കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഒ.പി. പ്രവർത്തനം ആരംഭിച്ചു.രാവിലെ 8 മണിക്കു തന്നെ ചികിത്സ തേടി രോഗികളും, ക്രമീകരണങ്ങൾ വിലയിരുത്താൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയും മെഡിക്കൽ കോളേജിൽ എത്തിയിരുന്നു.
ജനറൽ ഒ.പി.യാണ് ആദ്യ ദിവസം പ്രവർത്തിച്ചത്.സാനിറ്റൈസർ നല്കി അണുവിമുക്തമാക്കിയാണ് ആളുകളെ മെഡിക്കൽ കോളേജിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്.
ഒ.പി. ടിക്കറ്റ് എടുത്ത ശേഷം ട്രയാജ് സ്റ്റേഷനിലാണ് ആദ്യം ആളുകൾ എത്തിയത്. അവിടെ പ്രഷർ, ടെംബ്രേച്ചർ തുടങ്ങിയവ പരിശോധിക്കും. തുടർന്ന് ക്രമത്തിലാണ് ഡോക്ടറെ കാണാൻ അവസരം നല്കിയത്.
ഡോ:ഷേർളി തോമസ്, ഡോ.സോണി തോമസ് തുടങ്ങിയവരാണ് ഒ.പി.യിൽ രോഗികളെ നോക്കിയത്. ഓർത്തോ വിഭാഗത്തിലെ രോഗികളെ പ്രിൻസിപ്പാൾ ഡോ: സി.എസ്.വിക്രമൻ നേരിട്ട് പരിശോധിച്ചു.
കേരളത്തിലെ അറിയപ്പെടുന്ന അസ്ഥിരോഗ വിഭാഗം ഡോക്ടറാണ് ഡോ: സി.എസ്.വിക്രമൻ.ആദ്യ ദിനത്തിൽ 88 രോഗികൾ ചികിത്സ തേടി മെഡിക്കൽ കോളേജിലെത്തി.
അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഒ.പി. പ്രവർത്തന ക്രമീകരണങ്ങൾ വിലയിരുത്തി പ്രിൻസിപ്പാളിനും, സൂപ്രണ്ടിനും ഒപ്പം രാവിലെ മുതൽ തന്നെ ഉണ്ടായിരുന്നു. എല്ലാ ക്രമീകരണങ്ങളും സുഗമമായി തന്നെ മുന്നോട്ട് പോകുന്നതായി എം.എൽ.എ പറഞ്ഞു.