ബീനയുടെ ‘ലൈഫി’ ലെ ഒന്നാം ഓണം

 

കൂലിപ്പണിക്ക് പോകുന്ന ബീനയുടെയും ടൈല്‍സ് തൊഴിലാളിയായ ഭര്‍ത്താവ് അനിലിന്റെയും ‘ലൈഫി’ലെ ഒന്നാം ഓണമാണ് ഇക്കുറി ആഘോഷിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലൈഫിലെ വീട്ടില്‍ ഒന്നാം ഓണം ആലോഷിക്കാനുള്ള എല്ലാവിധ തയാറെടുപ്പുകളും പൂര്‍ത്തിയായ സന്തോഷത്തിലാണ് ഈ കൊച്ചു കുടുംബം. ‘ലൈഫി’ലെ വീട്ടുമുറ്റത്ത് അത്തപൂക്കളം വിരിഞ്ഞു, ഊഞ്ഞാലും തയാറായിക്കഴിഞ്ഞു.
രണ്ടു മുറി മാത്രമുള്ള ഒരു കൊച്ചു വീട്ടിലായിരുന്നു പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ അതിരുങ്കല്‍ ഇന്ദിരാവിലാസം ബീനയും ഭര്‍ത്താവ് അനിലും രണ്ടു മക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള വീട് ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നു വീണു. വീട് തകര്‍ന്നതിനെ തുടര്‍ന്ന് നാലു വര്‍ഷത്തോളം ഷെഡ് കെട്ടി താമസിച്ചു. അങ്ങനെ ദുരിതമനുഭവിക്കുമ്പോഴാണ് ‘ലൈഫ് പദ്ധതി’യെ പറ്റി ബീന അറിയുന്നത്. ഇതേതുടര്‍ന്ന് കലഞ്ഞൂര്‍ പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനില്‍ അപേക്ഷ നല്‍കി. ഗഡുക്കളായി സര്‍ക്കാര്‍ നല്‍കിയ നാലു ലക്ഷം രൂപയും സ്വന്തമായി സ്വരുക്കൂട്ടിയ കുറച്ച് തുകയുമിട്ട് അഞ്ച് സെന്റ് സ്ഥലത്ത് ഭവനമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഈ കുടുംബം.
രണ്ടു മുറികളും, ഹാളും, സിറ്റ് ഔട്ടും, അടുക്കളയും, വര്‍ക്ക് എരിയയും, ടോയ്ലറ്റുമുള്ള സുന്ദരമായ ‘ലൈഫ്’ വീട്ടില്‍ താമസിക്കുന്ന ബീനയും കുടുംബവും സംസ്ഥാന സര്‍ക്കാരിന് അകമഴിഞ്ഞ നന്ദി പറയുന്നു. ‘സ്വന്തമായി ഒരു വീട്, അത് സര്‍ക്കാര്‍ തന്നതാണ്’ എന്ന് നാല്‍പ്പത് വയസുകാരിയായ ബീന പറയുന്നു. ബീനയ്ക്കും അനിലിനും പ്ലസ് വണിനും എട്ടാം ക്ലാസിലും പഠിക്കുന്ന മക്കളായ നവനീതിനും നവജിത്തിനും സുരക്ഷിതമായി കഴിയാനും ഓണം ആഘോഷിക്കാനും ഇപ്പോള്‍ ഒരു വീടുണ്ട്. സ്വന്തമായി ഒരു മേല്‍വിലാസവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!