Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 01/02/2022)

 

ഗതാഗത നിയന്ത്രണം

കോഴിപ്പാലം- കാരയ്ക്കാട് റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലെ വാഹന ഗതാഗതം (2) മുതല്‍ ഒരു മാസത്തേക്ക് താത്കാലികമായി നിയന്ത്രിച്ചിരിക്കുന്നു.
കോഴിപ്പാലം ഭാഗത്തു നിന്നും കാരയ്ക്കാട് -മുളക്കുഴ -കിടങ്ങന്നൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ പൊയ്കയില്‍മുക്ക് ജംഗ്ഷനില്‍ എത്തുന്നതിന് മുന്‍പ് വലതു വശത്തേക്കുളള പി.ഐ.പി കനാല്‍ പാതയിലും കാരയ്ക്കാട് ഭാഗത്തു നിന്നും കോഴിപ്പാലം കുറിച്ചിമുട്ടം ഭാഗത്തേക്ക് പോകേണ്ടവര്‍ പൊയ്കയില്‍മുക്ക് ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പി.ഐ.പി കനാല്‍ പാത വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വനിതാരത്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളില്‍ നിന്നും 2021 വര്‍ഷത്തെ വനിതാരത്ന പുരസ്‌കാരത്തിനുളള അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. താല്‍പര്യമുള്ളവര്‍ പത്തനംതിട്ട ജില്ലാ വനിത ശിശുവികസന ഓഫീസര്‍ക്ക് നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകളും നോമിനേഷനുകളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 15 ന് വൈകുന്നേരം അഞ്ചു വരെ. അപേക്ഷയോടൊപ്പം പ്രവര്‍ത്തന മേഖല സംബന്ധിച്ച വിവരണം, ചിത്രങ്ങള്‍ (പുസ്തകം, സി.ഡി കള്‍, ഫോട്ടോകള്‍, പത്രകുറിപ്പ്) എന്നിവ ഉള്‍പ്പെടുത്തണം. അപേക്ഷക ജീവിച്ചിരിക്കുന്നവരും കഴിഞ്ഞ അഞ്ചു വര്‍ഷമെങ്കിലും സാമൂഹ്യസേവനം, കായികരംഗം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനും വിദ്യാഭ്യാസ, ശാസ്ത്രസാങ്കേതിക തുടങ്ങി ഏതെങ്കിലും മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായിരിക്കണം. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങളാര്‍ജ്ജിച്ച വനിതകള്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് www.wcdkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍.0468 2966649

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയിലെ ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 ( ഫസ്റ്റ് എന്‍.സി.എ-എസ്.സി.സി.സി (കാറ്റഗറി നം.450/2020) തസ്തികയിലേക്ക് 22200-48000 രൂപ ശമ്പളനിരക്കില്‍ 23.07.2021 ല്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയിലെ ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 ( ഫസ്റ്റ് എന്‍.സി.എ-ധീവര (കാറ്റഗറി നം.451/2020) തസ്തികയിലേക്ക് 22200-48000 രൂപ ശമ്പളനിരക്കില്‍ 23.07.2021 ല്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

 

 

നിവേദനം നല്‍കി

കോവിഡ് മൂന്നാം തരംഗം മൂലം തൊഴില്‍ നഷ്ടം നേരിടുന്ന മുഴുവന്‍ ചുമട്ടു തൊഴിലാളികള്‍ക്കും 3000 രൂപ ഗ്രാന്റ് അനുവദിക്കുന്നതിനായും ബോര്‍ഡ് ആധുനിക വല്‍ക്കരണത്തിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് ത്രിതല പരിശീലനത്തിനായി മൂന്നു കോടി രൂപ അനുവദിക്കുന്നതിനായും സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികളുടെ പെന്‍ഷന്‍ 1600 രൂപയില്‍ നിന്നും 2000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുളള പ്രൊപ്പോസലുകള്‍ കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് കെ. ശ്രീലാല്‍ , ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. രാമചന്ദ്രന്‍ എന്നിവര്‍ സംയുക്തമായി തൊഴില്‍ വകുപ്പു മന്ത്രിക്കും ധനകാര്യവകുപ്പു മന്ത്രിക്കും കൈമാറി.

ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന നടപ്പാക്കുവാന്‍ അംഗീകാരം ലഭിച്ച ജില്ലാ പഞ്ചായത്ത് പ്രവര്‍ത്തി ചെയ്യുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഏഴിന് ഉച്ചക്ക് രണ്ടു വരെ. ഫോണ്‍ : 0468 2224070.

