പ്രശസ്‌ത കവി നീലമ്പേരൂർ മധുസൂദനൻ നായർ (82) അന്തരിച്ചു. പട്ടം ശ്രീ ഉത്രാടം തിരുന്നാൾ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
1936 മാർച്ച് 25 ന് കുട്ടനാട്ടിൽ നീലമ്പേരൂർ വില്ലേജിൽ മാധവൻപിള്ളയുടെയും പാർവതിയമ്മയുടെയും മകനായി ജനിച്ചു. ഗണിതശാസ്‌ത്രത്തിൽ ബിരുദവും സ്ഥിതിവിവരഗണിതത്തിൽ മാസ്റ്റർ ബിരുദവും നേടി. വ്യവസായ വകുപ്പിൽ റിസർച്ച് ഓഫീസറായി.
കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായിരുന്നു. ചമത എന്ന കാവ്യ സമാഹാരത്തിന് 2000 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. എംഗൽസിന്റെ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. സ്നേഹപൂർവ്വം മീര എന്ന സിനിമക്കായി ഗാനങ്ങളും രചിച്ചു. മൗസലപർവ്വം എന്ന കാവ്യഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ കനകശ്രീ പുരസ്‌കാരം (1991), പാഴ്‌കിണർ എന്ന കാവ്യഗ്രന്ഥത്തിന് മൂലൂർ സ്‌മാരക പുരസ്‌കാരം (1998), കിളിയും മൊഴിയും എന്ന ബാലകവിതാ ഗ്രന്ഥത്തിന് സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം (1998) എന്നിവ ലഭിച്ചു. സെക്രട്ടറിയേറ്റ് വ്യവസായ വാണിജ്യവകുപ്പിൽ ജോയിന്റ് ഡയറക്‌ടറായി വിരമിച്ചു.
ഭാര്യ: കെ എൽ രുഗ്‌മിണി ദേവി. മക്കൾ: എം ദീപുകുമാർ, എം ഇന്ദുലേഖ.