Trending Now

എല്ലാവരെയും ഭയപ്പെടുത്തിയ കോട്ടയം പുഷ്പനാഥ്

കഥപറയും കടലാസുകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം പരമ്പര
ഭാഗം ഒന്ന്

അഗ്നി @കോന്നി വാര്‍ത്ത ഡോട്ട് കോം

 

എല്ലാവരെയും ഭയപ്പെടുത്തിയ കോട്ടയം പുഷ്പനാഥ്

കോന്നി വാര്‍ത്ത ഡോട്ട് കോം: അയാളുടെ   കൈവിരലുകള്‍ വേഗത്തില്‍ ചലിച്ചു . പേപ്പറില്‍ എന്തൊക്കയോ കോറി . ഒടുവില്‍ എടുത്തു വായിച്ചു . കോട്ടയം പുഷ്പനാഥ് എഴുതുന്ന ഏറ്റവും പുതിയ അപസര്‍പ്പക നോവല്‍ അടുത്താഴ്ച്ച മുതല്‍ പ്രസിദ്ധീകരിക്കുന്നു .1990 കളിലെ വാരികകളില്‍ കോട്ടയം പുഷ്പനാഥ് എന്ന പേര് നിറഞ്ഞു നിന്നു . കോട്ടയം പുഷ്പനാഥിന്‍റെ അപസര്‍പ്പക നോവലുകള്‍ ഇല്ലാതെ കേരളത്തിലെ ഒരു ആഴ്ച്ച പതിപ്പുകളും ഇറങ്ങിയിരുന്നില്ല . അത്ര മാത്രം ജന ഹൃദയങ്ങളില്‍ ഈ നോവലുകാരന്‍ ഇടം പിടിച്ചിരുന്നു .

പുഷ്പനാഥൻ പിള്ള അഥവാ സി ജി സക്കറിയ കോട്ടയം പുഷ്പനാഥ് എന്ന തൂലികാനാമത്തിലൂടെ അറിയപ്പെട്ടു. കേരളത്തിലെ വായനശാലകളില്‍ എല്ലാം കോട്ടയം പുഷ്പനാഥിന്‍റെ പുസ്തകങ്ങളുടെ നീണ്ട റാക്ക് കാണാം . ആ റാക്കുകള്‍ എപ്പോഴും ഒഴിഞ്ഞു കിടന്നു . വായനക്കാരില്‍ നിന്നും വായനക്കാരിലേക്ക് പുസ്തകങ്ങള്‍ യാത്രയിലായിരുന്നു . വായനശാലയില്‍ നിന്നും പുസ്തകം കൊണ്ട് പോയ ആളുകള്‍ മടങ്ങി വരുന്നതും കാത്തു അനേക ആളുകള്‍ എന്നും കാണും . വീണ്ടും വായനകാരിലേക്ക് പുസ്തകം യാത്ര തിരിക്കും . റാക്കില്‍ ഇരിക്കാന്‍ ഉള്ള ഭാഗ്യം ഒരു പുഷ്പനാഥ് നോവലുകള്‍ക്കും ഇല്ലായിരുന്നു .അത്ര മാത്രം ആരാധകര്‍ പുഷ്പനാഥിനു ഉണ്ടായിരുന്നു .

അപസര്‍പ്പക കഥകള്‍ വായിക്കുന്ന ഒരാള്‍ താന്‍ ഏതോ ലോകത്ത് എത്തിയ അനുഭവം . അവിടെ പേടിപ്പെടുത്തുന്ന നിഴല്‍ രൂപങ്ങള്‍ . ഓരോ കഥയും വ്യത്യസ്ഥ രീതിയില്‍ എഴുതുവാന്‍ പുഷ്പനാഥ് പ്രത്യേകം ശ്രദ്ധിച്ചു .

ഒരു സ്വകാര്യ കുറ്റാന്വേഷകനായ “ഡിറ്റക്റ്റീവ് മാർക്സിനെ” കേന്ദ്ര കഥാപാത്രമാക്കിയാണ് ഇദ്ദേഹത്തിന്റെ മിക്ക കൃതികളും രചിച്ചിട്ടുള്ളത്. മലയാളിയ്ക്ക് ഡ്രാക്കുള എന്ന കഥാ പാത്രത്തെ നന്നായി പരിചയപ്പെടുത്തിയത് പുഷ്പനാഥ് ആണ് . ബ്രഹ്മരക്ഷസ്സ് തുടങ്ങിയ നോവലുകള്‍ മാന്ത്രിക തന്ത്ര വിദ്യയിലൂടെ സഞ്ചരിച്ചു . പുഷ്പനാഥ് ഒരു മന്ത്രവാദിയാണോ എന്നു പോലും അക്കാലത്ത് പലരും സംശയിച്ചു . യക്ഷിയമ്പലവും ഗന്ധർവ്വയാമവും നാഗച്ചിലങ്കയും നാഗ മാണിക്യവും നൂറു തവണ എങ്കിലും വായിച്ചവര്‍ അത് വീണ്ടും വീണ്ടും പുതിയ പോലെ വായിച്ചിരുന്നു . മുഷിവ് ഉണ്ടാകാത്ത തരത്തില്‍ വായനക്കാരെ ഉത്തേജിപ്പിക്കുന്ന മാന്ത്രിക വാക്കുകള്‍ പുഷ്പനാഥിന്‍റെ ശൈലിയായിരുന്നു .

