ഓണാഘോഷം: മാര്‍ഗനിര്‍ദേശങ്ങളുമായി പോലീസ്

 

കോവിഡ് 19 പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഓണത്തോട് അനുബന്ധിച്ച് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ജില്ലാ പോലീസ്. പൊതുവായ ഓണാഘോഷപരിപാടികള്‍ അനുവദിക്കില്ലെന്നും വീടുകളിലും ആരാധനാലയങ്ങളിലുമായി ഒതുക്കണമെന്നും ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു.
കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കണം. ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവയ്ക്ക് ആഘോഷപരിപാടികള്‍ നടത്താന്‍ അനുവാദം നല്‍കില്ല. ചതയദിനത്തോടനുബന്ധിച്ചുള്ള ഘോഷയാത്രകള്‍ക്കും അനുമതി നല്‍കില്ല. ഓണസദ്യ ഒരുക്കുമ്പോള്‍ കോവിഡ് പ്രോട്ടോകോള്‍ ശ്രദ്ധിക്കണം. സാമൂഹിക അകലം പാലിക്കുകയും ശുചിത്വ മാനദണ്ഡങ്ങള്‍ അനുസരിക്കുകയും വേണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കോവിഡ് നിബന്ധനകള്‍ പാലിച്ചു അംഗീകൃത മത്സ്യമാര്‍ക്കറ്റുകള്‍ക്കു പ്രവര്‍ത്തിക്കാം. വഴിയോരക്കച്ചവടം നിരോധിച്ചതിനാല്‍ ലംഘനങ്ങളുണ്ടാകാതെ നോക്കണമെന്ന് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. വഴിയോര മത്സ്യക്കച്ചവടവും വീടുവീടാന്തരം വാഹനമാര്‍ഗമോ തലച്ചുമടായോ ഉള്ള കച്ചവടവും അനുവദിക്കില്ല. ഓണവിപണികളും സ്ഥിരവിപണികളും തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതരുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കണം. സ്ഥാപനങ്ങള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. കടകള്‍ക്കുള്ളില്‍ അനുവദനീയ എണ്ണം ആളുകളെ നിര്‍ത്തുകയും പുറത്തു കാത്തുനില്കുന്നവര്‍ക്കു സ്ഥലം മാര്‍ക്ക് ചെയ്തു കൊടുക്കുകയും വേണം. വരുന്നവര്‍ക്ക് സാനിറ്റൈസര്‍ ലഭ്യമാക്കുന്നതിനായി സ്റ്റാഫിനെ ഉടമ നിയോഗിക്കണം. ജീവനക്കാരും സാധനം വാങ്ങാനെത്തുന്നവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. പ്രോട്ടോകോള്‍ ലംഘനമുണ്ടായാല്‍ ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.
ഷോപ്പിംഗ് കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ കൈകള്‍ വൃത്തിയാക്കണം. അടുത്തബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേരുന്ന വിശേഷാവസരമായ ഓണദിനങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കണം.
വീടുകളില്‍ വരുന്നവര്‍ കൃത്യമായും പ്രോട്ടോകോള്‍ പാലിക്കുന്നുവെന്നു ആളുകള്‍ ഉറപ്പാക്കണം. സന്ദര്‍ശകരുടെ ലിസ്റ്റ് കടയുടമകള്‍ ഉള്‍പ്പെടെ എല്ലാവരും സൂക്ഷിക്കണം. മുതിര്‍ന്ന പൗരന്‍മാര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ രോഗഭീഷണിയുള്ളവരാകയാല്‍ അവരുമായി അടുത്ത ഇടപഴകല്‍ ഒഴിവാക്കണം.
കോവിഡ് 19 മായി ബന്ധപ്പെട്ടു നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും കൊറോണ വൈറസ് പടരാതിരിക്കുമെന്ന് ഉറപ്പുള്ള ഒരു സ്ഥലവുമില്ലെന്നും ആര്‍ക്കും ആരിലേക്കും പകര്‍ത്താന്‍ കഴിയുന്നതാണെന്നും ജില്ലാപോലീസ് മേധാവി ഓര്‍മിപ്പിച്ചു.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുകയും അവശ്യ സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ മാത്രമേ തുടര്‍ന്നും അനുവദിക്കൂ. ഓണത്തിരക്കു നിയന്ത്രിക്കാന്‍ പോലീസിന്റെ പൂര്‍ണ സാന്നിധ്യം ഉറപ്പാക്കാന്‍ എല്ലാ എസ് എച്ച് ഒ മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. ജനങ്ങള്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ചുള്ള ബോധവത്കരണത്തിന് അനൗണ്‍സ്മെന്റ് തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.
ഓണദിനങ്ങളിലെ ഗതാഗത നിയന്ത്രണങ്ങള്‍ക്കു പുറമെ, കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങളുടെ പരിശോധനയും നടത്തിവരുന്നതായും ജില്ലാപോലീസ് മേധാവി പറഞ്ഞു. സ്റ്റേഷന്‍ പരിധികളില്‍ തിരക്ക് നിയന്ത്രിക്കാനും പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തി ഗതാഗതക്കുരുക്കൊഴിവാക്കാനും പോലീസിനെ വിന്യസിക്കാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. മാര്‍ക്കറ്റ്, ബാങ്കുകള്‍ തുടങ്ങിയ ഇടങ്ങളുമായി ബന്ധപ്പെട്ട ഗതാഗത കുരുക്ക് നിയന്ത്രിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഓണദിനങ്ങളിലും തുടര്‍ന്നും അനധികൃത ലഹരിയുത്പന്നങ്ങളുടെ വില്പന കര്‍ശനമായി തടയുമെന്നും ഇത്തരം വില്പന ശ്രദ്ധയില്‍പെട്ടാല്‍ അടുത്ത പോലീസ് സ്റ്റേഷനിലോ 1090 ലോ വിളിച്ചറിയിക്കാമെന്നും അടിയന്തര സന്ദര്‍ഭങ്ങളില്‍ പോലീസ് സഹായത്തിനു 112 എന്ന ഹെല്‍്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടിയെടുക്കുന്നതു തുടരുന്നു. ഇന്നലെ 49 കേസുകളിലായി 48 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 349 പേര്‍ക്കെതിരെ നോട്ടീസ് നല്‍കിയതായും സാമൂഹിക അകലം പാലിക്കാത്തതിന് 207 ആളുകള്‍ക്കെതിരെ നടപടി എടുത്തതായും ജില്ലാപോലീസ് മേധാവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!