 

അടൂര്‍ മണ്ഡലത്തില്‍ 424 കോടി രൂപയുടെ ജലജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് അംഗീകാരം: ഡെപ്യൂട്ടി സ്പീക്കര്‍

മണ്ഡലത്തിന്റെ ദാഹമകറ്റാന്‍ 424 കോടി 13 ലക്ഷത്തിമുപ്പത്തിമൂവായിരം രൂപ, വരള്‍ച്ചയെ നേരിടാന്‍ ശക്തമായ മുന്‍കരുതല്‍

അടൂര്‍ നിയോജക മണ്ഡലത്തില്‍ 424 കോടി രൂപയുടെ ജലജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഗുണഭോക്താക്കള്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് ജലജീവന്‍ പദ്ധതി.
പള്ളിക്കല്‍, പന്തളം തെക്കേക്കര, തുമ്പമണ്‍, കടമ്പനാട്, കൊടുമണ്‍, ഏറത്ത്, ഏഴംകുളം എന്നീ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി നാനൂറ്റി ഇരുപത്തിനാല് കോടി പതിമൂന്ന് ലക്ഷത്തി മുപ്പത്തിമൂവായിരം രൂപയാണ് പദ്ധതിയിലൂടെ അനുവദിച്ചത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മണ്ഡലത്തിലാകമാനം പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കാനാവുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. വേനല്‍കാലത്ത് മണ്ഡലത്തിലെ ചില ഭാഗങ്ങളില്‍ കുടിവെള്ളത്തിനായി വീട്ടമ്മമാര്‍ക്ക് ഏറെദൂരം താണ്ടി പേകേണ്ടിവരുന്ന അവസ്ഥയുണ്ടായിരുന്നു.ഇതില്‍ നിന്നുള്ള മോചനമാണ് ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ പഞ്ചായത്തുകളിലുള്ള 49.65 ലക്ഷം വീടുകള്‍ക്കാണ് അഞ്ചുവര്‍ഷം കൊണ്ട് ജലജീവന്‍ മിഷനിലൂടെ കുടിവെള്ള കണക്ഷന്‍ നല്‍കുന്നത്. അയിരത്തിയഞ്ഞൂറ് രൂപ മാത്രമാണ് ഓരോ കുടുംബത്തിനും ഈ പദ്ധതിയിലൂടെ വാട്ടര്‍ കണക്ഷന്‍ എടുക്കാന്‍ ചിലവാക്കുന്നത്. വളരെ ചുരുങ്ങിയ ചിലവില്‍ കുടിവെള്ളം വീട്ടിലെത്തുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ നടപടിക്രമങ്ങളും വളരെ ലളിതമാണ്. ആധാര്‍ കാര്‍ഡ് മാത്രമാണ് രേഖയായി ആവശ്യമുള്ളത്. വാട്ടര്‍ കണക്ഷന്‍ ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും രൂപം നല്‍കിയിട്ടുണ്ട്. കണക്ഷന്‍ എടുക്കുന്നതിന് പഞ്ചായത്ത് ഓഫിസിലോ തൊട്ടടുത്ത വാട്ടര്‍ അതോറിറ്റി ഓഫിസിനെയോ ജലനിധി ഓഫീസിനെയോ ഇതിനായി സമീപിക്കാമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

 

ജില്ലാആസൂത്രണസമിതി28 തദ്ദേശ സ്ഥാപനങ്ങളുടെ  2021-22 വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകള്‍ അംഗീകരിച്ചു

ജില്ലാആസൂത്രണസമിതിയോഗംജില്ലയിലെ 28 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 202122 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കി.

 

പന്തളം, തിരുവല്ല എന്നീ നഗരസഭകളുടേയും, റാന്നി, കോന്നി എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടേയും 24 ഗ്രാമ പഞ്ചായത്തുകളുടെയും 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
ഇരവിപേരൂര്‍, ചെന്നീര്‍ക്കര, ഏഴംകുളം, മലയാലപ്പുഴ, കോയിപ്രം, നെടുമ്പ്രം, കടമ്പനാട്, അയിരൂര്‍, ചിറ്റാര്‍, മല്ലപ്പള്ളി, കലഞ്ഞൂര്‍, റാന്നി പഴവങ്ങാടി, എഴുമറ്റൂര്‍, കോന്നി, കൊറ്റനാട്, കടപ്ര, കോട്ടാങ്ങല്‍, റാന്നി, അരുവാപ്പുലം, ഇലന്തൂര്‍, നാരങ്ങാനം, തണ്ണിത്തോട്, പുറമറ്റം, കുന്നന്താനം
എന്നീ ഗ്രാമപഞ്ചായത്തുകളുടെയും 2021-22 വാര്‍ഷിക പദ്ധതികളുടെ ഭേദഗതി പ്രോജക്ടുകള്‍ക്കാണ് ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാആസൂത്രണസമിതിഅംഗീകാരം നല്‍കിയത്. ജില്ലാആസൂത്രണസമിതിചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചയോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, ആര്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി ജ്യോതി,ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍,തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റീ ടെന്‍ഡര്‍ ക്ഷണിച്ചു

പത്തനംതിട്ട കീഴ്വായ്പൂര്‍ ഗവ. വി.എച്ച്.എസ് സ്‌കൂളില്‍ സി.എ.എ.പി ആന്‍ഡ് ഒ.എഫ്.ഇ ലാബിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. പ്രിന്‍സിപ്പാള്‍, ഗവ. വി.എച്ച്.എസ് സ്‌കൂള്‍, കീഴ്‌വായ്പൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 11 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 9446342264. ഇ-മെയില്‍: [email protected].

