കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനൊപ്പം സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തണം: ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍

 

 

 

കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനൊപ്പം സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ജില്ലാതല കര്‍ത്തവ്യവാഹകരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ ഏറ്റവും പ്രധാനപ്പെട്ട അവകാശങ്ങളില്‍ ഒന്നാണ് വിദ്യാഭ്യാസ അവകാശ നിയമം. കുട്ടികളുടെ വികസനത്തിന് ആവശ്യമായ സംരക്ഷണവും സുരക്ഷിതത്വവും അതിജീവനവും പങ്കാളിത്തവുമെല്ലാം വിദ്യാഭ്യാസ മേഖലയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടിക്ക് സുരക്ഷ, സംരക്ഷണം, പങ്കാളിത്തം, അതിജീവനത്തിനാവശ്യമായ സൗകര്യം എന്നിവ ലഭ്യമായാല്‍ മാത്രമേ വിദ്യാഭ്യാസത്തിന്റെ പൂര്‍ണതയിലേക്ക് എത്താന്‍ കഴിയുള്ളൂ. കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഒട്ടനവധി പദ്ധതികളാണ് വിവിധ വകുപ്പുകള്‍ നടത്തിവരുന്നത്. പോലീസ്, എക്‌സൈസ്, സാമൂഹ്യ നീതി, എസ്‌സി. എസ്ടി, വനിതാ ശിശു വികസന വകുപ്പ് തുടങ്ങി നിരവധി വകുപ്പുകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ജില്ലാ ഭരണകേന്ദ്രവും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന പദ്ധതികളുടെ ക്രോഡീകരണം പരിശോധനയ്ക്ക് വിധേയമാക്കണം.

കുട്ടികള്‍ക്കായി ലഭ്യമാകുന്ന വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പുസ്തക രൂപത്തില്‍ ഇറക്കിയിട്ടുണ്ട്. അവ താഴേത്തട്ടിലേക്ക് എത്തിക്കും. എല്ലാ വകുപ്പുകളുടെയും പദ്ധതികള്‍ എല്ലാവരും അറിഞ്ഞിരിക്കണം. കുട്ടികളെ കൃത്യമായ ദിശയിലേക്ക് നയിക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകണം. അവരുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും ചെറുപ്പം മുതലേ സജീവമാക്കണം. ചിന്തകളെ ക്രിയാത്മകമായി ഉപയോഗിക്കണം. അതിനാവശ്യമായ സഹായവും വിദ്യാഭ്യാസവും നല്‍കണം. സമൂഹത്തിന്റെ പുരോഗതിക്കായി അവരെ പ്രയോജനപ്പെടുത്തണം. കുട്ടികള്‍ക്കാവശ്യമായ സംരക്ഷണവും സുരക്ഷയും ഒരുക്കുമ്പോള്‍ മാത്രമേ ഹാപ്പിനസ് ഇന്‍ഡക്‌സ് വര്‍ധിക്കുകയുള്ളൂ. പ്രായോഗികതയിലൂന്നി പ്രവര്‍ത്തിക്കണം.

 

വകുപ്പുകളുടെ ഏകോപനത്തിലൂടെ കുട്ടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ ചര്‍ച്ചാ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് അവ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കഴിയുമെന്നും അതിലൂടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം റെനി ആന്റണി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നിതദാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും സംസ്ഥാന ധനസഹായത്തിന് അര്‍ഹരായ രണ്ട് കുട്ടികള്‍ക്ക് പോസ്റ്റ് ഓഫീസ് അക്കൗണ്ട് ആരംഭിച്ചതിന്റെ പാസ്ബുക്ക് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി. ജില്ലാ കളക്ടറാണ് രക്ഷകര്‍ത്താവ്.

error: Content is protected !!