KONNIVARTHA.COM : കോന്നി വകയാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന കേരളത്തിലെ പ്രമുഖമായിരുന്ന പോപ്പുലര്‍ ഫിനാന്‍സ് എന്ന സ്വകാര്യ സ്ഥാപനം ഉടമകളുടെ തട്ടിപ്പ് മൂലം തകര്‍ന്നു നാമാവിശേഷമായി . ആയിരകണക്കിന് നിക്ഷേപകരുടെ കോടികണക്കിന് നിക്ഷേപക തുക അടിച്ചു മാറ്റി സുഖമായി കഴിയാന്‍ തന്ത്രം മെനഞ്ഞ ഉടമകളായ അഞ്ചു പ്രതികള്‍ ഇന്ന് നിയമ നടപടികള്‍ നേരിടുന്നു .
ഒരു ലക്ഷം മുതല്‍ കോടികള്‍ വരെ നിക്ഷേപമായി നല്‍കി മാസം തോറും പലിശ വാങ്ങിയിരുന്ന നിക്ഷേപകര്‍ ഒരു വര്‍ഷത്തിലേറെയായി കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആണ് .കോടികള്‍ ആസ്തി ഇപ്പോഴും ഉള്ള നിക്ഷേപകരില്‍ ചിലര്‍ എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുന്നു . അവര്‍ പോലീസില്‍ ഇന്നേ വരെ പരാതി കൊടുത്തില്ല . പശുവിനെ കറന്നു പാല് വിറ്റ തുച്ഛമായ തുകകള്‍ പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചവര്‍ മുതല്‍ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി മാസം തോറും ഒരു തുക പലിശയായി ലഭിച്ചവര്‍ വരെ ഉള്ള സാധാരണക്കാരായ നിക്ഷേപകര്‍ ആണ് ഇന്ന് ആശങ്കയില്‍ ഉള്ളത് .
പോപ്പുലര്‍ ഗ്രൂപ്പ് പൂര്‍ണ്ണമായും ഏറ്റെടുത്തു കടബാധ്യതകള്‍ തീര്‍ത്തു ഉടമകളെ കേസുകളില്‍ നിന്നും രക്ഷിക്കാന്‍ ഇറങ്ങി തിരിച്ച ഒരു കൂട്ടര്‍ നിക്ഷേപക കൂട്ടായ്മയില്‍ നുഴഞ്ഞു കയറി നിക്ഷേപകരെ ഭിന്നിപ്പിച്ചു മുതലെടുക്കാന്‍ ശ്രമിക്കുന്ന വിവരവും ഇതിനോടകം നിക്ഷേപകര്‍ അറിഞ്ഞു . പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയത് വലിയ കൊള്ളയാണ് . ആ കൊള്ള നടത്തിയവര്‍ക്ക് എതിരെ കര്‍ശന നിയമ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട് . അതിനു ഇടയില്‍ പോപ്പുലര്‍ ഫിനാന്‍സ് ഏതോ തുക്കട ആളുകള്‍ ഏറ്റെടുത്തു നിക്ഷേപകരുടെ പണം കൊടുക്കാം എന്നുള്ള മോഹന സുന്ദര വാഗ്ദാനങ്ങളില്‍ പാവങ്ങളായ നിക്ഷേകര്‍ വീഴരുത് .അത് മറ്റൊരു തട്ടിപ്പ് ആണ് . അതിനു കുട പിടിക്കാന്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ട് .അവരുടെ നീക്കം തുടക്കത്തിലേ പാളി .
പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനമായ വകയാറില്‍ രൂപം കൊണ്ട ആക്ഷന്‍ കൌണ്‍സില്‍ പിന്നീട് പല പേരുകളിലും അറിയപ്പെട്ടു . നിക്ഷേകരുടെ പണം തിരികെ ലഭിക്കാന്‍ ഉള്ള നടപടികള്‍ ചില സംഘടനകളുടെ ഭാഗത്ത് നിന്നും ഉണ്ടായത് നിക്ഷേപകരില്‍ ആശ്വാസം പകര്‍ന്നിരുന്നു . സംഘടനയില്‍ നിന്നും സംഘനകള്‍ പിറന്നു .നിക്ഷേകരുടെ പേരില്‍ ഇപ്പോള്‍ പല സംഘടകളും പ്രവര്‍ത്തിച്ചു വരുന്നു . ഇതില്‍ ഏതാണ് വകയാര്‍ ആക്ഷന്‍ കൌണ്‍സില്‍ എന്ന് നിക്ഷേപകര്‍ ചോദിക്കുന്നു .
