പക്ഷാഘാത ചികിത്സയിൽ അപൂർവ്വ നേട്ടവുമായി മേയ്ത്ര :  ഇന്ത്യയിൽ ഇതാദ്യം

“കേരളത്തിലെ പക്ഷാഘാത രോഗികളിൽ പത്ത് ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ശരിയായ സമയത്ത് ചികിത്സ ലഭിക്കുന്നത് ” 

കോന്നി വാര്‍ത്ത ഡോട്ട് കോം : പക്ഷാഘാതം മൂലം ശരീരത്തിന്‍റെ ഒരു വശം പൂർണ്ണമായും തളർന്ന വിദേശ വനിതയ്ക്ക് ഒരു മാസത്തിന് ശേഷം നടത്തിയ ന്യൂറോ ഇന്റർവെൻഷൻ ചികിത്സയിലൂടെ അപൂർവ്വ നേട്ടം കൈവരിച്ച് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ.

എൻ‌ഡോവാസ്കുലർ റിവാസ്കുലറൈസേഷൻ അഥവാ എൻ‌ഡോവാസ്കുലർ ഇൻട്രാക്രാനിയൽ സിടിഒ ആൻജിയോപ്ലാസ്റ്റി ആൻഡ് സ്റ്റെന്റിംഗ് എന്ന അത്യാധുനിക പിൻഹോൾ പ്രൊസീജിയറിലൂടെയാണ് പക്ഷാഘാതത്തിൽ സംസാരശേഷി നഷ്ടമാവുകയും ശരീരത്തിന്‍റെ വലതുഭാഗം പൂർണ്ണമായും തളർന്നു കിടപ്പിലാവുകയും ചെയ്ത ഒമാനിൽ നിന്നുള്ള 64 വയസ്സുള്ള ഷംസ മുഹമ്മദ് ഹിലാൽ അൽ ബലൂഷിയ്ക്ക് പുതുജീവൻ ലഭിച്ചത്.

രക്തത്തിലെ പ്ലേറ്റ് ലെറ്റുകൾ കുറയുന്ന അസുഖമായ ഇഡിയൊപതിക് ത്രോംബോസൈറ്റോപീനിക് പർപൂറ( ഐടിപി) എന്ന അസുഖവും രോഗിയ്ക്കുള്ളതിനാൽ ചികിത്സയ്ക്ക് അപകടസാധ്യത കൂടുതലായിരുന്നെങ്കിലും വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ന്യൂറോ ഇന്റെർവെൻഷനു നേതൃത്വം നൽകിയ സീനിയർ കൺസൾട്ടന്റ്-എൻ‌ഡോവാസ്കുലർ, ന്യൂറോ & ബോഡി ഇന്റെർവെൻഷൻസ് ഡോക്ടർ മുഹമ്മദ് റഫീക്ക് പി.കെ പറഞ്ഞു .

പക്ഷാഘാതത്തിന് ഒരു മാസത്തിനുശേഷം, തലച്ചോറിലെ പ്രധാന രക്തക്കുഴൽ മുഴുവനായും അടഞ്ഞുപോയ അതിസങ്കീർണ്ണമായ അവസ്ഥയിലുള്ള രോഗിയ്ക്ക് വിജയകരമായി ന്യൂറോ ഇന്റെർവെൻഷൻ പൂർത്തിയാക്കുന്നത് ഇന്ത്യയിൽത്തന്നെ ആദ്യത്തെ സംഭവമാണെന്നും വിദഗ്ധമായ കൂടുതൽ പഠനങ്ങൾക്ക് ഇത് വഴി വയ്‌ക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തലച്ചോറിനകത്തെ പൂർണ്ണമായും അടഞ്ഞ കരോട്ടിഡ് ധമനിയും ദുർബലമായ രക്തചംക്രമണവും തലച്ചോറിലെ കോശങ്ങളുടെ വൈകല്യവുമെല്ലാം ഡോക്ടർമാർക്കുള്ള കടുത്ത വെല്ലുവിളികളായിരുന്നു. ഏതു സമയത്തും രക്തസ്രാവം ഉണ്ടാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാവുന്ന അതിസങ്കീർണ്ണമായ പ്രക്രിയ മൂന്നുമണിക്കൂറോളം സമയമെടുത്താണ് ഡോക്ടർമാർ പൂർത്തിയാക്കിയത്. തലച്ചോറിനുള്ളിൽ പൂർണ്ണമായും അടഞ്ഞ പ്രധാന ധമനികളെ തുറക്കുവാൻ മേയ്ത്രയിലെ വിദഗ്ധ ഡോക്ടർമാർക്ക് സാധിച്ചു.

