കോവിഡില്‍ കുടുംബങ്ങളിലേക്ക് എത്തി അങ്കണവാടികള്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച് ആറു മാസം പിന്നിടുമ്പോഴും രോഗത്തെ പ്രതിരോധിക്കാനായി രാപ്പകല്‍ അധ്വാനിക്കുന്ന നിരവധി ഉദ്യോഗസ്ഥര്‍ നമ്മുക്ക് ചുറ്റുമുണ്ട്. ഏത് പ്രതിസന്ധിയിലും തങ്ങളുടെ ജോലി കൃത്യതയോടെ ചെയ്യുക എന്നതു മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഇത്തരത്തില്‍ കോവിഡിലും സൂപ്പര്‍ ആക്ടീവ് ആയി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് സംസ്ഥാന വനിത ശിശു വികസന വകുപ്പിനു കീഴിലെ ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍. ഐ.സി.ഡി.എസ് എന്നു പറയുമ്പോള്‍ പലര്‍ക്കും അത്രപെട്ടെന്ന് മനസിലാകണമെന്നില്ല. എന്നാല്‍ അങ്കണവാടി പ്രവര്‍ത്തകര്‍ എന്നു പറയുകയാണെങ്കില്‍ എല്ലാവര്‍ക്കും സുപരിചിതരായവര്‍ തന്നെ. ഐ.സി.ഡി.എസിനു കീഴില്‍ വരുന്ന ഒരു വിഭാഗം ആളുകളാണ് അങ്കണവാടി പ്രവര്‍ത്തകര്‍.

കോവിഡ് 19 സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നതുവരെ എല്ലാ മാസവും അതത് അങ്കണവാടികളുടെ പരിധിയില്‍ ഉള്‍പ്പെട്ട വീടുകളില്‍ നേരിട്ടെത്തി പ്രവര്‍ത്തകര്‍ വിവരങ്ങള്‍ ശേഖരിച്ചിക്കുകയും ഗുണഭോക്താക്കള്‍ അങ്കണവാടികളില്‍ എത്തി അവരുടെ ആനുകൂല്യം കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാല്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയും പ്രതിരോധമെന്നോണം ആളുകള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന നിര്‍ദ്ദേശം വരികയും ചെയ്ത സാഹചര്യത്തില്‍ ‘അങ്കണവാടികള്‍ കുടുംബങ്ങളിലേക്ക്’ എത്തി പ്രവര്‍ത്തനം തുടര്‍ന്നു. മുമ്പ് ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും കൗമാരക്കാരുടെയും നവദമ്പതിമാരുടെയും മറ്റും വിവരങ്ങള്‍ വീടുകളില്‍ എത്തി ശേഖരിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു എങ്കില്‍ ഇപ്പോള്‍ സ്മാര്‍ട്‌ഫോണിന്റെ സഹായത്തോടെ സേവനങ്ങള്‍ ഗുണഭോക്താക്കളില്‍ എത്തിക്കുകയാണ് സംസ്ഥാനത്തെ ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍.
നാഷണല്‍ ന്യൂട്രീഷന്‍ മിഷന്റെ ഭാഗമായി 2019-ല്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പുഷ്ട കേരളം പദ്ധതി ആവിഷ്‌കരിച്ചിരുന്നു. പദ്ധതിയിലൂടെ ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൗമാരക്കാര്‍ തുടങ്ങിയവര്‍ക്കാണ് ആനുകൂല്യം ലഭ്യമാകുന്നത്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി എല്ലാ അങ്കണവാടികളിലേക്കും വിവരശേഖരണത്തിനായി സ്മാര്‍ട് ഫോണുകളും കൈമാറിയിരുന്നു. ഈ സ്മാര്‍ട്‌ഫോണുകളുടെ സഹായത്തോടെ ഓണ്‍ലൈനായിട്ടാണ് കുടുംബങ്ങളിലേക്ക് അങ്കണവാടി എന്ന പദ്ധതി നടത്തിവരുന്നത്.
അതത് അങ്കണവാടികള്‍ക്ക് കീഴില്‍ വരുന്ന ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുകയും അതുപ്രകാരം എല്ലാ മാസവും ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ വാട്‌സ്ആപ്പ് വീഡിയോ കോള്‍ വഴി നല്‍കുകയും ചെയ്യുന്നു.
ജൂണ്‍ മാസത്തില്‍ ആരംഭിച്ച പദ്ധതിയില്‍ ഓരോ മാസവും ഐ.സി.ഡി.എസിനും കീഴിലെ ഓരോ വിഭാഗം ഗുണഭോക്താക്കള്‍ക്കാണ് സേവനം നല്‍കി വരുന്നതെന്ന് പത്തനംതിട്ട ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ നിഷ നായര്‍ പറഞ്ഞു. ജൂണ്‍ മാസത്തില്‍ പദ്ധതിയുടെ ഭാഗമായ സാമൂഹിക അധിഷ്ഠിത പരിപാടിയായ ദമ്പതി സംഗമം പരിപാടിയിലൂടെ നവ ദമ്പതികള്‍ക്ക് ആവശ്യമായ കൗണ്‍സിലിങ്ങും നിര്‍ദേശങ്ങളും നല്‍കി. ജൂലൈയില്‍ ഗര്‍ഭിണികളെ വീഡിയോ കോള്‍ മുഖേന ബന്ധപ്പെടുകയും അവരുടെ ആരോഗ്യവിവരങ്ങള്‍ അറിയുകയും ആവശ്യമായ സേവനങ്ങളും നിര്‍ദ്ദേശങ്ങളും ക്ലാസുകളും നല്‍കുകയും ചെയ്തു.
മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് ആഗസ്റ്റില്‍ മുലയൂട്ടുന്ന അമ്മമാര്‍ക്കാണ് ഓണ്‍ലൈന്‍ വഴി സേവനം ലഭ്യമാക്കുന്നത്. ഈ പദ്ധതിയ്ക്കുപുറമേ ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍ ചെയ്തു വന്നിരുന്ന എല്ലാ ജോലികളും സമാന്തരമായി ഇതോടൊപ്പം ചെയ്യുന്നുമുണ്ടെന്നും പ്രോഗ്രാം ഓഫീസര്‍ പറഞ്ഞു. പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തി വരുന്ന ഓണ്‍ലൈന്‍ ക്ലാസുകളും ഇതില്‍ ഉള്‍പ്പെടുന്നു.
പത്തനംതിട്ട ജില്ലയില്‍ അഞ്ച് മിനി അങ്കണവാടികള്‍ ഉള്‍പ്പടെ 1389 അങ്കണവാടികളാണുള്ളത്. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ എല്‍.ഷീബയുടെ നേതൃത്വത്തില്‍ ഐ.സി.ഡി.എസിനു കീഴില്‍ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലായി 12 ചൈല്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍മാരും ഗ്രാമപഞ്ചായത്തുകളിലെ സൂപ്പര്‍വൈസര്‍മാരും അങ്കണവാടികളിലെ ഉദ്യോഗസ്ഥരും ഹെല്‍പ്പര്‍മാരും കോവിഡ് കാലത്തും സേവനങ്ങളില്‍ മുടക്കം വരുത്താതെ ജീവന്റെ വിലയുള്ള ജാഗ്രതയോടെ പ്രവര്‍ത്തിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!