി.സി.ബി അംഗീകാരം ലഭ്യമായത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്ലോട്ടർഹൗസ് ഈ മാസം തന്നെ ലേലം ചെയ്തു നൽകുമെന്നും നഗരത്തിൽ അനധികൃത കശാപ്പ് ഒരു കാരണവശാലും അനുവദിക്കില്ലെന്നും നഗരസഭാ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ പറഞ്ഞു. 2025 വരെയാണ് സ്ലോട്ടർ ഹൗസിന് പ്രവർത്തനാനുമതി ലഭിച്ചിട്ടുള്ളത്.