Trending Now

വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ

 

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നക്‌സൽ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളിൽ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും.

കേരളത്തിൽ 298 നക്‌സൽ ബാധിത ബൂത്തുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നക്‌സൽ ബാധിത ബൂത്തുകളുള്ളത്. നക്‌സൽ ബാധിത ബൂത്തുകളിലും ക്രിട്ടിക്കൽ, വൾനറബിൾ ബൂത്തുകളിലും പോളിംഗ് സ്‌റ്റേഷൻ വളപ്പിനുള്ളിൽ കേന്ദ്ര സേനയെയാണ് നിയോഗിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 549 ക്രിട്ടിക്കൽ ലൊക്കേഷൻ ബൂത്തുകളും 433 വൾനറബിൾ ബൂത്തുകളുമുണ്ട്.

ഇത്തവണ 50 ശതമാനം പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തും. പോളിംഗ് ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കണം. നല്ല രീതിയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് സമയത്തും അതിനു ശേഷവും തിരഞ്ഞെടുപ്പ് കമ്മിഷൻ സംരക്ഷിക്കും. കാഴ്ചപരിമിതരായ വോട്ടർമാർക്കായി ബ്രെയിൽ സ്‌ളിപ്പുകൾ വിതരണം ചെയ്യും. എല്ലാ പോളിംഗ് ബൂത്തുകളിലും ഇത്തരത്തിലെ ഒരു ഡമ്മി ബാലറ്റ് പ്രിസൈഡിംഗ് ഓഫീസറുടെ മേശപ്പുറത്ത് ഉണ്ടാകും.

കാഴ്ചപരിമിതിയുള്ള വോട്ടർമാർക്ക് ഇതിൽ ട്രയൽ ചെയ്യാൻ അവസരം നൽകും. ഇത്തരത്തിൽ 45000 ഡമ്മി ബ്രെയിൽ സ്‌ളിപ്പുകൾ പ്രിന്റ് ചെയ്യും. ഫോട്ടോ ഒഴിവാക്കിയുള്ള വോട്ടർ സ്‌ളിപ്പുകളാവും ഇത്തവണ വിതരണം ചെയ്യുക. ഇംഗ്‌ളിഷിലും മലയാളത്തിലുമുള്ള വോട്ടർ ഗൈഡും വിതരണം ചെയ്യുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

കോവിഡ് ബാധിതർക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. ഇവരുടെ കണക്ക് പ്രിസൈഡിംഗ് ഓഫീസർമാർ പ്രത്യേകം സൂക്ഷിക്കണം. എല്ലാ പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ താപനില പരിശോധിക്കും. ചൂട് കൂടുതൽ കണ്ടെത്തുന്ന വോട്ടർമാരെ മാറ്റി നിർത്തും. ഒരു മണിക്കൂറിന് ശേഷം വീണ്ടും പരിശോധിക്കും. അപ്പോഴും താപനില കൂടുതൽ കണ്ടെത്തിയാൽ അവർക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാൻ അവസരം നൽകും. പോളിംഗ് ബൂത്തിൽ എത്തുന്ന വോട്ടർമാർ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയുന്നതിനായി മാസ്‌ക്ക് താഴ്ത്തിക്കാണിക്കണം. സ്ത്രീകൾ, പുരുഷൻമാർ, മുതിർന്നപൗരൻമാർ/ ഭിന്നശേഷിക്കാർ എന്നിവർക്കായി ബൂത്തുകളിൽ മൂന്ന് പ്രത്യേക ക്യൂ ഉണ്ടാവും. ഭിന്നശേഷി വോട്ടർമാർക്കായി പ്രത്യേക യാത്രാ സൗകര്യം ഒരുക്കും. വോട്ടുചെയ്യാൻ എത്തുന്ന ഭിന്നശേഷിക്കാർക്ക് പൊതുഗതാഗത സംവിധാനത്തിൽ സൗജന്യ പാസ് നൽകും.

പോസ്റ്റൽ ബാലറ്റുകളുടെ ക്രമീകരണത്തിനായി ഒരു അഡീഷണൽ എ. ആർ. ഒയെ വീതം നിയമിക്കും. നാമനിർദ്ദേശപത്രിക പിൻവലിക്കൽ പൂർത്തിയായി മൂന്നു ദിവസത്തിന് ശേഷം പോസ്റ്റൽ ബാലറ്റ് വിതരണം ആരംഭിക്കും.

പോസ്റ്റൽ ബാലറ്റുമായി ഉദ്യോഗസ്ഥർ എത്തുന്ന വിവരം വോട്ടറെയും സ്ഥാനാർത്ഥിയെയും മുൻകൂട്ടി അറിയിക്കും. അത്യാവശ്യ സേവന വിഭാഗത്തിൽ പെടുന്ന ആരോഗ്യം, പോലീസ്, ഫയർഫോഴ്‌സ്, ജയിൽ, എക്‌സൈസ്, മിൽമ, വൈദ്യുതിവകുപ്പ്, വാട്ടർ അതോറിറ്റി, കെ. എസ്. ആർ. ടി. സി, വനംവകുപ്പ്, ട്രഷറി, തിരഞ്ഞെടുത്ത കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അംഗീകൃത മാധ്യമ സ്ഥാപനങ്ങൾ, ആംബുലൻസ് എന്നിവയിൽ ജോലി ചെയ്യുന്നവർക്കും ഇത്തവണ പോസ്റ്റൽ ബാലറ്റ് സൗകര്യം ലഭിക്കും. അനധികൃത ഹോർഡിംഗുകൾ, ബോർഡുകൾ, പോസ്റ്ററുകൾ എന്നിവ നീക്കം ചെയ്യാൻ പ്രത്യേക ഫ്‌ളൈയിംഗ് സ്‌ക്വാഡുകളെ ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഇലക്ഷൻ കമ്മീഷന് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് നടത്താൻ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
150 കമ്പനി കേന്ദ്ര സേനയെ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 30 കമ്പനി സേന കേരളത്തിലെത്തിയിട്ടുണ്ട്. ബി. എസ്. എഫിന്റെ 15, ഐ. ടി. ബി. പി, എസ്. എസ്. ബി, സി. ഐ. എസ്. എഫ് എന്നിവയുടെ അഞ്ച് വീതം കമ്പനികളാണ് എത്തിയത്.

നിലവിലെ കണക്കു പ്രകാരം കേരളത്തിൽ 2,67,31,509 വോട്ടർമാരാണുള്ളത്. ഇതിൽ 1,29,52,025 പുരുഷൻമാരും 1,37,79,263 സ്ത്രീകളും 221 ട്രാൻജെൻഡർ വോട്ടർമാരുമുണ്ട്. 6,21,401 പേർ 80 വയസ് കഴിഞ്ഞവരാണ്. 90709 പ്രവാസി വോട്ടർമാരും 1,33,000 ഭിന്നശേഷി വോട്ടർമാരുമുണ്ട്. 52782 ബാലറ്റ് യൂണിറ്റുകളും 49475 കൺട്രോൾ യൂണിറ്റുകളും 53189 വിവിപാറ്റും കേരളത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.