കോന്നി:ഇടനില തട്ടിപ്പ് ഒഴിവാക്കി കോലിഞ്ചി കൃഷിക്ക് യഥാർത്ഥ വില ലഭ്യമാക്കാൻ കൃഷിക്കാരുടെ കൺസോർഷ്യം രൂപീകരിച്ചു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ യുടെ അഭ്യർത്ഥന പ്രകാരം കോലിഞ്ചി കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കൃഷി വകുപ്പു മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗ തീരുമാനത്തെ തുടർന്നാണ് കൺസോർഷ്യം രൂപീകരിച്ചത്.
ഉന്നതതല യോഗത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ കോലിഞ്ചി കർഷകരുടെ ഒരു കൺസോർഷ്യം രൂപീകരിക്കാൻ ജില്ലാ കൃഷി ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു.
വളരെയധികം ഔഷധ ഗുണങ്ങളുള്ള കോലിഞ്ചി കൃഷി ചെയ്യുന്ന കർഷകർ നേരിടുന്ന പ്രധാന പ്രശ്നം വിലസ്ഥിരതയില്ല എന്നതാണ്. വിളവെടുപ്പ് സമയങ്ങളിൽ പരമാവധി 60 രൂപ വരെയാണ് കർഷകർക്ക് കിലോയ്ക്ക് ലഭിക്കുക. 300 രൂപ ലഭിക്കേണ്ടിടത്താണ് അതിൻ്റെ അഞ്ചിലൊന്ന് ലഭിക്കുന്നത്.
പ്രധാന വിളയായും, ഇടവിളയായും മലയോര മേഖലയിൽ നടത്തുന്ന കോലിഞ്ചി കൃഷി ഈ മേഖലയിലെ പ്രധാന വരുമാന സ്രോതസ്സാണ്.
പത്തനംതിട്ട ജില്ലയിലെ കോന്നി, റാന്നി താലൂക്കുകളിലാണ് കോലിഞ്ചി കൃഷി വ്യാപകമായി ഉള്ളത്. ഇവിടെ സംഭരിക്കുന്ന കോലിഞ്ചി കൊച്ചിയിലെത്തിച്ച് വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കുകയാണ്.
വിദേശ രാജ്യങ്ങളിൽ മരുന്ന് നിർമ്മാണത്തിനാണ് കോലിഞ്ചി വ്യാപകമായി ഉപയോഗിക്കുന്നത്. തണുപ്പുള്ള രാജ്യങ്ങളിൽ ദാഹശമനിയായും ഉപയോഗിക്കുന്നു. ഇന്ത്യയിലും ആയുർവേദ, സിദ്ധ മരുന്നുകളിൽ കോലിഞ്ചി ഉപയോഗിക്കുന്നുണ്ട്.
നാഷണൽ മെഡിസിനൽ പ്ലാൻ്റ് ബോർഡിന്റെ ഔഷധസസ്യ ഗണത്തിൽ ഉൾപ്പെടുത്തി കോലിഞ്ചി കൃഷിക്കു സബ്സിഡി നൽകാനും മന്ത്രിതല യോഗത്തിൽ തീരുമാനിച്ചിരുന്നു. ഒരു ഹെക്ടർ കോലിഞ്ചി കൃഷിക്ക് 21644 രൂപ വീതം സബ്സിഡിയായി ലഭിക്കും.
കൃഷിപരിപാലന ചെലവ് കുറവുള്ള കോലിഞ്ചി കൃഷി ചെയ്തു മൂന്നാം വർഷമാണ് വിളവെടുപ്പ് നടത്തുന്നത് . കമ്പോള വിലവിവരപട്ടികയിൽ പ്രസിദ്ധീകാത്തതിനാൽ ഇടനിലക്കാർ നടത്തുന്ന ചൂഷണവും വന്യമൃഗശല്യവുമാണ് കോലിഞ്ചി കർഷകരെ പ്രതിസന്ധിയിൽ ആക്കുന്നത്.
ഫെബ്രുവരി മാർച്ച് ഏപ്രിൽ മാസങ്ങളിൽ ആണ് കോലിഞ്ചി വിളവെടുപ്പ്.ഈ സമയങ്ങളിൽ കോലിഞ്ചിക്കു ഇടനിലക്കാർ ന്യായവില നൽകാറില്ല. വന്യമൃഗ ശല്യങ്ങൾക്കു പുറമെ ഫംഗസ് ബാധയും കൃഷി നാശത്തിനു കാരണമാകാറുണ്ട്.
കോലിഞ്ചി വിളവെടുപ്പിനു മുൻപ് നാശനഷ്ടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനും ഉന്നതതല യോഗത്തിൽ തീരുമാനമായിരുന്നു.
നാഷണൽ മെഡിസി നൽ പ്ലാൻ്റ് ബോർഡിൽ നിന്നുള്ള സബ്സിഡി ലഭിക്കുന്നതിന് കർഷകരോട് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കൺസോർഷ്യത്തിലോ, കൃഷിഭവനിലോ, നാഷണൽ മെഡിസിനൽ പ്ലാൻ്റ് ബോർഡിൽ ഓൺലൈനായോ കൂക്ഷിക്കാർക്ക് അപേക്ഷ സമർപ്പിക്കാം. ഫീൽഡ് തല പരിശോധന നടത്തിയാണ് സബ്സിഡി അനുവദിക്കുന്നത്.
ഔഷധി കോലിഞ്ചി ശേഖരിക്കാൻ മന്ത്രി തല യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിനായി ഔഷധി അധികൃതരുമായി എം.എൽ.എയും, കൺസോർഷ്യം ഭാരവാഹികളും ചർച്ച നടത്തും.ഔഷധി നേരിട്ട് സംഭരണം നടത്തുന്നതോടെ ഇടത്തട്ട് തട്ടിപ്പുകൾ ഒഴിവാകും.
ജില്ലാ കൃഷി ഓഫീസറു അദ്ധ്യക്ഷതയിൽ നടന്ന കൺസോർഷ്യം രൂപീകരണ യോഗം അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൺസോർഷ്യം ഭാരവാഹികളായി എസ്.ഹരിദാസ് (പ്രസിഡൻ്റ്), കെ.ജി.മുരളീധരൻ (സെക്രട്ടറി), സി.ജി.മധുസൂദനൻ (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.