Trending Now

പോപ്പുലർഫിനാൻസ് കേസിൽ രണ്ട്‌ പ്രതികൾ കൂടി

കോന്നി വാര്‍ത്ത : പോപ്പുലർ ഫിനാൻസ് ഉടമയും ഒന്നാം പ്രതിയുമായ റോയി ഡാനിയേലിന്‍റെ മാതാവും പോപ്പുലര്‍ കമ്പനിയുടെ ചെയര്‍പേഴ്സനുമായ കോന്നി വകയാർ ഇണ്ടിക്കാട്ടില്‍ വീട്ടിൽ മേരിക്കുട്ടി ഡാനിയേല്‍, കേസിലെ രണ്ടാം പ്രതി പ്രഭ ഡാനിയലിന്‍റെ സഹോദരൻ കൊല്ലം പൊളയത്തോട്  അമ്പനാട്ട് വീട്ടിൽ സാമുവൽ എന്ന  അമ്പനാട്ട് പ്രകാശ് എന്നിവരെ യഥാക്രമം ആറും ഏഴും പ്രതികളാക്കിയാണ് പോലീസ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

മേരിക്കുട്ടി ഇപ്പോള്‍ ഓസ്ട്രേലിയയില്‍ മകളോടൊപ്പമാണ് താമസം. സന്ദര്‍ശക വിസയിലാണ് പോയതെങ്കിലും ഇതുവരെ തിരികെ എത്തിയിട്ടില്ല. ഇവരുടെ മകളുടെ  ഭര്‍ത്താവാണ് വര്‍ഗീസ്‌ പൈനാടന്‍. പോപ്പുലര്‍ ഫിനാന്‍സിലെ പണം ഓസ്ട്രേലിയയിലേക്ക് കടത്തിയതിനു പിന്നില്‍ വര്‍ഗീസ്‌ പൈനാടന്‍ ആണെന്നാണ്‌ നിക്ഷേപകരുടെ ആരോപണം. ഇയാളെ പ്രതി ചേര്‍ക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

 

തിങ്കളാഴ്ച രാവിലെ 11 മണിവരെ കേസിലെ അഞ്ചാംപ്രതി ഡോ. റിയയെ കോന്നി പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തും ഉത്തരവായി. പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളുടെ റിമാൻഡ് രേഖപ്പെടുത്താനും  സബ് ജയിലിലെത്തി പ്രതികളെ ചോദ്യംചെയ്യാനും കോടതി അനുമതിയും നൽകി. കേസിലെ ഒന്നുമുതൽ നാലുവരെയുള്ള പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വാദം കേൾക്കുന്നതിനായി ജഡ്ജി പി.എൻ. സീത പത്താംതീയതിയിലേക്ക് മാറ്റി.

അഞ്ചാം പ്രതി ഡോ. റിയ നൽകിയ മുൻകൂർ ജാമ്യാപക്ഷയും കോടതി പത്തിലേക്ക് മാറ്റി. ജാമ്യം അനുവദിക്കരുതെന്ന റിപ്പോർട്ട് കോന്നി പോലീസ് കോടതിയിൽ സമർപ്പിച്ചു. പ്രതികൾ സ്വാഭാവിക ജാമ്യത്തിനായി സമർപ്പിച്ച അപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.പി. ബൈജു, അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ പി.പി. ഗീത എന്നിവർ ഹാജരായി.