ജില്ലയിലെ ആദ്യ മൊബൈല്‍ മെഡിക്കല്‍ ആന്‍ഡ് സര്‍വൈലന്‍സ്  യൂണിറ്റ് ഫ്‌ളാഗ് ഓഫ് ചെയ്തു

 

ജില്ലയിലെ ആദ്യ മൊബൈല്‍ മെഡിക്കല്‍ ആന്‍ഡ് സര്‍വൈലന്‍സ് യൂണിറ്റ് ജില്ലാ കളക്ടര്‍ പി.ബി നൂഹ് കളക്ടറേറ്റില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കോവിഡ് രോഗമില്ലാത്ത എന്നാല്‍ ഇത് പെട്ടെന്ന് വരാന്‍ സാധ്യതയുള്ളവരുടെ അടുത്തെത്തി അവര്‍ക്ക് നിലവിലുള്ള രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുകയാണു മൊബൈല്‍ മെഡിക്കല്‍ ആന്‍ഡ് സര്‍വൈലന്‍സ് യൂണിറ്റിന്റെ ലക്ഷ്യം.
ജീവിത ശൈലീ രോഗമുള്ളവര്‍ക്കും പ്രായമായവര്‍ക്കുമായാണ് ഇവ പ്രവര്‍ത്തിക്കുക. വാഹനത്തില്‍ ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, അറ്റന്‍ഡര്‍ ഉള്‍പ്പടെ നാലു പേരാണുണ്ടാകുക. ഹീമോഗ്ലോബിനോ മീറ്റര്‍, വിവിധ പകര്‍ച്ചവ്യാധി ടെസ്റ്റ് കിറ്റുകള്‍ തുടങ്ങിയവ വാഹനത്തിലുണ്ടാകും. ആദിവാസി ഊരുകളും ഉള്‍നാടന്‍ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണു യൂണിറ്റ് പ്രവര്‍ത്തിക്കുക. 20 സ്ഥലങ്ങളിലാണ് യൂണിറ്റ് എത്തുന്നത്. തണ്ണിത്തോട് പൂച്ചക്കുളത്താണ് ആദ്യ പരിശോധന നടത്തുന്നത്.
വീടുകളില്‍ നിന്ന് പ്രായമുള്ളവര്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കാനുള്ള സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ മെഡിക്കല്‍ ആന്‍ഡ് സര്‍വൈലന്‍സ് യൂണിറ്റ് സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ ഹെല്‍ത്ത് മിഷനോടൊപ്പം(എന്‍.എച്ച്.എം) ചേര്‍ന്ന് നടപ്പിലാക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ യൂണിറ്റുകള്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍.എച്ച്.എം ഡി.പി.എം:ഡോ.എബി സുഷന്‍, മാസ് മീഡിയ ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!