ആവണിപ്പാറയിലെ ജനം സന്തോഷത്തില്‍ : ഞങ്ങള്‍ക്കും വൈദ്യുതി: നന്ദി

കോന്നി വാര്‍ത്ത : ഇത് സത്യമായ സ്നേഹം . ഞങ്ങളുടെ ആവശ്യം നിറവേറ്റി . അതും ഇടത് സര്‍ക്കാരും കോന്നി എം എല്‍ എ യും . പറയുന്നത് ഊര് മൂപ്പന്‍ . ഇനി ഞങ്ങള്‍ക്ക് മറുകര കടക്കുവാന്‍ പാലം വേണം .അതും സാധിച്ചു തരും കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ . ഇതാണ് ജനകീയ സര്‍ക്കാര്‍ . ഞങ്ങള്‍ കൂടെ ഉണ്ട് .

കോന്നി അരുവാപ്പുലം ആവണിപ്പാറ ട്രൈബല്‍ സെറ്റില്‍മെന്റില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കോളനിയില്‍ നടന്ന ചടങ്ങില്‍ അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ ദീപം കൊളുത്തി നിര്‍മാണ ഉദ്ഘാടനം നടത്തി. എംഎല്‍എ മുന്‍ കൈയെടുത്ത് അനുവദിച്ച 1.57 കോടി രൂപ ഉപയോഗിച്ചാണ് കോളനിയില്‍ വൈദ്യുതി എത്തിക്കുന്നത്.
33 കുടുംബങ്ങളാണ് കോളനിയില്‍ ഉള്ളത്. കോളനിയില്‍ വൈദ്യുത വെളിച്ചമെത്തിക്കണമെന്നത് പതിറ്റാണ്ടുകളായി കോളനി നിവാസികള്‍ ഉയര്‍ത്തിയിരുന്ന ആവശ്യമാണ്. ജനപ്രതിനിധിയായി അഡ്വ.ജനീഷ് കുമാര്‍ കോളനിയില്‍ എത്തിയപ്പോള്‍ തങ്ങള്‍ക്ക് വെളിച്ചം തരുമോ എന്ന ചോദ്യമാണ് അവര്‍ ആദ്യം ഉന്നയിച്ചത്. എംഎല്‍എ നല്‍കിയ ഉറപ്പ് യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് നിര്‍മാണ ഉദ്ഘാടനത്തിനെത്തിയ എംഎല്‍എയെ മൂപ്പന്റെയും, ഗ്രാമ പഞ്ചായത്തംഗം സിന്ധുവിന്റെയും നേതൃത്വത്തില്‍ സ്വീകരിച്ചത്.
6.8 കിലോമീറ്റര്‍ കേബിള്‍ സ്ഥാപിച്ചാണ് കോളനിയില്‍ വൈദ്യുതി എത്തിക്കുന്നത്. പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവി മുതല്‍ മൂഴി വരെ 1.8 കിലോമീറ്റര്‍ ദൂരം ഓവര്‍ ഹെഡ് എബിസി കേബിളാണ് സ്ഥാപിക്കുന്നത്. മൂഴി മുതല്‍ കോളനിക്ക് മറുകരയില്‍ അച്ചന്‍കോവില്‍ ആറിന്റെ തീരം വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദൂരം അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ ആണ് സ്ഥാപിക്കുന്നത്. ആറിനു കുറുകെയും, കോളനിക്കുള്ളിലുമായി ഒരു കിലോമീറ്റര്‍ ദൂരം എല്‍റ്റി എബിസി കേബിള്‍ ആണ് സ്ഥാപിക്കുന്നത്.
കോളനിക്കുള്ളില്‍ 31 സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. 33 ഗാര്‍ഹിക കണക്ഷനുകളും നല്‍കും. കൂടാതെ കോളനിയിലെ അംഗന്‍വാടിക്കും കണക്ഷന്‍ ലഭിക്കും. കോളനിയിലെ എല്ലാ വീടുകളും അടിയന്തിരമായി വൈദ്യുതീകരിച്ചു നല്‍കാന്‍ എംഎല്‍എ ട്രൈബല്‍ ഓഫീസര്‍ക്ക് യോഗത്തില്‍ വച്ചു തന്നെ നിര്‍ദേശം നല്‍കി. കെഎസ്ഇബി ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കി നല്‍കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.
0.272 ഹെക്ടര്‍ വനഭൂമി നിബന്ധനകള്‍ക്കു വിധേയമായി വൈദ്യുതി എത്തിക്കുന്നതിനായി വനം വകുപ്പില്‍ നിന്നും ലഭ്യമാക്കാനുള്ള തീരുമാനം എടുപ്പിക്കാന്‍ എംഎല്‍എയ്ക്ക് കഴിഞ്ഞതോടെയാണ് വനത്താല്‍ ചുറ്റപ്പെട്ട ആവണിപ്പാറ ആദിവാസി കോളനി നിവാസികള്‍ക്ക് സ്വപ്നം മാത്രമായിരുന്ന വൈദ്യുത വെളിച്ചം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞത്. പട്ടികവര്‍ഗ വകുപ്പിനെ കൊണ്ട് പണം അനുവദിപ്പിച്ചതും പ്രധാന നേട്ടമായി. ഉടന്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, വനംവകുപ്പിന്റെ ചേമ്പാല ഫോറസ്റ്റ് സ്റ്റേഷനിലും വൈദ്യുതി എത്തിച്ചു നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.
അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കോന്നി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സി. എന്‍ജിനിയര്‍ കെ.സന്തോഷ്, അസി.എക്‌സി.എന്‍ജിനിയര്‍ കെ.എ.ഗിരീഷ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ ജോണ്‍സി ജോര്‍ജ്, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി.ശരത്ചന്ദ്രന്‍, ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.സുദര്‍ശനന്‍, ഗ്രാമ പഞ്ചായത്തംഗം പി.സിന്ധു, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.അജി, കോളനി മൂപ്പന്‍ അച്ചുതന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!