റാന്നി പെരുനാട്ടില്‍ പശുവിനെ കടുവ കടിച്ചുകൊന്നു

 

konnivartha.com : പത്തനംതിട്ട റാന്നി പെരുന്നാട്ടില്‍  ബഥനി ആശ്രമത്തിന് സമീപം കടുവ പശുവിനെ ആക്രമിച്ചു കൊന്നു. ഇന്ന് രാവിലാണ് തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ കടുവ കൊന്നത്.സമീപ വാസിയായ രാജുവിന്‍റെ പശുവിനെയാണ് കൊന്നത്. ഒരു മാസം മുൻപ് രാജുവിന്റെ പശുവിനെ കടുവ ആക്രമിച്ചുകൊന്നിരുന്നു. രണ്ടുമാസത്തിനിടയിൽ മൂന്ന് പശുക്കളാണ് ഈ മേഖലയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

കടുവയെ പിടികൂടാൻ ക്യാമറകളും കൂടും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ടങ്കിലും കടുവയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.പ്രദേശവാസികൾ ഭീതിയിലാണ്.

റാന്നി പെരുനാട് മേഖലയിലെ ജനങ്ങൾക്ക് ഭീഷണിയായിരിക്കുന്ന കടുവയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് അഡ്വ പ്രമോദ് നാരായണൻ എംഎൽഎവനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലും കടുവ ജനവാസ മേഖലയിൽ ഇറങ്ങി പശുവിനെ കൊന്നു. പെരുനാട് ബഥനി പുതുവേൽ രാജൻ എബ്രഹാമിന്റെ പശുവിനെ കടിച്ചു കൊന്നതാണ് അവസാനത്തെ സംഭവം. കഴിഞ്ഞ മാസവും കടുവ ഇറങ്ങി രണ്ട് പശുക്കളെ കൊന്നിരുന്നു .അതിൽ രാജൻ എബ്രഹാമിന്റെ പശുവും ഉൾപ്പെട്ടിരുന്നു. തുടർന്ന് പലരും കടുവയെ നേരിട്ട് കാണുകയും ചെയ്തിരുന്നു.

പെരുനാട് ബഥനി പുതുവേൽ , കോളാമല, നാറാണംമൂഴി പഞ്ചായത്തിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് കടുവയുടെ സാന്നിധ്യം നേരത്തെ ഉണ്ടായത്. അന്ന് കടുവയെ പിടിക്കാൻ കൂട് വച്ചിരുന്നു. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണവും നടത്തിയിരുന്നു. എന്നാൽ ഇത് ഫലം കണ്ടില്ല. തുടർന്ന് 18 ദിവസങ്ങളോളം കടുവയുടെ സാന്നിധ്യം ഉണ്ടായില്ല. കടുവ കാട് കയറി എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ സംഭവം.

ഇവിടത്തെ ക്ഷീര കർഷകരും തോട്ടം തൊഴിലാളികളും ആശങ്കയിലാണെന്നും കടുവയെ കണ്ടെത്താൻ വിദഗ്ധരെ നിയോഗിക്കണമെന്നും എംഎൽഎ മന്ത്രിയോട് ആവശ്യപ്പെട്ടു .കൂടാതെ വൻകിട തോട്ടം മേഖലയിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന അടിക്കാട് കടുവയ്ക്ക് യഥേഷ്ടം സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കി നൽകിയിരിക്കുകയാണ്. ഇത് നീക്കം ചെയ്യണമെന്ന് തോട്ടം ഉടമകളോട് ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ല. റബ്ബർ തോട്ടങ്ങളിലെ കാട് നീക്കം ചെയ്യുന്നതിന് ദുരന്ത നിവാരണ സേനയെ ഉൾപ്പെടെ നിയോഗിച്ച് നടപടി സ്വീകരിക്കണമെന്ന് എംഎൽഎ കളക്ടറോടും ആവശ്യപ്പെട്ടു.

error: Content is protected !!