കോട്ടയം തീവണ്ടിനിലയത്തിനു സമീപം കണിയാംകുളം സത്യനേശന്റെയും അദ്ധ്യാപിക റെയ്ചലിന്റെയും മകനായി ജനിച്ചു. ടി.ടി സി പഠനത്തിനുശേഷം കോട്ടയം ജില്ലയിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം. 1972 ൽ ചരിത്രത്തിൽ ബിരുദമെടുത്തു. വിരമിച്ച ശേഷം സാഹിത്യ രചന തുടർന്നുവന്നു. മറിയാമ്മയാണ് ഭാര്യ. പരേതനായ സ്റ്റിൽ ഫോട്ടോഗ്രാഫർ സലിം പുഷ്പനാഥ്, സീനു,ജെമി എന്നിവരാണ് മക്കൾ. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേയ്ക്ക് പല നോവലുകളും തർജ്ജമ ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.

കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷന്‍ പുസ്തകങ്ങള്‍ വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങി . വായനക്കാര്‍ അനവധിയാണ് . മലയാളത്തിലെ ഏറ്റവും പോപ്പുലറായ മാന്ത്രിക, അപസർപ്പക നോവല്‍ എഴുത്തുകാരൻ – അതായിരുന്നു കോട്ടയം പുഷ്പനാഥ് എന്ന പുഷ്പനാഥൻ പിള്ള.

കോട്ടയം നഗരത്തില്‍ കൂളിംഗ് ഗ്ലാസും വിഗ്ഗും തൊപ്പിയും വച്ച് തിളങ്ങുന്ന ഷര്‍ട്ടും ബെല്‍ബോട്ടം പാന്റസുമിട്ട് നടന്നിരുന്ന അപസര്‍പ്പക നോവലുകളുടെ എഴുത്തുകാരന്‍ നാട്ടുകാര്‍ക്ക് എന്നുമൊരു കൗതുകമായിരുന്നു. മാന്ത്രിക നോവലുകള്‍ എഴുതുവാന്‍ മനസ്സ് തയ്യാര്‍ ചെയ്യുമ്പോള്‍ മന്ത്ര കാര്യങ്ങളില്‍ നല്ല അറിവ് ഉള്ള ആളുകളെ തേടി ആ പുഷ്പനാഥ് ചെന്നിരുന്നു .

കോട്ടയം പുഷ്പനാഥ് എണ്‍പത്താമത്തെ വയസ്സിലാണ് അന്തരിച്ചത് . സ്വകാര്യ കുറ്റാന്വേഷകരായ ഡിറ്റക്ടീവ് മാര്‍ക്‌സ്, ഡിക്റ്റീവ് പുഷ്പരാജ് എന്നിവരെ കേന്ദ്രീകരിച്ച് കൊണ്ടുള്ളതാണ് കോട്ടയം പുഷ്പനാഥിന്റെ നോവലുകളില്‍ ഭൂരിഭാഗവും. വാരികകളിലൂടെയും പുസ്തകങ്ങളിലൂടെയും മലയാളികളെ ഹരം കൊള്ളിച്ച കഥാപാത്രങ്ങളാണിവ. മുന്നൂറോളം നോവലുകള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്. ഡിക്റ്റീവ്, മാന്ത്രിക നോവല്‍ സാഹിത്യ ശാഖയില്‍ മലയാളത്തില്‍ പകരം വെയ്ക്കാനില്ലാത്ത പേരിനുടമയാണ് കോട്ടയം പുഷ്പനാഥ്. കോട്ടയം പുഷ്പനാഥ്‌ പബ്ലിക്കേഷൻസ് ശ്രീ കോട്ടയം പുഷ്പനാഥിന്റെ ആദ്യ പുസ്തകം “ചുവന്ന മനുഷ്യൻ” പുനഃപ്രസിദ്ധീകരിച്ചതോടുകൂടി അദ്ദേഹത്തിന്റെ മൂന്നാം വരവിന്റെ തുടക്കം കുറിച്ചു.

 

 

error: Content is protected !!