കേരളത്തിലെ പക്ഷാഘാത രോഗികളിൽ പത്ത് ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ശരിയായ സമയത്ത് ചികിത്സ ലഭിക്കുന്നത്. ചികിത്സാരീതികളെക്കുറിച്ചുള്ള അജ്ഞതയാണ് ഇതിനു കാരണം. ഹൃദയാഘാതത്തിനു പോലെത്തന്നെ പക്ഷാഘാതത്തിനും സമയാധിഷ്ഠിതമായ ചികിത്സകൾ ലഭ്യമാണെന്നുള്ള അവബോധം ജനങ്ങൾക്കുണ്ടാകേണ്ടത് ആവശ്യമാണെന്നും സിഇഒ ഡോക്ടർ പി. മോഹനകൃഷ്ണൻ പറഞ്ഞു.
പക്ഷാഘാതം വന്നു മിനിറ്റുകള്‍ക്കുള്ളില്‍ മസ്തിഷ്‌കകോശങ്ങള്‍ നിര്‍ജ്ജീവമായി തുടങ്ങുന്നതിനാൽ അടിയന്തിര വൈദ്യസഹായമാണ് രോഗികളിൽ നിർണ്ണായകമായിട്ടുള്ളത്. ആദ്യ നാലര മണിക്കൂറിനുള്ളിൽ നടത്തുന്ന ത്രോംബോലൈസിസ് ചികിത്സാരീതിയിലൂടെ മാറ്റാന്‍ പറ്റാത്ത വലുപ്പമുള്ള രക്തക്കട്ടകള്‍ മാറ്റുന്നതിന് രക്തധമനിവഴി ഒരു കത്തീറ്റര്‍ കടത്തി രക്തക്കട്ട നീക്കം ചെയ്യുന്ന ചികിത്സാ രീതിയാണ് എൻ‌ഡോവാസ്കുലർ റിവാസ്കുലറൈസേഷൻ. രോഗം വന്ന് 24 മണിക്കൂറിനുള്ളിലാണ് സാധാരണയായി ഇത്തരം ചികിത്സാരീതികളെല്ലാം തന്നെ ഫലപ്രദമാവുക. എന്നാൽ, പക്ഷാഘാതത്തിനുശേഷം പൂർണ്ണമായും കിടപ്പിലായ ഷംസ മുഹമ്മദ് ഒരു മാസത്തിനു ശേഷമാണ് ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലൊന്നായ മേയ്ത്രയിൽ ചികിത്സയ്‌ക്കെത്തിയത്.
ന്യൂറോ ഇന്റെർവെൻഷനു ശേഷമുള്ള ആദ്യ ആഴ്ചയിൽ തന്നെ ഷംസ മുഹമ്മദിൽ ശ്രദ്ധേയമായ മാറ്റങ്ങളാണ് ഉണ്ടായത്. അവർ ആശയവിനിമയങ്ങളോട് പ്രതികരിക്കാനും ചെറിയ വാക്കുകൾ സംസാരിക്കാനും രണ്ടാഴ്‌ചയ്ക്കുള്ളിൽത്തന്നെ പരസഹായത്തോടെ നടക്കാനും തുടങ്ങി.

ഇന്ത്യയിൽ ആദ്യമായി ഇൻട്രാക്രാനിയൽ സിടിഒ ആൻജിയോപ്ലാസ്റ്റി & സ്റ്റെന്റിംഗ് നടത്തുകയും രാജ്യത്ത് എക്സ്ക്ലൂസീവ് 4D റോബോട്ടിക് നാവിഗേഷനു കീഴിൽ ഇൻട്രാക്രാനിയൽ ഇന്റെർവെൻഷൻ നടത്തുന്ന ആദ്യ വ്യക്തിയുമാണ് ഡോക്ടർ മുഹമ്മദ് റഫീക്ക് പി.കെ. ചെയ൪മാ൯-സെന്റ൪ ഓഫ് ന്യൂറോ സയ൯സസ് ഡോക്ടർ കെ എ സലാം, സീനിയർ കൺസൾട്ടന്റ്-ന്യൂറോളജി ഡോക്ടർ അഷ്‌റഫ് വി വി, ന്യൂറോ അനസ്‌തേഷ്യോളജിസ്റ്റുകളായ ഡോക്ടർ എ വി കണ്ണ൯, ഡോക്ടർ ഗോപാൽ, ഡോക്ടർ നിതിൻ, ഡോക്ടർ സ്മേര, ഹെമറ്റോളജിസ്റ്റ് തുടങ്ങി വിദഗ്ധ ഡോക്ടർമാരും ചികിത്സാ സംഘത്തിലുണ്ടായിരുന്നു.

മികവിന്‍റെ കേന്ദ്രമായ ‘മേയ്ത്ര ന്യൂറോ സയൻസ്’ വിഭാഗത്തിലെ റോബോട്ടിക് കാത്ത് ലാബ് ഉൾപ്പടെയുള്ള ലോകോത്തരനിലവാരത്തിലുള്ള ആധുനിക സജ്ജീകരണങ്ങളുടെ മികവും ശസ്ത്രക്രിയയുടെ വിജയത്തിന് കാരണങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!