വിരല്‍ത്തുമ്പിലാണ് ഭാരതത്തിന്റെ ഭാവി എന്ന് തിരിച്ചറിയണം; വിദ്യാര്‍ഥികള്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രക്രിയയില്‍ പങ്കാളിയാകണം: ജില്ലാ കളക്ടര്‍
സമ്മതിദാനം നിറവേറ്റാന്‍ 18 വയസ് പൂര്‍ത്തിയായ ഓരോ വിദ്യാര്‍ഥിയും വിരല്‍ത്തുമ്പിലാണ് ഭാരതത്തിന്റെ ഭാവി എന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിന്റെ ആദ്യപടിയായ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രക്രിയയില്‍ പങ്കാളിയാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.
പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ കാമ്പയിന്റെ ഭാഗമായുള്ള സമ്മറി റിവിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. എല്ലാ പുതിയ വോട്ടര്‍മാരേയും വോട്ടര്‍ പട്ടികയിലേയ്ക്ക് കൈപിടിച്ച് കയറ്റാനുള്ള യജ്ഞമാണ് ഇതിന്റെ ഭാഗമായി ജില്ലയിലെ കോളജുകളില്‍ നടക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. കുട്ടികളുമായി കളക്ടര്‍ തെരഞ്ഞെടുപ്പിന്റെ ആവശ്യകതയെപ്പറ്റിയും മറ്റും സംവദിക്കുകയും ചെയ്തു.
ജില്ലയിലെ കോളജുകള്‍/ ഐടിഐ/പോളിടെക്‌നിക്ക് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണം വര്‍ധിപ്പിക്കുന്നതിനും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനുമായി ക്യാമ്പസ് അംബാസിഡര്‍മാരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ നേഹാ ലക്ഷ്മി, സിറില്‍ റോയി എന്നിവരാണ് കാതോലിക്കറ്റ് കോളജിലെ ക്യാമ്പസ് അംബാസിഡര്‍മാര്‍.
ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, തഹസില്‍ദാര്‍ വി.എസ്. വിജയകുമാര്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എ സാദത്ത്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.