konnivartha.com : പത്തനംതിട്ട ജില്ലയിലെ 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. തിരുവല്ല നഗരസഭയുടേയും ആറ് ബ്ലോക്ക് പഞ്ചായത്തുകളുടെയും 13 ഗ്രാമപഞ്ചായത്തുകളുടെയും 2021-22 വാര്‍ഷിക പദ്ധതികളിലെ ഭേദഗതി പ്രോജക്ടുകള്‍ക്കാണ് കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്.
ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടറും ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറിയുമായ ഡോ. ദിവ്യ എസ്. അയ്യര്‍ സന്നിഹിതയായിരുന്നു.
തിരുവല്ല നഗരസഭയുടേയും പറക്കോട്, ഇലന്തൂര്‍, കോയിപ്രം, പുളിക്കീഴ്, കോന്നി, മല്ലപ്പള്ളി എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും വടശേരിക്കര, മൈലപ്ര, പെരിങ്ങര, ഏറത്ത്, കടപ്ര, ഓമല്ലൂര്‍, കോട്ടാങ്ങല്‍, പന്തളം തെക്കേക്കര, ഏനാദിമംഗലം, കൊറ്റനാട്, വള്ളിക്കോട്, മല്ലപ്പുഴശേരി, ആനിക്കാട് എന്നീ ഗ്രാമ പഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
ശുചിത്വ പ്രവര്‍ത്തന പ്രോജക്ടുകള്‍ക്ക് ഏകീകൃത സ്വഭാവം വേണമെന്നും അടുത്ത ആസൂത്രണ സമിതി യോഗം ഈ മാസം 8 ന് രാവിലെ 11 ന് കളക്ടറേറ്റില്‍ ചേരുമെന്നും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.