Trending Now

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു . വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ വ്യാഴാഴ്‌ച രാവിലെ എട്ടോടെയാണ്‌ അന്ത്യം . ഭാരതീയ തത്ത്വചിന്തയുടെയും ധാർമികമൂല്യങ്ങളുടെയും സവിശേഷമുദ്രകൾ വഹിക്കുന്ന നിരവധി കവിതകളാണ്‌ അദ്ദേഹം മലയാളത്തിന്‌ സമ്മാനിച്ചിട്ടുള്ളത്‌.

1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ. ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.

ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.
ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം, ബലിക്കല്ല്‌, വെണ്ണക്കല്ലിന്റെ കഥ, അമൃതഗാഥിക, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അന്തിമഹാകാലം, തെരഞ്ഞെടുത്ത കവിതകൾ, കവിതകൾ സമ്പൂർണം തുടങ്ങിയവയാണ്‌ പ്രധാനകൃതികൾ.

അരങ്ങേറ്റം, മധുവിധു, മധുവിധുവിനുശേഷം, നിമിഷക്ഷേത്രം, പഞ്ചവർണക്കിളികൾ, മനസ്സാക്ഷിയുടെ പൂക്കൾ, വളകിലുക്കം, അഞ്ചുനാടോടിപ്പാട്ടുകൾ, ബലിദർശനം, അനശ്വരന്റെ ഗാനം, സഞ്ചാരികൾ, കരതലാമലകം, ദേശസേവിക, സാഗരസംഗീതം (സി ആർ ദാസിന്റെ ഖണ്ഡകാവ്യ വിവർത്തനം) എന്നിവയാണ്‌ മറ്റ്‌ കവിതാസമാഹാരങ്ങൾ. ഒരു കുല മുന്തിരിങ്ങ, ഉണ്ണിക്കിനാവുകൾ, കളിക്കൊട്ടിൽ എന്നീ ബാലസാഹിത്യകൃതികളും കടമ്പിൻപൂക്കൾ, അവതാളങ്ങൾ എന്നീ ചെറുകഥകളും ‘ഈ ഏടത്തി നൊണേ പറയൂ’ എന്ന നാടകവും ഉപനയനം, സമാവർത്തനം എന്നീ ലേഖന സമാഹാരങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്‌.
മൂർത്തിദേവി പുരസ്‌കാരം, എഴുത്തച്ഛൻ അവാർഡ്‌, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌, കേരള സാഹിത്യഅക്കാദമി അവാർഡ്‌, വയലാർ അവാർഡ്‌, കബീർസമ്മാൻ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌. അക്കിത്തം കവിതകൾ നിരവധി ഭാരതീയ, വിദേശ ഭാഷകളിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.