പല ഗ്രൂപ്പിലും സത്യം അറിയാന്‍ ചോദ്യം ചോദിക്കുന്നവര്‍ മണ്ടന്മാര്‍ അല്ല .നിക്ഷേപകര്‍ എല്ലാം ഒന്നാണ് എന്ന തിരിച്ചറിവ് ഉണ്ടായാല്‍ നല്ലതാണ് . ചോദ്യം ഉണ്ടാകുമ്പോള്‍ കൃത്യമായ മറുപടി നല്‍കുവാനും കണക്കുകള്‍ അവതരിപ്പിക്കുവാനും ബന്ധപെട്ടവര്‍ മടി കാണിക്കരുത് .
സംഘടനയില്‍ ഗ്രൂപ്പിസം ഉണ്ടാക്കി യഥാര്‍ഥ നിക്ഷേപക കൂട്ടായ്മയെ ഇല്ലായ്മ ചെയ്യുവാന്‍ ഉള്ള കുതന്ത്രം അണിയറയില്‍ നടക്കുമ്പോള്‍ എന്തിനാണ് ഇത്ര അധികം കൂട്ടായ്മകള്‍ എന്ന് സാധാരണക്കാരായ നിക്ഷേപകര്‍ ചോദിക്കുന്നതില്‍ തെറ്റില്ല . പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക കൂട്ടായ്മയുടെ ഒരു സംഘടന മതി എന്നുള്ള അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു .
പല സംഘടനകള്‍ ആകുമ്പോള്‍ നിക്ഷേകര്‍ക്ക് അത് ആശയകുഴപ്പം ഉണ്ടാക്കുന്നു . വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ചിലരുടെ ധിക്കാരപരമായ പരാമര്‍ശങ്ങള്‍ സഹിക്കാന്‍ സാധാ നിക്ഷേപകര്‍ തയാര്‍ അല്ല . എല്ലാവരും നിക്ഷേപകര്‍ ആണ് . നേതാക്കന്മാര്‍ അല്ല . ഓരോ നിക്ഷേപകനും തങ്ങളുടെ പണം തിരികെ എന്ന് ലഭിക്കും എന്ന് മാത്രം ആണ് ആശങ്കപ്പെടുന്നത് . അല്ലാതെ പരസ്പരം അടിയിടുവാന്‍ വന്നവര്‍ അല്ല നിക്ഷേകര്‍ . നിക്ഷേപകരെ ഭിന്നിപ്പിച്ചു തട്ടിപ്പ് ഉടമകള്‍ക്ക് രക്ഷപെടുവാന്‍ ഉള്ള ചാണക്യ സൂത്രവുമായി നിക്ഷേകരുടെ ചോര കുടിക്കാന്‍ വരുന്ന കുറുക്കന്‍മാരെ തിരിച്ചറിയണം .
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് സംബന്ധിച്ച് സി ബി ഐ അന്വേഷണം കൃത്യമായി നടന്നു വരുന്നു .സമാന്തരമായി ഇ ഡി അന്വേഷണം പുരോഗമിക്കുന്നു . കോന്നി പോലീസില്‍ ഉള്ള കേസുകളുടെ ബാഹുല്യം എത്ര ആണെന്ന് മുന്‍പ് കണക്കു നിരത്തി പറഞ്ഞിരുന്നു .
പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരുടെ വിവിധ സംഘടനകള്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ സമയമായി .നിക്ഷേപകര്‍ക്ക് ഒറ്റ സംഘടന എന്നത് ഭൂരിപക്ഷം നിക്ഷേപകരും ആഗ്രഹിക്കുന്ന കാര്യമാണ് . അതേ കുറിച്ച് ആലോചിച്ചു തീരുമാനം കൈക്കൊള്ളണം . അഭിപ്രായ വ്യത്യാസങ്ങള്‍ സംസാരിച്ചു തീര്‍ക്കുവാന്‍ നടപടി ഉണ്ടാകണം .
പോപ്പുലര്‍ ഫിനാന്‍സ് ഏറ്റെടുക്കാന്‍ ബുദ്ധി ഉള്ളവര്‍ ആരും ശ്രമിക്കില്ല .ഇവിടെ ഒരു നീതിന്യായ വ്യവസ്ഥ ഉണ്ട് .അത് അതിന്‍റെ രീതിയില്‍ പോവുകയും കുറ്റം ചെയ്തവരെ വിചാരണ ചെയ്യുകയും ചെയ്യും .