Trending Now

കോന്നി മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിന് സമഗ്ര പദ്ധതി

കോന്നി വാര്‍ത്ത :കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും 2021 മാർച്ച് മാസത്തിനകം കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റണമെന്ന് ആരോഗ്യ വകുപ്പ് കോന്നി നിയോജക മണ്ഡലം തല അവലോകന യോഗത്തിൽ തീരുമാനമായി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

പ്രമാടം, മലയാലപ്പുഴ, ആങ്ങമൂഴി പി.എച്ച്.സികൾ കൂടിയാണ് കുടുംബാരോഗ്യ കേന്ദ്രമായി മാറ്റാൻ ഇനിയും ഉത്തരവാകാനുള്ളത്. ഇവയും മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി ഉടൻ തന്നെ ഉത്തരവാകും.ഇതോടെ എല്ലാ പ്രാഥമിക കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയ നിയോജക മണ്ഡലമാകും കോന്നി.

കൊക്കാത്തോട് പി.എച്ച്.സി യെ കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുന്നതിന് 13.8 ലക്ഷം രൂപയുടെ പ്രവർത്തികൾ ടെൻഡർ നടത്താനുള്ള നിലയിലാണ്. അവിടെ ലാബ് വർക്ക് നടത്തുന്നതിന് 5 ലക്ഷം രൂപ കൂടി ലഭ്യമാക്കണമെന്ന് യോഗം തീരുമാനിച്ചു.
മൈലപ്ര പി.എച്ച്.സി യിൽ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിനുള്ള 15.54 ലക്ഷം രൂപയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.നിർമ്മാണത്തിൻ്റെ അറുപത്തി അഞ്ച് ശതമാനം പൂർത്തിയായിട്ടുണ്ട്.

വള്ളിക്കോട് പി.എച്ച്.സി യെ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രമായാണ് ഉയർത്തിയിരിക്കുന്നത്. ഇതിനാവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് 37.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എം.എൽ.എ ഫണ്ടിൽ നിന്നും 40 ലക്ഷം മുടക്കി ഒ.പി. ബ്ലോക്കും നിർമ്മിക്കുന്നുണ്ട്.പൊതുമരാമത്ത് കെട്ടിടവിഭാഗം ഇതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.

കൂടൽ പി.എച്ച്.സി യിൽ 75 ലക്ഷം രൂപ മുടക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.ഇത് പൂർത്തിയാകുന്ന മുറയ്ക്ക് ഫാമിലി ഹെൽത്ത് സെൻ്ററിനാവശ്യമായ നിർമ്മാണം എൻ.എച്ച്.എം നേതൃത്വത്തിൽ നടത്തും.
ഏനാദിമംഗലം സി.എച്ച്.സി യിൽ 5.8 കോടിയുടെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ച് കെട്ടിടം ഉദ്ഘാടനവും നടത്തി. കിടത്തി ചികിത്സ ഉൾപ്പടെ വിപുലമായ സൗകര്യങ്ങളുള്ള ആശുപത്രിയാണിത്.
സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 39.10 ലക്ഷം രൂപയുടെ കുടുംബാരോഗ്യ കേന്ദ്രത്തിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണി. ജോലിയുടെ 60 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്.

ചിറ്റാർ സി.എച്ച്.സി യെ കുടുംബാരോഗ്യ കേന്ദ്രമാക്കാനുള്ള 19.5 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.90 ശതമാനം ജോലികളും പൂർത്തീകരിച്ചു.30 കിടക്കകളോടുകൂടിയ ആശുപത്രിയായി ചിറ്റാറിനെ മാറ്റാൻ എം.എൽ.എ ഫണ്ടിൽ നിന്നും 1.20 കോടി അനുവദിച്ച് നിർമ്മാണം 25 ശതമാനം പൂർത്തീകരിച്ചു.
തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പ്രവർത്തനം മികച്ച നിലയിൽ മുന്നോട്ടു പോകുന്നുണ്ട്. ഇവിടെയും തുടർ വികസന പദ്ധതികൾ തയ്യാറാക്കാൻ തീരുമാനമായി.
കോന്നി താലൂക്ക് ആശുപത്രിയിലും 10 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുകയാണ്.നിർമ്മാണ ഉദ്ഘാടനം ഉടൻ നടത്താനും തീരുമാനമായി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും, മറ്റു രോഗികളുടെ ചികിത്സയും ഒരു പോലെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നുണ്ടെന്നും യോഗം വിലയിരുത്തി.

നിയോജക മണ്ഡലം തല അവലോകന യോഗത്തിൽ എല്ലാ ആശുപത്രികളുടെ പ്രവർത്തനങ്ങളും വിശദ പരിശോധനയ്ക്ക് വിധേയമാക്കിയതായി എം.എൽ.എ പറഞ്ഞു. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റി ജങ്ങൾക്ക് മികച്ച സേവനം ഉറപ്പുവരുത്താനാണ് പരിശ്രമിക്കുന്നത്. സ്പെഷ്യാലിറ്റി കേഡറിലുള്ള ഡോക്ടർമാരുടെ സേവനവും, ലാബോറട്ടറി, ഫാർമസി, എക്സറേ തുടങ്ങിയ സൗകര്യങ്ങളും ഉറപ്പാക്കി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ നവീകരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ എല്ലാവരും ഒന്നായി പരിശ്രമിക്കണമെന്നും എം.എൽ.എ യോഗത്തിൽ പറഞ്ഞു.

ഡപ്യൂട്ടി ഡി.എം.ഒ ഡോ: സി.എസ്.നന്ദിനി, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ: എബി സുഷൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻചാർജ്ജ് ഡോ: എം.റ്റി.സിമി, ആർ.എം.ഒ ഡോ: അജയ് ഏബ്രഹാം, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!