Trending Now

ലൈഫ് മിഷന്‍ പദ്ധതി: അപേക്ഷ സമര്‍പ്പിക്കുവാനുള്ള തീയതി സെപ്റ്റംബര്‍ 9 വരെ ദീര്‍ഘിപ്പിച്ചു

 

2017 ല്‍ തയാറാക്കിയ ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടാതെപോയവര്‍ക്കും പുതിയതായി അര്‍ഹത നേടിയവര്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം സെപ്റ്റംബര്‍ 9 വരെ ദീര്‍ഘിപ്പിച്ചു. ആഗസ്റ്റ് 1ന് ആരംഭിച്ച അപേക്ഷ സമര്‍പ്പണമാണ് ഇപ്പോള്‍ വീണ്ടും ദീര്‍ഘിപ്പിച്ചിട്ടുള്ളത്. ഭൂമിയുള്ളവര്‍ക്ക് വീടിനായും ഭൂമിയില്ലാത്തവര്‍ക്ക് സ്ഥലും വീടും ലഭിക്കുന്നതിനായും അപേക്ഷിക്കാം. അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനായി സമര്‍പ്പിക്കണം. നേരിട്ട് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
അപേക്ഷകന്‍ സ്ഥിരതാമസമുള്ള തദ്ദേശസ്ഥാപനത്തിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകന്, സ്വന്തമായോ തദ്ദേശസ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്‌ക്കുകള്‍ മുഖേനയോ അക്ഷയ മുതലായ സേവനകേന്ദ്രങ്ങളിലൂടെയോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകൂടി ഉണ്ടായിരിക്കണം. പട്ടികവിഭാഗങ്ങള്‍ ജാതി സര്‍ട്ടിഫിക്കറ്റുംഭൂരഹിതര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുത്തണം.
ഇതിനോടകം 6,55,567 അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞുവെങ്കിലും അര്‍ഹരായ മുഴുവന്‍ പേര്‍ക്കും അപേക്ഷിക്കുവാനുള്ള അവസരം നല്‍കുവാനായിട്ടാണ് സമയംദീര്‍ഘിപ്പിച്ചത്. കണ്ടെയിന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടതും വില്ലേജുകളില്‍നിന്നും വസ്തു സംബന്ധിച്ച സാക്ഷ്യപത്രം ലഭിക്കുവാന്‍ താമസമുണ്ടായതുംകൂടി കണക്കിലെടുത്താണു സമയം ദീര്‍ഘിപ്പിച്ചു നല്‍കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ നിന്നും ഇതിനോടകം ലഭിച്ചിട്ടുള്ളത് 19,420 അപേക്ഷകളാണ്. ഇതില്‍ 14037 അപേക്ഷകള്‍ ഭൂമിയുള്ളവരുടെയും 5383 ഭൂരഹിതരുടെയുമാണ്. ഇവരില്‍ 3257 കുടുംബങ്ങള്‍ പട്ടികജാതിയിലും 296 കുടുംബങ്ങള്‍ പട്ടികവര്‍ഗത്തിലുംപെട്ടവരാണ്.
പദ്ധതിയതിലേക്ക് അപേക്ഷിക്കുവാനുള്ള മാനദണ്ഡങ്ങളില്‍ പ്രധാനപ്പെട്ടത് റേഷന്‍ കാര്‍ഡില്‍പെട്ട കുടുംബാംഗങ്ങളില്‍ ആരുടെപേരിലും വാസയോഗ്യമായ വീട് നിലവില്‍ ഉണ്ടാകരുത് എന്നതാണ്. 2020 ജൂലൈ 1ന് മുമ്പുള്ള റേഷന്‍കാര്‍ഡ് അടിസ്ഥാനമാക്കിയാണ് ഈ കാര്യം പരിശോധിക്കുന്നത്. എന്നാല്‍ പട്ടികജാതി പട്ടികവര്‍ഗ, മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ഈ കാര്യത്തില്‍ ഇളവുണ്ട്. ഇവരുടെ നിലവിലെ വീട്ടില്‍ ഒന്നിലധികം കുടുംബങ്ങള്‍ ഉണ്ടെങ്കിലും അവര്‍ക്ക് വീടിനായോ സ്ഥലത്തിനും വീടിനുമായോ അപേക്ഷ നല്‍കാം.
മറ്റൊരു പ്രധാന നിബന്ധന വാര്‍ഷിക കുടുംബവരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയരുത് എന്നതാണ്. കൂടാതെ കുടുംബത്തിനു സ്വന്തമായുള്ള ഭൂമി നഗരപ്രദേശങ്ങളില്‍ 5 സെന്റിലും ഗ്രാമ പ്രദേശങ്ങളില്‍ 25 സെന്റിലും കവിയരുത്. ഈ വ്യവസ്ഥ പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്കു ബാധകമല്ല.
സമര്‍പ്പിക്കപ്പെടുന്ന മുഴുവന്‍ അപേക്ഷകളും തദ്ദേശസ്ഥാപനം നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്ത്‌ചെന്ന് പരിശോധിക്കും. പരിശോധന റിപ്പോര്‍ട്ടുകളും ഫോട്ടോകളും ഓണ്‍ലൈനായിതന്നെ സമര്‍പ്പിക്കുവാനാണു നിര്‍ദ്ദേശിച്ചിട്ടുള്ളത്. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തദ്ദേശസ്ഥാപനങ്ങളില്‍ കരട് പട്ടിക പ്രസിദ്ധീകരിക്കും. പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി/ മുനിസിപ്പല്‍ സെക്രട്ടറിക്ക് ആദ്യ അപ്പീല്‍ നല്‍കാം. ആദ്യ അപ്പീല്‍ തീരുമാനത്തില്‍ ആക്ഷേപമുള്ളവര്‍ക്ക് ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം. ഇവയും തീര്‍പ്പാക്കിയ ശേഷം അന്തിമ പട്ടിക ഗ്രാമ/വാര്‍ഡ് സഭകളുടെ അംഗീകാരത്തിന് സമര്‍പ്പിക്കുകയും തുടര്‍ന്ന് നിര്‍വഹണം ആരംഭിക്കുന്നതുമാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!