സ്‌കോളര്‍ഷിപ്പിന് മത്സര പരീക്ഷ നടത്തും

പട്ടിക വര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച്ആന്റ് ഡവലപ്പ്മെന്റ് പ്രകാരമുള്ള സ്‌കോളര്‍ഷിപ്പിന് 2022-23 അധ്യയന വര്‍ഷത്തെ പട്ടിക വര്‍ഗ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനു 2021-22 അധ്യയന വര്‍ഷം നാലാംക്ലാസ്സില്‍ പഠനം നടത്തുന്ന ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കു 2022 മാര്‍ച്ച് 12 ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെ മത്സര പരീക്ഷ നടത്തും. പത്തനംതിട്ട ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്നവരും കുടുംബവാര്‍ഷികവരുമാനം 50,000 രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ഥികള്‍ക്ക് മത്സരപരീക്ഷയില്‍ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വാങ്ങുന്നതിനും പ്രത്യേക ട്യൂഷന്‍ നല്‍ക്കുന്നതിനും ധനസഹായം നല്‍കും. പത്താംക്ലാസ് വരെയുള്ള പഠനത്തിന് പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. പരീക്ഷയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബവാര്‍ഷിക വരുമാനം. വയസ്, ലിംഗം, പഠിക്കുന്നക്ലാസ്, സ്‌കൂളിന്റെ പേരും വിലാസവും, അപേക്ഷകന്റെ ഫോണ്‍നം, തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സ്‌കൂള്‍മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം റാന്നി ട്രൈബല്‍ ഡവലപ്പ്മെന്റ ്ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 21. ഫോണ്‍ : 04735227703

ഗസ്റ്റ് അധ്യാപക നിയമനം

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നിലവില്‍ ഒഴിവുളള ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്) എന്ന തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലുളള ഐ.റ്റി.ഐ ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഐ.റ്റി.ഐ/ഡിപ്ലോമ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം എട്ടിന് രാവിലെ 10.30 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജ് ഓഫീസില്‍ നടത്തപ്പെടുന്ന ടെസ്റ്റ്/ അഭിമുഖത്തിന് ഹാജരാകണം.

പോത്തുകുട്ടി വിതരണം

ഏഴംകുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതി 2021-22 പ്രകാരം നടപ്പിലാക്കുന്ന വനിതാ ഘടക പദ്ധതിയായ പോത്തുകുട്ടി വിതരണം പദ്ധതിയുടെ അര്‍ഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റും, ആവശ്യമായ രേഖകളും വിവരങ്ങളും നെടുമണ്ണിലുളള ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയില്‍ ലഭിക്കും. നിശ്ചിത രേഖകളും ഗുണഭോക്തൃ വിഹിതവും സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 10 ന് ഉച്ചയ്ക്ക് ഒന്നു വരെ നീട്ടിയതായി ഏഴംകുളം മൃഗാശുപത്രി വെറ്റിനറി സര്‍ജന്‍ അറിയിച്ചു.

 

മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ വിഷന്‍ 2021-22 പദ്ധതി പ്രകാരം പ്ലസ് വണ്‍ സയന്‍സിന് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിംഗ് നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. 2021 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയ 2021-22 വര്‍ഷം പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കടുംബ വാര്‍ഷിക വരുമാനം നാലര ലക്ഷം രൂപയില്‍ കൂടരുത്. പ്ലസ് വണ്‍, പ്ലസ് ടു പഠനത്തോടൊപ്പം പ്രമുഖ കോച്ചിംഗ് സെന്ററുകള്‍ വഴി ( ജില്ലാ കളക്ടറും, ജില്ലാ പട്ടികജാതി വികസന ഓഫീസറും അടങ്ങുന്ന സമിതി തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങള്‍) രണ്ട് വര്‍ഷം ദൈര്‍ഘ്യമേറിയ മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനമാണ് നല്‍കുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ കുട്ടിയുടെ ജാതി, രക്ഷകര്‍ത്താവിന്റെ കുടുംബ വാര്‍ഷിക വരുമാനം. എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്ലസ് വണ്ണിന് പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പാളില്‍ നിന്നും സ്ഥാപനത്തിലെ സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥികളാണെന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഈ മാസം 10 ന് മുമ്പായി പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ/ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും.

error: Content is protected !!