Trending Now

ഏത്തക്കായ്ക്ക് ന്യായ വില കിട്ടണം : വിളവെത്തിയ കായ്കള്‍ കൃഷിവകുപ്പ് ഏറ്റെടുക്കണം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പ്രവാസ ജോലി മതിയാക്കി നാട്ടില്‍ എത്തിയ മിക്ക പ്രവാസികളും സ്വന്തം കൃഷി ഭൂമിയിലോ അല്ലെങ്കില്‍ പാട്ടത്തിന് എടുത്ത ഭൂമിയിലോ കൃഷി ഇറക്കി ഉപജീവന മാര്‍ഗം കണ്ടെത്തുവാന്‍ തയാറായത് അഭിനന്ദാനാര്‍ഹമാണ് .
മിക്കവരും ഏത്ത വാഴ കൃഷിയിലേക്ക് തിരിഞ്ഞു . ഉത്പാദനം കൂടിയതോടെ വില തകര്‍ച്ചയും ഉണ്ടായി . കിലോ 60 രൂപ കിട്ടിയ സ്ഥാനത്ത് ഇപ്പോള്‍ 15-20 രൂപ മാത്രം .
കര്‍ഷകരെ സഹായിക്കാന്‍ കൃഷിവകുപ്പ് നിരവധി പദ്ധതികള്‍ നടപ്പിലാക്കി എങ്കിലും ഈ കൃഷിയ്ക്ക് താങ്ങ് വില പ്രഖ്യാപിച്ചില്ല . കിലോ 30 രൂപയെങ്കിലും ലഭിച്ചില്ല എങ്കില്‍ ഈകൃഷി ഉപജീവന മാര്‍ഗ്ഗമായി കണ്ടവര്‍ നട്ടം തിരിയും .
കോന്നി മേഖലയിലും ഏത്ത വാഴ കൃഷി കൂടി . മോശമല്ലാത്ത വിളവും എത്തി . എന്നാല്‍ വിലതകര്‍ച്ച കാരണം കര്‍ഷകര്‍ വിഷമത്തിലാണ് .
എല്ലാ കുലകളും ഒന്നിച്ചു വിളവ് എത്തിയതിനാല്‍ ഒരു ഏത്തക്കുല 200 രൂപയ്ക്കു വിറ്റഴിക്കേണ്ട അവസ്ഥയാണ് .

വയനാടന്‍ കായ്കളുടെ കടന്നു വരവ് കൂടിയായതോടെ പിന്നേയും വില കുറഞ്ഞു .
കോന്നിയിലെ മിക്ക മാര്‍ക്കറ്റിലും ഏത്തക്കുലകള്‍ കൊണ്ട് നിറഞ്ഞു . പച്ചക്കായ്കള്‍ കൊണ്ട് ഉള്ള ഉപ്പേരി വിഭവങ്ങള്‍ക്ക് വലിയ വിലയുമാണ് . ഈ അവസരത്തില്‍ പ്രദേശത്തെ എല്ലാ ഏത്തക്കുലകളും കൃഷിവകുപ്പ് നേരിട്ടു ഏറ്റെടുത്ത് കര്‍ഷകരെ സഹായിക്കണം . ഏത്തക്കായ്കള്‍ കൊണ്ടുള്ള ഉപ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വേണ്ടിയുള്ള പ്രത്യേക സ്റ്റാളുകള്‍ സ്ഥാപിക്കണം . എല്ലാ കൃഷി ഭവനിലും ന്യായ വിലയ്ക്ക് ഏത്തക്കുലകള്‍ വിറ്റഴിക്കാന്‍ ഉള്ള പദ്ധതി വേണം .