കോവിഡ് 19: പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പോലീസ് പ്രതിജ്ഞ

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരിയെ തടുത്തു നിര്‍ത്തുമെന്നും രോഗബാധിതരെയും മുക്തരെയും ഒപ്പം നിര്‍ത്തി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്ന് പ്രതിജ്ഞയെടുത്തു പോലീസ്.
പത്തനംതിട്ട ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലെയും പ്രധാന ജംഗ്ഷനുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകം പൊതുജനങ്ങള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ള ആളുകള്‍ ഏറ്റുചൊല്ലി. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നിബന്ധനകളും പാലിച്ചായിരുന്നു പ്രതിജ്ഞയെടുക്കല്‍.
സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചും, പ്രോട്ടോകോള്‍ നിബന്ധനകളും നിയന്ത്രണങ്ങളും സ്വമേധയാ അനുസരിച്ചും സമൂഹത്തിനോടുള്ള കടമ നിറവേറ്റേണ്ടതിന്റെ അനിവാര്യത ഉള്‍ക്കൊണ്ടാണ് പോലീസ് സംസ്ഥാനമൊട്ടുക്കും ഇത്തരമൊരു തീരുമാനം നടപ്പാക്കിയത്. ഇതിന്റെ ഭാഗമായാണ് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലെയും പ്രധാന സ്ഥലങ്ങളില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
രോഗബാധിതരെയോ കുടുംബത്തെയോ ഒരുതരത്തിലും ഒറ്റപ്പെടുത്താനോ മാറ്റിനിര്‍ത്താനോ അനുവദിക്കാതെ അവരെ ഒപ്പം ചേര്‍ത്ത് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടത്തോടും ആരോഗ്യവകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി നടത്തിയ പ്രതിജ്ഞയില്‍ പങ്കെടുത്ത എല്ലാ വിഭാഗം ജനങ്ങള്‍ക്കും നന്ദി പറയുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!