അഡ്വ. കെ.അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റു

 

konnivartha.com : അഡ്വക്കേറ്റ് കെ.അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റു. ദേവസ്വം ബോര്‍ഡിന്റെ ഭൂമി ഉള്‍പ്പെടെ ഉപയോഗിച്ച് വരുമാനമുണ്ടാക്കുമെന്ന് കെ അനന്തഗോപന്‍ പറഞ്ഞു. ക്ഷേത്രവരുമാനം കൊണ്ട് മാത്രം ദേവസ്വം ബോര്‍ഡിന്റെ പ്രൗഢി വീണ്ടെടുക്കാനാകില്ല. പ്രതിസന്ധി ഘട്ടത്തിലും ശബരിമല തീര്‍ത്ഥാടനം ഭംഗിയാക്കുമെന്ന് പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ചുമതലയേറ്റ ശേഷം പ്രതികരിച്ചു.

തിരുവനന്തപുരം നന്തന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ഗായത്രീ ദേവി സത്യവാചകം ചൊല്ലിക്കൊടുത്തു. ദേവസ്വം ബോര്‍ഡ് അംഗമായി മനോജ് ചരളേലും ചുമതലയേറ്റു. പത്തനംതിട്ട ജില്ലാ സിപിഐ എക്സിക്യുട്ടീവ് അംഗമാണ് മനോജ് ചരളേല്‍.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് അനന്തഗോപന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്‍ വാസുവിന്റെ പ്രസിഡന്റ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് അനന്തഗോപന്‍ ചുമതലയേറ്റത്. സിപിഐഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന അനന്തഗോപന്‍ നിലവില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.

error: Content is protected !!