Trending Now

കലഞ്ഞൂർ പഞ്ചായത്തിലെ കൂടലിൽ ആധുനിക മത്സ്യ മാർക്കറ്റ് സമുച്ചയത്തിന് അംഗീകരമായി

കലഞ്ഞൂർ പഞ്ചായത്തിലെ കൂടലിൽ ആധുനിക മത്സ്യ മാർക്കറ്റ് സമുച്ചയത്തിന് അംഗീകരമായി

കിഫ്ബി യിൽ നിന്നും 1.55 കോടിയുടെ അംഗീകാരം ലഭിച്ചു .ഉടൻ നിർമ്മാണം ആരംഭിക്കും- എം.എൽ.എ

കോന്നി വാര്‍ത്ത ഡോട്ട് കോം :കലഞ്ഞൂർ പഞ്ചായത്തിലെ കൂടലിൽ ആധുനിക മത്സ്യ മാർക്കറ്റ് നിർമ്മിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.ഇതിനായി കിഫ്ബിയിൽ നിന്നും 1.55 കോടി രൂപയുടെ അംഗീകാരം ലഭിച്ചതായി എം.എൽ.എ പറഞ്ഞു.

കേരള സംസ്‌ഥാന തീരദേശ വികസന കോർപറേഷന്റെ മേൽനോട്ടത്തിലായിരിക്കും മാർക്കറ്റ് നിർമ്മിക്കുക. നിലവിൽ മാർക്കറ്റ് പ്രവർത്തിക്കുന്ന സ്ഥലത്താണ് ആധുനിക മത്സ്യ മാർക്കറ്റ് നിർമ്മിക്കുന്നത്.

4025.75 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന പുതിയ മാർക്കറ്റിൽ 4 മത്സ്യ വിപണന കേന്ദ്രങ്ങൾ, ഫിഷ് ഡിസ്‌പ്ലെ സ്റ്റാൾ,മത്സ്യം കേടുകൂടാതെ സൂക്ഷിക്കുവാനുള്ള ആധുനിക ഫ്രീസർ റൂം, ഫിഷ് പ്രിപ്പറേഷൻ റൂം, മത്സ്യം ലേലം ചെയ്യുന്നതിനുള്ള ഹാൾ തുടങ്ങിയവയുണ്ടാകും.
കൂടാതെ ഇറച്ചി വിപണനത്തിന് ആധുനിക ഇറച്ചി വ്യാപാര കേന്ദ്രം, ശീതികരിച്ച ഇറച്ചി പ്രദർശന കേന്ദ്രം, പച്ചക്കറി വ്യാപാരത്തിനായി 4 പച്ചക്കറി വിപണന കേന്ദ്രങ്ങൾ,2 പലചരക്കു വ്യാപാര കേന്ദ്രങ്ങൾ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.

സ്ത്രീകൾക്ക് 3 ടോയ്ലറ്റ്, പുരുഷന്മാർക്ക് 3 ടോയ്ലറ്റ്, സ്റ്റെയർ റൂം, വരാന്ത, സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, മലിനജല സംസ്കരണ കേന്ദ്രം തുടങ്ങിയവയും നിർമ്മിക്കും.
മാർക്കറ്റിൽ നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റി നല്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കും.നിലവിൽ നടക്കുന്ന മാർക്കറ്റ് പ്രവർത്തനം മറ്റൊരു അനുയോജ്യമായ സ്‌ഥലത്തേക്ക് താൽക്കാലികമായി മാറ്റി സ്ഥാപിക്കും.ആധുനിക മത്സ്യ മാർക്കറ്റ് നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് പഞ്ചായത്ത് ഏറ്റെടുത്ത് പ്രവർത്തനം നടത്തും.
നിയോജക മണ്ഡലത്തിലെ പ്രധാന മാർക്കറ്റുകളെ ആധുനിക നിലവാരത്തിലാക്കുന്നതിൻ്റെ ഭാഗമായാണ് കൂടൽ മാർക്കറ്റിന് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.

ജനങ്ങൾക്ക് ഭക്ഷ്യ സാധനങ്ങൾ വൃത്തിയോടെയും, മികച്ച ഗുണനിലവാരത്തിലും വിതരണം ചെയ്യുന്നതിനായാണ് മാർക്കറ്റുകൾ ആധുനികവത്കരിക്കുന്നത്. ഫിറ്റ്നസ് സെൻ്ററിനൊപ്പം, ആധുനിക മാർക്കറ്റും കൂടലിൽ അനുവദിച്ചതോടെ കലഞ്ഞൂർ പഞ്ചായത്ത് വികസന കുതിപ്പിലൂടെ മുൻപോട്ടു പോക്കുകയാണ്. മാർക്കറ്റ് നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.